കേരളത്തില്‍ നിക്ഷേപാനുകൂല സാഹചര്യങ്ങള്‍ കൂടുതല്‍: മന്ത്രി ബാലഗോപാല്‍
Sunday, February 23, 2025 1:00 AM IST
കൊച്ചി: സംസ്ഥാനത്ത് നിക്ഷേപാനുകൂല സാഹചര്യങ്ങള്‍ ഇപ്പോള്‍ കൂടുതലാണെന്ന് ധനമന്ത്രി എ.എന്‍. ബാലഗോപാല്‍. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കി കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകണമെന്ന അഭിപ്രായമാണ് സര്‍ക്കാരിന് ഉണ്ടായിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ വ്യവസായ നിക്ഷേപത്തിന് പലതരത്തിലുള്ള അനുകൂല സാഹചര്യങ്ങളാണുള്ളത്. നോളജ് ഇക്കണോമി ഇത്രയധികം വര്‍ധിച്ച സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
ടെക്നോളജിയില്‍ വലിയ വികസനമാണ് സംസ്ഥാനത്തുള്ളത്. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ കാലത്ത് റോഡ്, വിമാനത്താവളം, തുറമുഖം എന്നിവയില്‍ വലിയ രീതിയിലുള്ള വികസനം ഉണ്ടായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം ഇത്തരത്തില്‍ വലിയതാണ്. ഇതുപോലെ അനുകൂലമായ പല സാഹചര്യങ്ങളും സംസ്ഥാനത്തുണ്ടെന്ന് മന്ത്രി പറഞ്ഞു.