കാർഷിക വിപണി ആലസ്യത്തിൽ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, December 30, 2024 1:10 AM IST
കാർഷികോത്പന്ന വിപണി അവധിദിനങ്ങളുടെ ആലസ്യത്തിൽ, ഉത്പാദന കേന്ദ്രങ്ങളിൽനിന്നും വിപണികളിലേയ്ക്കുള്ള ചരക്കുനീക്കം കുറഞ്ഞു.
ന്യൂ ഇയർ ആഘോഷങ്ങൾക്കു ശേഷം വിപണികൾ സജീവമാകും. വെളിച്ചെണ്ണ, കൊപ്ര വിലകൾ ഉയർന്നു. ലഭ്യത കുറഞ്ഞത് കുരുമുളകിന്റെ വില ഇടിവിനെ പിടിച്ചുനിർത്തി. ഒസാക്ക റബർ പ്രതീക്ഷയ്ക്കൊത്ത് നീങ്ങി, ബാങ്കോക്കിൽ 200ലെ താങ്ങ് നിലനിർത്താൻ റബറിനായില്ല. കാപ്പി വിളവെടുപ്പിന് തുടക്കം കുറിച്ചു.
ക്രിസ്മസിനോട് അനുബന്ധിച്ച് രംഗം വിട്ട കർഷകർ ഇനി പുതുവത്സരാഘോഷങ്ങൾക്കു ശേഷം വിപണികളിലേയ്ക്ക് ശ്രദ്ധതിരിക്കാമെന്ന നിലപാടിലാണ്. ഒട്ടുമിക്ക കാർഷികോത്പന്നങ്ങളുടെ വിലയും കഴിഞ്ഞ വർഷം ഡിസംബറിനെ അപേക്ഷിച്ച് ഉയർന്നുനിന്നത് വലിയ പങ്ക് കർഷകരും നേട്ടമാക്കി. അതേസമയം, പ്രതികൂല കാലാവസ്ഥയിൽ സുഗന്ധവ്യഞ്ജനങ്ങൾ, റബർ, നാളികേരോത്പന്നങ്ങളുടെ ഉത്പാദനത്തിലുണ്ടായ ഇടിവ് കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമായി.
പ്രതിസന്ധി കാലാവസ്ഥ
പിന്നിടുന്ന വർഷം ആഗോളതലത്തിൽ റബർ ഉത്പാദകർ കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചു. പ്രതികൂല കാലാവസ്ഥതന്നെയാണ് മുഖ്യ ഉത്പാദന രാജ്യങ്ങളിൽ റബറിനു മുന്നിൽ വില്ലനായത്.
ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ, ഇന്ത്യ, ശ്രീലങ്ക, കംബോഡിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ റബർ ഉത്പാദനം പല അവസരത്തിലും പ്രതീക്ഷയ്ക്കൊത്ത് ഉയർത്താനായില്ല.
ഇതിനിടയിൽ ചരക്കിന് അനുഭവപ്പെട്ട ഡിമാൻഡിൽ ഒരു വ്യാഴവട്ടത്തിനടുത്ത് തളർച്ചയിൽ നീങ്ങിയ റബർ വില നടപ്പ് വർഷം കിലോ 252 രൂപ വരെ ഉയർന്നു.
സെപ്റ്റംബറിൽ ഒസാക്ക എക്സ്ചേഞ്ചിൽ റബർ കിലോ 400 യെൻ വരെ കയറി. വാരാന്ത്യം ഏപ്രിൽ അവധി 362ൽനിന്നും 373 യെന്നിലേയ്ക്ക് ഉയർന്നു. ഏഷ്യൻ റബർ മാർക്കറ്റുകൾ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഉണർവ് കാണിച്ച ശേഷം വർഷാന്ത്യം ഉത്പന്നം അൽപ്പം തളർച്ചയിലാണ്.
ഏഷ്യൻ കറൻസികൾക്ക് ക്ഷീണം
ചൈനീസ് സാമ്പത്തിക മേഖല 2025ൽ വളർച്ച കൈവരിക്കാനാവശ്യമായ ഊർജിത നടപടികളുമായി മുന്നേറുകയാണ് ബിജിംഗ്. ചൈനയുടെ നീക്കങ്ങൾ റബറിന് ഉത്തേജകം പകരും. അതേസമയം, ഡോളറിന് മുന്നിൽ ഏഷ്യൻ കറൻസികൾക്ക് നേരിടുന്ന മൂല്യത്തകർച്ച റബർ ഇറക്കുമതി രാജ്യങ്ങളെ രംഗത്തുനിന്നും അൽപ്പം പിന്തിരിപ്പിക്കാം.
ഫെഡറൽ റിസർവ് ഡോളറിനെ ശക്തിപ്പെടുത്താൻ പലിശ കുറച്ചത് ജാപ്പനീസ് യെന്നിന്റെ മൂല്യം വാരാന്ത്യം 157.88ലേയ്ക്ക് ദുർബലമാക്കി. വിനിമയ നിരക്ക് അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം ദർശിച്ചു. യെന്നിന്റെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ ആകർഷിക്കുമെങ്കിലും റബറിൽ അനുകൂല തരംഗം ഉടലെടുത്തില്ല.
ഡോളറിന് മുന്നിൽ രൂപ മൂല്യം റിക്കാർഡ് തകർച്ചയായ 85.81ലേയ്ക്ക് ഇടിഞ്ഞത് ഒരു വിഭാഗം ടയർ വ്യവസായികളെ ഇറക്കുമതിയിൽനിന്നും അൽപ്പം പിന്തിരിപ്പിക്കാം. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 18,800 രൂപയിലാണ്, ടയർ മേഖല ആഭ്യന്തര മാർക്കറ്റിനോട് താത്പര്യം കാണിച്ചാൽ 20,000ലേയ്ക്ക് അതിവേഗത്തിൽ വിപണിക്ക് തിരിച്ചുവരവ് കാഴ്ച്ചവയ്ക്കാനാകും.
തേങ്ങ, കൊപ്ര സേഫ്
നാളികേരോത്പന്നങ്ങൾ നടപ്പ് വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ. വെളിച്ചണ്ണയ്ക്ക് ക്രിസ്മസ് ഡിമാൻഡ് ശക്തമായത് കുതിപ്പിനു വഴിതെളിച്ചു. ഉത്പാദനക്കുറവുമൂലം ദക്ഷിണേന്ത്യയിൽ നാളികേര ലഭ്യത കുറഞ്ഞു. നിലവിലെ കൊപ്ര 14,500 രൂപയിൽ നീങ്ങുമ്പോൾ പുതുക്കിയ താങ്ങ് കുറവാണെങ്കിലും വിളവെടുപ്പ് വേളയിൽ ഈ താങ്ങുവില കാർഷിക മേഖലയ്ക്ക് കരുത്താകും. പുതിയ ചരക്ക് പ്രവാഹം വിലയെ ബാധിച്ചാൽ സർക്കാർ ഏജൻസികൾക്ക് സംഭരണത്തിലൂടെ പ്രതിസന്ധി മറികടക്കാനാകും.
ജനുവരിയിൽ ഇവിടെ നാളികേര വിളവെടുപ്പ് തുടങ്ങും. മാർച്ചിനകം സംഭരണ ഏജൻസികളെ സംബന്ധിച്ച് വ്യക്തമായ ചിത്രം ഒരുക്കാൻ കൃഷി വകുപ്പ് മുന്നോട്ടു വന്നാൽ കർഷകരുടെ ഭാവി ശോഭനമാകും. പിന്നിട്ട വർഷങ്ങളിൽ കൊപ്ര സംഭരിക്കാൻ കേരളം താത്പര്യം കാണിച്ചില്ല, പച്ചത്തേങ്ങയാണ് ഇവിടെ സംഭരിച്ചത്, അതും വൻ പരാജയമായിരുന്നു. തമിഴ്നാട്ടിൽനിന്നുളള പച്ചത്തേങ്ങയാണ് പിന്നിട്ട വർഷങ്ങളിൽ ഇവിടെ മുഖ്യമായും സംഭരിച്ചത്. സംഭരണ ചുമതലയുള്ളവരും ഇടനിലവാരവും തമ്മിലുള്ള അവിഹിത ബന്ധങ്ങളാണ് സംഭരണത്തിന്റെ മറവിൽ നടന്നത്.
പ്രതീക്ഷയോടെ കുരുമുളക്
പുതുവർഷം കുരുമുളക് കൂടുതൽ ശക്തമായി കുതിച്ചുചാട്ടം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. പ്രതികുല കാലാവസ്ഥയിൽ അടുത്ത സീസണിലും വിളവ് പലഭാഗങ്ങളിലും കുറയുമെന്ന സൂചന വിലക്കയറ്റം സൃഷ്ടിക്കാം. ടെർമിനൽ വിപണിയിൽ നാടൻ കുരുമുളക് സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. കാർഷിക മേഖലകളിലും കഴിഞ്ഞ വിളവെടുപ്പിലെ നീക്കിയിരിപ്പ് നാമമാത്രം. ഉത്തരേന്ത്യയിൽ വിദേശ മുളകുണ്ടെങ്കിലും അതിന് ആവശ്യക്കാർ കുറവാണ്.
കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 63,200 രൂപയിലും ഗാർബിൾഡ് 65,200 രൂപയിലുമാണ്. 2025ൽ കുരുമുളക് 80,000 ലേയ്ക്ക് ഉയരാനുള്ള ശ്രമം നടത്താം. ഇതിനിടയിൽ ഇറക്കുമതി ലോബി വിദേശ ചരക്ക് എത്തിച്ചാൽ പ്രതീക്ഷയ്ക്കൊത്ത് ആഭ്യന്തര വില മുന്നേറില്ല.
കാപ്പിക്ക് തിരിച്ചടി
ഹൈറേഞ്ചിൽ കാപ്പി വിളവെടുപ്പ് പുരോഗമിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വൻതോതിൽ കാപ്പിപ്പൂക്കൾ അടർന്നു വീണതിനാൽ ഇക്കുറി ഉത്പാദനം ചുരുങ്ങുമെന്നാണ് വിലയിരുത്തൽ. ഇടുക്കിയിൽ മാത്രമല്ല, വയനാട്ടിലെ തോട്ടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ കാപ്പി വില അനാകർഷകമായതിനെ തുടർന്ന് പലരും മറ്റു കൃഷികളിലേയ്ക്ക് തിരിഞ്ഞതും കേരളത്തിലെ മൊത്തം കാപ്പി ഉത്പാദനത്തിൽ വിള്ളലുളവാക്കി. പിന്നീട് വില ഉയരുന്നതു കണ്ട് പലരും കാപ്പിലേയ്ക്ക് തിരിച്ചുവരവും നടത്തി. കഴിഞ്ഞവർഷം കിലോ 120 രൂപ വരെ താഴ്ന്ന് ഇടപാടുകൾ നടന്ന കാപ്പി ഇതിനകം 240ലേയ്ക്ക് ഉയർന്നു.
കാപ്പി പരിപ്പ് 400 രൂപയ്ക്ക് മുകളിലും കൈമാറി. കൽപ്പറ്റ, ബത്തേരി ഭാഗങ്ങളിൽ അടുത്തവാരം വിളവെടുപ്പ് കൂടുതൽ ഊർജിതമാകും. ജനുവരി രണ്ടാം പകുതിയിൽ കർണാടകത്തിലെ കൂർഗ്, ഹസ്സൻ, ചിക്കമംഗലൂർ ഭാഗങ്ങളിലും വിളവെടുപ്പുരംഗം സജീവമാകും.
കേരളത്തിൽ സ്വർണവില പവന് 56,800 രൂപയിൽനിന്നും വാരാവസാനം 57,080ലേയ്ക്ക് കയറി. ഈ വർഷം സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 59,640 രൂപ വരെ ഒക്ടോബറിൽ ഉയർന്നിരുന്നു.