ട്രംപ് 2.0: ഉറ്റുനോക്കി സാന്പത്തികലോകം
Monday, January 20, 2025 11:58 PM IST
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ തിരിച്ചെത്തുന്പോൾ സാന്പത്തികലോകത്തുണ്ടാകുന്ന മാറ്റങ്ങളാണ് ഉറ്റുനോക്കുന്നത്. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഡോളർ ശക്തിപ്രാപിക്കുകയും മറ്റ് പ്രധാന കറസികളുടെ മൂല്യത്തിൽ വൻ ഇടിവ് നേരിടുകയും ചെയ്തു. ചില രാജ്യങ്ങൾക്കെതിരേ ഇറക്കുമതി തീരുവ ഉയർത്തുമെന്ന് ട്രംപിന്റെ പ്രഖ്യാപനം എല്ലാം സാന്പത്തികലോകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്.
രൂപ vs ഡോളർ
ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഡോളർ ശക്തിപ്പെട്ടതോടെ ഏറ്റവും വലിയ അപകടം നേരിട്ടത് ഇന്ത്യൻ രൂപയ്ക്കായിരുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം സർവകാല റിക്കാർഡ് താഴ്ചയാണ് നേരിട്ടത്.
തുടർച്ചയായുള്ള നഷ്ടങ്ങൾക്കുശേഷം രൂപ ഇന്നലെ ഡോളറിനെതിരേ ചെറിയ നേട്ടമുണ്ടാക്കി. രൂപയുടെ മൂല്യം അഞ്ചു പൈസ നേട്ടത്തോടെ 86.55ൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക കുറഞ്ഞതാണ് രൂപയ്ക്കു നേട്ടമായത്. ക്രൂഡ് ഓയിൽ വിലയിൽ പെട്ടെന്നുണ്ടായ കുറവാണ് രൂപയ്ക്കു നേട്ടമായത്. ചൈനീസ് യുവാനൊപ്പം കൊറിയൻ വോണും ഉൾപ്പെടെ ഏഷ്യൻ കറൻസികൾ 0.1ശതമാനത്തിലേക്കും 0.7 ശതമാനത്തിലേക്കും ഉയർന്നതോടെ ഡോളർ സൂചിക 0.2 ശതമാനം താഴ്ന്ന് 109.1ലെത്തി.
വെള്ളിയാഴ്ച ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ഫോണിൽ സൗഹൃദസംഭാഷണം നടത്തിയിരുന്നു. ഇതിനൊപ്പം ചൈനയുടെ പ്രതീക്ഷിച്ചതിലും മികച്ച നാലാം പാദ സാന്പത്തിക കണക്കും യുവാന്റെ മൂല്യമുയർത്തി. രണ്ടാഴ്ചത്തെ ഉയർന്ന നിലവാരത്തിലാണ് യുവാനെത്തിയത്.
ക്രൂഡ് ഓയിൽ വിലയിൽ 0.50 ശതമാനമാണ് കുറവാണുണ്ടായത്. ഒരു ബാരലിന് 80.39 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
കുറച്ചു കാലമായി 84-85 റേഞ്ചിൽ നീങ്ങിയിരുന്ന രൂപ, രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുത്തനെയുള്ള ഇടിവ് ഒരു ദിവസം നേരിട്ടത് ജനുവരി 13 നാണ്. 66 പൈസയാണ് അന്ന് കുറഞ്ഞത്.അന്ന് ഡോളറിനെതിരേ 86.70 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
2024 നവംബർ മുതൽ ഡോളർ ശക്തമായി നിൽക്കുന്നതിനാൽ നിക്ഷേപകർ യുഎസിൽനിന്നു ലഭിക്കുന്ന ഉയർന്ന വരുമാനം ലക്ഷ്യട്ട് ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിൽനിന്ന് നിക്ഷേപങ്ങൾ പിൻവലിച്ചു.
രൂപയുടെ മൂല്യത്തകർച്ച കാരണം ഇന്ത്യയുടെ കരുതൽ ധനശേഖരം ശോഷിക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരി 10ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 625.9 ബില്യണ്‍ ഡോളറിലെത്തി.
എന്നാൽ, രൂപയുടെ മൂല്യം കുറയുന്നത് കയറ്റുമതിയിൽ ഇന്ത്യയുടെ മത്സരശേഷി വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ ചരക്കുകളും സേവനങ്ങളും കൂടുതൽ താങ്ങാനാകുന്ന വിലയിൽ ലഭിക്കും.
രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതിയിലുണ്ടാക്കുന്ന ആഘാത്തെക്കുറിച്ച് ആശാങ്ക ഉണ്ടാക്കുന്നുണ്ട്. ഇറക്കുമതി സാധനങ്ങൾക്ക് ഇന്ത്യക്ക് ഉയർന്ന തുക നൽകേണ്ടതായി വരും.
താരിഫ് വാർ
വളർന്നുവരുന്ന വിപണികൾക്കും വികസിത സന്പദ്്വ്യവസ്ഥകൾക്കും നേരിട്ടുള്ള ഭീഷണികളിലൊന്നാണ് ട്രംപിന്റെ താരിഫുകൾ. തന്റെ പ്രചാരണത്തിന്റെ തുടക്കം മുതൽ, ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന കയറ്റുമതി രാജ്യങ്ങൾക്ക് ഉയർന്ന തീരുവകൾ സൂചിപ്പിക്കുന്ന നിരവധി പ്രസ്താവനകൾ ട്രംപ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യൻ കയറ്റുമതിയുടെ ഉയർന്ന താരിഫ് യുഎസിൽ പ്രധാന ഉത്പന്നങ്ങൾ കൂടുതൽ ചെലവേറിയതാക്കും. ഇത് യുഎസിന്റെ സാന്പത്തികാവസ്ഥയെ ദോഷകരമായി ബാധിക്കും. പണപ്പെരുപ്പം ഉയർത്തുന്നതിനിടയാക്കും.
കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനവും ചൈനയിൽ നിന്നുള്ള ഇൻബൗണ്ട് ഷിപ്പ്മെന്റുകൾക്ക് 10 ശതമാനവും അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിടുണ്ട്. മയക്കുമരുന്നിന്റെ വരവും കുടിയേറ്റക്കാരുടെ ഒഴുക്കും തടയുന്നതിനാണ് ഈ നടപടികൾ ലക്ഷ്യമിടു ന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് തൊട്ടുപിന്നാലെ, ലോകത്തിന്റെ കരുതൽ കറൻസിയായ യുഎസ് ഡോളറിനെതിരേ ബ്രിക്സ് രാജ്യങ്ങൾ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) സംയുക്തമായി നാണയമിറക്കിയാൽ ബ്രിക്സ് രാജ്യങ്ങളിൽ നിന്ന് വരുന്ന ചരക്കുകൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണിയുണ്ട്.
തന്റെ പ്രചാരണ വേളയിൽ, ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 60 ശതമാനം വരെ ഉയർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ഒരു വ്യാപാര യുദ്ധത്തിലേക്കു നയിച്ചേക്കും. ചൈനീസ് ഘടകങ്ങളുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യത്തിന്റെ സോളാർ പാനൽ വ്യവസായത്തെയും ബാധിച്ചേക്കും. ഇന്ത്യൻ കയറ്റുമതിക്കും തിരിച്ചടിയായേക്കും.
ചൈന പ്ലസ് വണ്‍ നയം
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി ചുമതലയേൽക്കുന്നത് വ്യാപാരരരംഗത്ത്് ഇന്ത്യക്ക് ഗുണകരമാവുമെന്ന് വിലയിരുത്തലുണ്ട്. നിക്ഷേപ വൈവിധ്യവത്കകരണം ലക്ഷ്യമിടുന്ന ‘ചൈന പ്ലസ് വണ്‍’ നയം ഇന്ത്യ, വിയറ്റ്നാം, തായ്ലൻഡ് പോലുള്ള രാജ്യങ്ങളെ സഹായിച്ചേക്കും. ചൈനയിൽ നിക്ഷേപങ്ങൾ കേന്ദ്രീകരിക്കാതെ ഇന്ത്യ, തായ്ലൻഡ്, തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് നിക്ഷേപങ്ങൾ വ്യാപിപ്പിക്കാനുള്ള വാണിജ്യതന്ത്രമാണ് ചൈന പ്ലസ് വണ്‍ നയം.
ഇന്ത്യയാണ് യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 120 ബില്യണ്‍ ഡോളർ വിലമതിക്കുന്ന വാർഷിക വ്യാപാരം ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്നുണ്ട്. 2020-24 സാന്പത്തികവർഷങ്ങൾക്കിടയിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 46 ശതമാനം വർധിച്ചു (53.1 ബില്യണ്‍ ഡോളറിൽനിന്ന് 77.5 ബില്യണ്‍ ഡോളറിലേക്ക്).
യുഎസിൽനിന്നുള്ള ഇറക്കുമതിയും 17.9 ശതമാനം വർധിച്ചു (35.8 ബല്യണ് ഡോളറിൽനിന്ന് 42.2 ബില്യണ്‍ ഡോളറിലേക്ക്). ചൈനയ്ക്കും മെക്സിക്കോയ്ക്കും മേൽ യുഎസ് ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ, ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ്, യന്ത്രങ്ങൾ, ഒൗഷധങ്ങൾ എന്നിവയിലെ കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യക്കു സാധിക്കും.
പടിയിറങ്ങുന്ന പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, സോളാർ സെല്ലുകൾ, ഉരുക്ക്, അലുമിനിയം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുമേൽ 2024ന്റെ തുടക്കത്തിൽ പുതിയ താരിഫുകൾ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് നേട്ടമാകുന്ന ഇത്തരം ചൈനാവിരുദ്ധ നയങ്ങൾ യുഎസ് തുടരുമെന്നു തന്നെയാണ് വിദഗ്ധർ വിലയിരുത്തുന്നത്.