റെയിൽവേയിൽ ഇനി തെർമൽ പ്രിന്റർ ടിക്കറ്റുകൾ; വ്യാജന്മാർക്ക് പിടിവീഴും
എസ്.ആർ. സുധീർ കുമാർ
Monday, December 30, 2024 1:10 AM IST
കൊല്ലം: അൺറിസർവ്ഡ് മേഖലയിൽ വ്യാപകമായ വ്യാജ ടിക്കറ്റുകൾ തടയുന്നതിന് പുതിയ സംവിധാനം പരീക്ഷിച്ച് റെയിൽവേ. നിലവിലെ ടിക്കറ്റ് വിതരണം പരിഷ്കരിച്ച് തെർമൽ പ്രിന്റർ വഴി ടിക്കറ്റ് നൽകുന്നതാണ് പുതിയ സംവിധാനം. ഇതുവഴി വ്യാജ ടിക്കറ്റുകൾ പൂർണമായും തടയാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.തിരക്കേറിയ നഗരങ്ങളിലെ സ്റ്റേഷനുകളിലാണ് സംവിധാനം നടപ്പാക്കിത്തുടങ്ങിയത്. അടുത്ത വർഷത്തോടെ പ്രധാന സ്റ്റേഷനുകളിലെല്ലാം തെർമൽ പ്രിന്റർ വഴിയുള്ള അൺറിസർവ്ഡ് ടിക്കറ്റുകൾ ലഭിക്കും.
നിലവിൽ ഡോട്ട് മാട്രിക്സ് പ്രിന്റർ വഴിയുള്ള ടിക്കറ്റുകളാണ് കൗണ്ടറുകൾ വഴി നൽകുന്നത്. ഒരു ടിക്കറ്റ് നൽകാൻ വേണ്ടുന്നത് 20 സെക്കന്റാണ്. എന്നാൽ, തെർമൽ പ്രിന്ററിന് ടിക്കറ്റ് നൽകാൻ മൂന്ന് സെക്കന്റ് മാത്രം മതിയെന്നതാണ് ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഇത് മൂലം കൗണ്ടറുകളിൽ ടിക്കറ്റ് വിതരണം വേഗത്തിലാക്കാനും സാധിക്കും. തെർമൽ പ്രിന്ററുകൾ ഹീറ്റ് സെർവറുകൾ ഉപയോഗിച്ചാണ് ടിക്കറ്റുകൾ നൽകുന്നത്.
ഇത്തരം ടിക്കറ്റുകൾ ഓരോന്നിനും പ്രത്യേകം ക്യൂആർ കോഡുകൾ ഉണ്ടാകും. ടിക്കറ്റ് പരിശോധകർക്ക് അവരുടെ കൈവശമുള്ള ആപ്പ് ഉപയോഗിച്ച് ടിക്കറ്റിന്റെ ആധികാരികത അനായാസം പരിശോധിക്കാനും കഴിയും.
നിലവിലെ സംവിധാനത്തിൽ ആയിരം ടിക്കറ്റുകൾ നൽകിയ ശേഷം ഇംപ്രഷൻ വായിക്കാൻ സാധിക്കുന്ന രീതിയിൽ റിബൺ കാട്രിഡ്ജുകൾ മാറ്റുകയും വേണം. പലപ്പോഴും ടിക്കറ്റുകളിൽ എഴുതിയിരിക്കുന്നത് തെളിഞ്ഞ് കാണാത്ത സ്ഥിതിയുമുണ്ട്. തെർമൽ പ്രിന്ററുകളിൽ കാട്രിഡ്ജിന്റെ ആവശ്യമില്ല. അതുവഴി റെയിൽവേയ്ക്ക് സാമ്പത്തികവും ലാഭിക്കാം.
സമീപകാലത്ത് പ്രിന്റിംഗ് മെഷീനുകൾ ഉപയോഗിച്ച് റിസർവ് ചെയ്യാത്ത ടിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് നിർമിച്ച് വ്യാപകമായി ഉപയോഗിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉത്തരേന്ത്യൻ നഗരങ്ങളിലാണ് ഇത്തരം ടിക്കറ്റുകൾ കൂടുതലായി ഇപ്പോഴും പ്രചാരത്തിലുള്ളത്.
ഇത് ഒഴിവാക്കാനാണ് തെർമൽ പ്രിന്റർ ടിക്കറ്റിംഗ് സംവിധാനത്തിലേയ്ക്ക് ഘട്ടംഘട്ടമായി മാറാൻ റെയിൽവേ അധികൃതർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച നിർദേശം റെയിൽവേ മന്ത്രാലയം രാജ്യത്തെ എല്ലാ സോൺ മേധാവികൾക്കും നൽകിക്കഴിഞ്ഞു.
കെഎസ്ആർ ബംഗളുരു സിറ്റി സ്റ്റേഷനിലും സമീപത്തെ കെആർ പുരം, സർ എം. വിശ്വേശ്വരയ്യ ടെർമിനൽ, യശ്വന്ത്പപുർ സ്റ്റേഷനുകളിലും സംവിധാനം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഡിവിഷനിലെ എല്ലാ പ്രധാന സ്റ്റേഷനുകളും 2025 ഒക്ടോബറിന് മുമ്പ് പുതിയ സംവിധാനത്തിലേയ്ക്ക് മാറും. ഇതേ കാലയളവിനുള്ളിൽ രാജ്യത്തെ എല്ലാ തിരക്കേറിയ സ്റ്റേഷനുകളിലും തെർമൽ പ്രിന്റർ ടിക്കറ്റിംഗിലേയ്ക്ക് മാറാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ടിക്കറ്റ് വിതരണം കൂടുതൽ കാര്യക്ഷമവും സുരക്ഷിതവും വേഗമാർന്നതും ആക്കി മാറ്റാൻ പുതിയ സംവിധാനം വഴി സാധിക്കും.