സംസ്ഥാനത്ത് ഗ്രാമീണമേഖലയിലെ പ്രതിമാസ ആളോഹരി ചെലവ് 6,611 രൂപ
Sunday, December 29, 2024 12:04 AM IST
കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ ഗ്രാമീണമേഖലയില്‍ പ്രതിമാസ ആളോഹരി ചെലവ് 6,611 രൂപയെന്ന് സര്‍വേ റിപ്പോര്‍ട്ട്. കേരളത്തിലെ നഗരമേഖലയില്‍ ഇത് 7,783 രൂപയാണ്. രാജ്യത്തെ ഗാര്‍ഹിക ഉപഭോഗം, ചരക്കു സേവനങ്ങളുടെ ഉപഭോഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നടത്തിയ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഒരു വ്യക്തി തന്റെ ആവശ്യങ്ങൾക്കായി ഒരു മാസക്കാലയളവിൽ വാങ്ങിയ സാധനങ്ങളുടെയും സേവനങ്ങളുടെയും തുകയാണ് പ്രതിമാസ ആളോഹരി ചെലവ് എന്ന് പറയുന്നത്. വ്യക്തിയുടെ ജീവിത നിലവാരം കണക്കാക്കാൻ പലപ്പോഴും ഉപയോഗിക്കാറുള്ള സൂചകമാണിത്. ഉയർന്ന പ്രതിമാസ ആളോഹരി ചെലവ് ഉയർന്ന ജീവിത നിലവാരവും ഉയർന്ന വാങ്ങൽ ശേഷിയെയും സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഒരു ദശകത്തിലെ കണക്കെടുത്താല്‍ ഉപഭോഗച്ചെലവില് മികച്ച പുരോഗതിയുണ്ടെന്നാണ് സര്‍വേയിലുള്ളത്. ഉപഭോഗത്തിന്റെയും ചെലവിന്റെയും വിന്യാസം, ജീവിതനിലവാരം, കുടുംബങ്ങളുടെ ക്ഷേമം എന്നിവ മനസിലാക്കാനായാണു സര്‍വേ നടത്തിയത്. അതേസമയം, കഴിഞ്ഞ ദശകത്തില്‍ രാജ്യത്തെ ഉപഭോഗത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
സര്‍വേപ്രകാരം പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗ ചെലവിന്റെ ദേശീയ ശരാശരി ഗ്രാമീണമേഖലയിൽ 4,122 രൂപയും നഗരമേഖലകളില്‍ 6,996 രൂപയുമാണ്. പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗച്ചെലവില് 2011-12 വര്‍ഷത്തിനുശേഷം യഥാക്രമം 188 ശതമാനവും 166 ശതമാനവും വളര്‍ച്ചയാണു രേഖപ്പെടുത്തിയത്.
പത്തു വര്‍ഷത്തിനുള്ളില്‍, നിലവിലെ വിലവിവര സൂചികയില്‍ കണക്കാക്കിയാല്‍ ഉപഭോഗനിലവാരം ഗ്രാമങ്ങളിലും നഗരങ്ങളിലും ഏകദേശം മൂന്നിരട്ടിയായി വർധിച്ചു. നഗര-ഗ്രാമ അന്തരം അതിവേഗം കുറഞ്ഞു. പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗച്ചെലവിലെ നഗര-ഗ്രാമ അന്തരം 2011-12ൽ 84 ശതമാനമായിരുന്നു. 2023-24 വര്‍ഷത്തിലത് 70 ശതമാനമായി കുറഞ്ഞു. ഇത് 16 ശതമാനം ഇടിവാണ് സൂചിപ്പിക്കുന്നത്.
2022-23ല്‍ പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗച്ചെലവിലെ നഗര-ഗ്രാമ അന്തരം 71 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിലെ ഉപഭോഗ വളര്‍ച്ചയുടെ സുസ്ഥിര മുന്നേറ്റമാണ് ഇതു സൂചിപ്പിക്കുന്നത്.
ഭക്ഷ്യേതര ഇനങ്ങളുടെ പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗച്ചെലവ് ഗ്രാമങ്ങളില്‍ 53 ശതമാനവും നഗരങ്ങളില്‍ 60 ശതമാനവുമാണ്. പത്തു വര്‍ഷത്തെ കണക്കെടുത്താല്‍ ഗ്രാമപ്രദേശങ്ങളില്‍ 47.1 ശതമാനത്തില്‍നിന്ന് 53 ശതമാനമായും നഗരപ്രദേശങ്ങളില്‍ 57.38 ശതമാനത്തില്‍നിന്ന് 60 ശതമാനമായും വര്‍ധിച്ചു.
2023-24ല്‍ ഗ്രാമീണ, നഗര കുടുംബങ്ങളുടെ ഭക്ഷ്യവസ്തു ഉപഭോഗത്തില്‍ പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ പണം ചെലവഴിക്കുന്നത്. ഗതാഗതം, വസ്ത്രങ്ങള്‍, കിടക്കകള്‍, പാദരക്ഷകള്‍, വിവിധ ഉത്പന്നങ്ങള്‍, വിനോദം, ആഡംബരവസ്തുക്കള്‍ എന്നിവയ്ക്ക് ഗ്രാമ-നഗര പ്രദേശങ്ങളിലെ കുടുംബങ്ങളുടെ ഭക്ഷ്യേതര ചെലവുകളില്‍ വലിയ പങ്കുണ്ട്.