ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ
Sunday, December 29, 2024 12:04 AM IST
മുംബൈ: ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വലിയൊരു മാറ്റം സൃഷ്ടിക്കുന്ന നിർദേശം പുറപ്പെടുവിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ).
കെവൈസിയുള്ള ഡിജിറ്റൽ വാലറ്റാണെങ്കിൽ ഇനി മുതൽ അത് എല്ലാ യുപിഐ തേർഡ് പാർട്ടി ആപ്പുകളുമായും ബന്ധിപ്പിച്ച് ഉപയോഗിക്കാനാകുമെന്ന് ആർബിഐ വ്യക്തമാക്കി. വാലറ്റുകൾ പരസ്പരം ബന്ധിപ്പിച്ച് യുപിഐ സംവിധാനത്തിൽ പ്രവർത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം. ഇതോടെ യുപിഐ സംവിധാനം കൂടുതൽ ശക്തമാകുമെന്നും വിലയിരുത്തപ്പെടുന്നു.
നിലവിൽ യുപിഐ പേയ്മെന്റുകൾ പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഡിജിറ്റൽ വാലറ്റുകൾ പ്രധാനമായും അതത് കന്പനിയുടെ യുപിഐ ആപ്പുകളുമായി മാത്രമേ ബന്ധിപ്പിക്കാൻ കഴിയൂ എന്നതായിരുന്നു നിയമം. ഉദാഹരണത്തിന് പേടിഎം വാലറ്റിലേക്ക് പണം അയയ്ക്കണമെങ്കിൽ പേടിഎം ആപ്പ് തന്നെ ഉപയോഗിക്കണമായിരുന്നു. പുതിയ നിർദേശമനുസരിച്ച് ഏത് ഡിജിറ്റൽ വാലറ്റും ഏത് യുപിഐ ആപ്പിലും ബന്ധിപ്പിക്കാൻ സാധിക്കും.
അതായത് ഗൂഗിൾ പേ വാലറ്റിലേക്ക് പേടിഎം ആപ്പ് വഴി പണം അയയ്ക്കാം, അല്ലെങ്കിൽ ഫോണ്പേ വാലറ്റിലേക്ക് ഗൂഗിൾ പേ ആപ്പ് വഴി പണം അയയ്ക്കാം. പ്രീപെയ്ഡ് പേയ്മെന്റ് സേവനം നൽകുന്ന കന്പനികൾ ഡിജിറ്റൽ വാലറ്റുകളുടെ കെവൈസി നടപടികൾ കൃത്യമായി നടപ്പാക്കണമെന്നും മറ്റു തേർഡ് പാർട്ടി യുപിഐ ആപ്പുകൾ ബന്ധിപ്പിക്കാൻ സൗകര്യം ഒരുക്കണമെന്നും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്.
എന്താണ് ഡിജിറ്റൽ വാലറ്റ്
ഡിജിറ്റൽ വാലറ്റ് അഥവാ ഇ-വാലറ്റ് എന്നത് ഉപയോക്താക്കളുടെ ഫോണിലോ കംപ്യൂട്ടറിലോ സൂക്ഷിക്കുന്ന ഒരു വെർച്വൽ വാലറ്റാണ്. ഇതിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, ലോയൽറ്റി പോയിന്റുകൾ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാം. സുഹൃത്തുക്കൾക്കും മറ്റും പണമയച്ചു നൽകാനുപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള കോണ്ടാക്റ്റ്ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പാണിത്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്ടാക്റ്റ്ലെസ് പേമെന്റുകളാണ് ഡിജിറ്റൽ വാലറ്റുകൾ അനുവദിക്കുന്നത്.