ട്രായ് നിർദേശം: വിയോജിപ്പുമായി മൊബൈൽ സേവനദാതാക്കൾ
എസ്.ആർ. സുധീർ കുമാർ
Friday, December 27, 2024 1:47 AM IST
കൊല്ലം: കോളിനും എസ്എംഎസിനും മാത്രമായി പ്രത്യേക താരിഫ് പ്ലാനുകൾ വേണമെന്ന ട്രായ് നിർദേശത്തോടു മുഖം തിരിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മൊബൈൽ സേവനദാതാക്കൾ. ടെലികോം അഥോറിറ്റി ഒഫ് ഇന്ത്യയുടെ നിർദേശം പിന്തിരിപ്പൻ ആശയമാണെ ന്ന നിലപാടിലാണു മൊബൈൽ ഓപ്പറേറ്റർമാർ.
രാജ്യത്തെ മൊബൈൽ സേവനങ്ങൾ 2-ജി, 3-ജി എന്നിവയിൽ നിന്ന് 4-ജി, 5-ജി എന്നിവയിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ നിർദേശം അപ്ഗ്രഡേഷനെ മന്ദഗതിയിലാക്കുമെന്ന് ഓപ്പറേറ്റർമാർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, നിലവിലെ 2-ജി ഉപയോക്താക്കളെ ഡേറ്റാ സേവനങ്ങളിൽനിന്നു പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന് വിലയിരുത്തുന്നു.ഡേറ്റാ വിപ്ലവം നിരുത്സാഹപ്പെടുത്തുന്നതു മേഖലയെ പുറകോട്ടടിക്കുന്ന നടപടിയാണെന്നും മൊബെൽ കമ്പനികൾ പറയുന്നു.
നിലവിൽ പ്രാബല്യത്തിലുള്ള ബണ്ടിൽ പാക്കേജുകളിൽ വോയ്സ് സേവനങ്ങൾ ഏകദേശം സൗജന്യമായാണു നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താൽത്തന്നെ പുതിയ പ്ലാനുകൾ അവതരിപ്പിച്ചാൽ 2-ജി ഉപയോക്താക്കൾക്കിടയിൽ സ്വീകാര്യത കുറയുമെന്നും കമ്പനികൾ വിലയിരുത്തുന്നു.
റിലയൻസ് ജിയോയും ഭാരതി എയർടെലും രാജ്യവ്യാപകമായി 5-ജി നെറ്റ്വർക്കുകൾ ഇതിനകം പുറത്തിറക്കി കഴിഞ്ഞു. ശേഷിക്കുന്ന 2-ജി ഉപയോക്താക്കളെ 4-ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുമുള്ള ചുവടുവയ്പുകൾ നടന്നു വരികയുമാണ്. വോഡഫോൺ ഐഡിയയും 2025-ൽ 5-ജി അവതരിപ്പിക്കാനുമുള്ള തയാറെടുപ്പിലാണ്.
ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങളുടെ നേട്ടം ശേഷിക്കുന്ന 2-ജി ഉപയോക്താക്കൾക്കുകൂടി പ്രയോജനപ്പെടുത്താൻ താത്പര്യമില്ല എന്നു സൂചിപ്പിക്കുന്നതാണു പുതിയ നിർദേശമെന്നും കമ്പനികൾ കുറ്റപ്പെടുത്തുന്നു. ഇപ്പോൾ മൊബൈൽ കമ്പനികൾ നൽകുന്ന നിലവിലുള്ള റീചാർജ് പ്ലാനുകളിൽ ഭൂരിഭാഗവും ഡേറ്റ, വോയ്സ്, എസ്എംഎസ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ ഉൾപ്പെടുത്തിയവയാണ്. ഇങ്ങനെ റീചാർജ് ചെയ്യുന്ന പലർക്കും എല്ലാ സേവനവും ആവശ്യമില്ല. പഴയ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർ പോലും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നുണ്ട്.
ഇതൊഴിവാക്കാനാണ് വോയ്സിനും എസ്എംഎസിനും പ്രത്യേക താരിഫ് പ്ലാനുകൾ വേണമെന്നു ട്രായ് കഴിഞ്ഞ ദിവസം മൊബൈൽ കമ്പനികൾക്കു നിർദേശം നൽകിയത്. ഇതിനായി 2012-ലെ ട്രായ് ചട്ടം ഭേദഗതിയും ചെയ്തു. ആവശ്യമില്ലാത്ത സേവനങ്ങൾക്ക് ഉപയോക്താക്കൾ പണം നൽകേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രായ് പുതിയ നിർദേശം നൽകിയത്. ഇത് പ്രാബല്യത്തിൽ വന്നാൽ കമ്പനികളുടെ വരുമാനത്തിൽ വൻ ഇടിവു ണ്ടാകും. അതും അവരുടെ വിയോജിപ്പിന്റെ മറ്റൊരു കാരണമാണ്.
സ്പെഷൽ താരിഫ് വൗച്ചറുകളുടെയും കോംബോ പ്ലാനുകളുടെയും പരമാവധി കാലാവധി 90 ദിവസം എന്നത് 365 ദിവസമായി ഉയർത്താമെന്നും പുതിയ നിർദേശത്തിലുണ്ട്.
പത്ത് രൂപയുടെ ഗുണിതങ്ങളായാണു ടോപ്പ് അപ്പ് റീചാർജുകൾ അനുവദിച്ചിരുന്നത്. ഇപ്പോഴത്തെ നിർദേശമനുസരിച്ച് എത്ര തുകയ്ക്ക് വേണമെങ്കിലും ടോപ്പ് അപ്പ് ചെയ്യാം. ട്രായ് നിർദേശങ്ങളോടു വിയോജിപ്പ് ഉണ്ടെങ്കിലും അവ പാലിക്കാൻ മൊബൈൽ കമ്പനികൾ ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ നിരക്കിലുള്ള പുതിയ പ്ലാനുകൾ അവർ ഒരു മാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ.