സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ച് ബോംബെ ഐഐടി
Sunday, December 29, 2024 12:04 AM IST
മുംബൈ: കുത്തിവയ്പിനെ ഭയക്കുന്നവർക്ക് ആശ്വാസവാർത്ത. സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ച് ആരോഗ്യപരിപാലന മേഖലയിൽ ശ്രദ്ധേയ മുന്നേറ്റം നടത്തിയിരിക്കുകയാണ് മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബോംബെ ഐഐടി). എയ്റോസ്പേസ് എൻജിനിയറിംഗ് അടിസ്ഥാനപ്പെടുത്തിയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്.
ഷോക്ക് സിറിഞ്ച് എന്ന് അറിയപ്പെടുന്ന ഈ സിറിഞ്ച് തൊലിക്ക് നാശമുണ്ടാക്കുകയോ അണുബാധയുണ്ടാക്കുകയോ ചെയ്യില്ല. സ്ഥാപനത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എയ്റോസ്പേസ് എൻജിനിയറിംഗ് വിഭാഗം പ്രഫസർ ഡോ. വിരേൻ മെനെസിസിന്റെ നേതൃത്വത്തിൽ രണ്ടര വർഷം നീണ്ട ശ്രമത്തിനൊടുവിലാണ് ഇതു വികസിപ്പിച്ചെടുത്തത്.
ഇതുസംബന്ധിച്ച ഗവേഷണ പ്രബന്ധം ബയോമെഡിക്കൽ മെറ്റീരിയൽസ് ആൻഡ് ഡിവൈസസ് എന്ന ആരോഗ്യമാസികയുടെ സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി രോഗികളിൽ പരീക്ഷിച്ചശേഷം അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് ഗവേഷണസംഘത്തിലെ റിസർച്ച് സ്കോളർ പ്രിയങ്ക ഹങ്കാരെ പറഞ്ഞു.
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദ തരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തിൽ പ്രവേശിക്കുന്നത്. ശരീരത്തിൽ പ്രവേശിക്കാൻ ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ടെങ്കിലും അത് തലമുടിയുടെ വീതിയോളം മാത്രമുള്ളതാണ്. ഒരു വിമാനം വേഗത്തിൽ പറക്കുമ്പോൾ അത് വായുവിനെ ശക്തമായി തള്ളിമാറ്റുന്നു. അതുപോലെയുള്ള തരംഗം ഇവിടെ സൃഷ്ടിക്കപ്പെടുമ്പോൾ സിറിഞ്ചിലുള്ള മരുന്നിനെ ശരീരത്തിലേക്ക് ശക്തമായി തള്ളുകയാണ് ചെയ്യുന്നത്.
സാധാരണ ബോൾ പോയിന്റ് പേനയേക്കാൾ അല്പംകൂടി നീളം കൂടിയതാണ് പുതിയ സിറിഞ്ച്. സിറിഞ്ചിന്റെ ഒരുഭാഗത്ത് സമ്മർദമേറിയ നൈട്രജൻ വാതകമാണ് ഉപയോഗിക്കുന്നത്. സമ്മർദത്തിലൂടെ മരുന്ന് ശരീരത്തിലേക്ക് കയറുമ്പോൾ കുത്തിവച്ചതായി രോഗി അറിയില്ല. ഇത് സൂചിയുള്ള സിറിഞ്ചിനേക്കാൾ ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.
ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നിന്റെ അളവ്, അവ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതി എന്നിവ എലികളിൽ പരീക്ഷിച്ചു. സാധാരണ സിറിഞ്ച് ഉപയോഗിക്കുന്ന അതേ അവസ്ഥയാണു ഷോക്ക് സിറിഞ്ചുണ്ടാക്കിയതെന്ന് ഗവേഷകർ പറയുന്നു.
ഇത് കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ് വേഗത്തിലും കാര്യക്ഷമമായും എടുക്കാനും കഴിയും. എന്നാല്‍ മനുഷ്യരില്‍ പരീക്ഷിച്ചു ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.