ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടി; ബാങ്ക് മാനേജരടക്കം നാലുപേര്‍ അറസ്റ്റില്‍
Monday, December 30, 2024 1:10 AM IST
ബംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് പ്ലാറ്റ്ഫോമായ ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ കേസില്‍ ഗുജറാത്ത് സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ആക്സിസ് ബാങ്ക് റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ(33), നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണു ബംഗളൂരു പോലീസിന്റെ പിടിയിലായത്.
തട്ടിപ്പ് തിരിച്ചറിഞ്ഞ ക്രെഡ് നവംബറില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് 12.51 കോടി രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. ആക്സിസ് ബാങ്കിന്റെ ബംഗളൂരു ഇന്ദിരാനഗര്‍ ശാഖയിലുള്ള കമ്പനിയുടെ നോഡല്‍, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിലാസങ്ങളിലേക്കും നമ്പറുകളിലേക്കും അജ്ഞാതരായ ചിലര്‍ കടന്നുകൂടിയതായി കണ്ടെത്തുന്നത്. കമ്പനി അക്കൗണ്ടില്‍നിന്ന് 12.51 കോടി രൂപ ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി.
ആക്സിസ് ബാങ്കിന്റെ ബംഗളൂരു ഇന്ദിരാനഗര്‍ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോര്‍പറേറ്റ് അക്കൗണ്ടുള്ളത്. ഇതിലൂടെ ദിവസവും രണ്ടു കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടക്കാറുണ്ട്. മെയിന്‍ അക്കൗണ്ടിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാണെന്നു കണ്ടെത്തിയ റിലേഷന്‍ഷിപ്പ് മാനേജരായ വൈഭവ്, ഇതിലേക്കുള്ള യൂസര്‍നെയിമും പാസ്വേഡും കിട്ടാനായി കമ്പനി എംഡി എന്നപേരില്‍ നേഹ ബെന്നിനെക്കൊണ്ട് അപേക്ഷ നല്കിച്ചു. ഇതിനായി ക്രെഡിന്റെ വ്യാജ ലെറ്റര്‍ ഹെഡും ഐഡിയുമുണ്ടാക്കി. ഗുജറാത്തിലെ അങ്കലേശ്വര്‍ ബ്രാഞ്ചിലാണ് നേഹ അപേക്ഷ നല്‍കിയത്.
നേഹ നല്കിയ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് അപേക്ഷ അംഗീകരിച്ചതോടെ ഇവര്‍ക്കു കോര്‍പറേറ്റ് സബ് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്വേഡും ലഭിച്ചു. ഇതുവഴി ക്രെഡിന്റെ മെയിന്‍ അക്കൗണ്ടില്‍നിന്ന് ചെറിയ തുകകളായി ഇവര്‍ സബ് അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ 17 തവണകളായി ഇവര്‍ 12.5 കോടി രൂപയാണു തട്ടിയെടുത്തത്.