അദാനി പോര്‍ട്ടിനായി കൊച്ചി കപ്പല്‍ശാല എട്ട് ടഗുകള്‍ നിര്‍മിക്കും
Saturday, December 28, 2024 12:08 AM IST
കൊച്ചി: അദാനി പോർട്ടിനുവേണ്ടി കൊച്ചിൻ കപ്പൽശാലയുടെ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ് യാർഡ് (യുസിഎസ്എൽ) എട്ട് ടഗുകൾ (ബോൾഡാർഡ് പുൾ ടഗുകൾ ) നിർമിക്കും.
70 ടൺ ശേഷിയുള്ള ടഗുകളാണ് നിർമിക്കുക. ഇതോടെ അദാനി പോർട്ടിനായി കൊച്ചി കപ്പൽശാല നിർമിക്കുന്ന ടഗുകളുടെ എണ്ണം 11 ആയി.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡിൽനിന്നാണു ടഗുകൾ നിർമിക്കുന്നതിനുള്ള കരാർ ലഭിച്ചത്. നേരത്തെ കരാർ ഒപ്പുവച്ച മൂന്നു ടഗുകളുടെ നിർമാണം ഉഡുപ്പിയിൽ പുരോഗമിക്കുന്നുണ്ട്.
33 മീറ്റർ നീളവും 12.2 മീറ്റർ വീതിയും 4.2 മീറ്റർ ഡ്രാഫ്റ്റുമുള്ള ആധുനിക കപ്പലുകളാണ് ബോൾഡാർഡ് പുൾ ടഗുകൾ. 1838 കെഡബ്ല്യു ശേഷിയുള്ള രണ്ട് പ്രാഥമിക എൻജിനുകളും 2.7 മീറ്റർ പ്രൊപ്പെല്ലറുകളും ഡെക്ക് ഉപകരണങ്ങളും ഇവയ്ക്കുണ്ട്.
പ്രശസ്ത ഹാർബർ ടഗ് ഡിസൈൻ കമ്പനിയായ റോബർട്ട് അലൻ ലിമിറ്റഡാണ് ഇവയുടെ രൂപകല്പന നിർവഹിക്കുന്നത്. ഇന്ത്യൻ കപ്പൽ നിർമാണ രംഗത്തിന്റെ വികസനത്തിനും ബാറ്ററി ഇലക്ട്രിക് ടഗുകൾ വികസിപ്പിക്കുന്നതിനും കൊച്ചി കപ്പൽശാല പ്രതിജ്ഞാബന്ധമാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞു.