നാഗസാക്കി മഹാദുരന്തത്തെ അതിജീവിച്ച ഫുകഹോരി അന്തരിച്ചു
Monday, January 6, 2025 3:38 AM IST
ടോക്കിയോ: ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്കയുടെ അണുബോംബ് സ്ഫോടനത്തെ അതിജീവിച്ച ഷിഗേമി ഫുകഹോരി അന്തരിച്ചു. 93 വയസായിരുന്നു.
നാഗസാക്കിയിലെ ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് ഉറാകാമി കത്തോലിക്കാ പള്ളി അധികൃതർ അറിയിച്ചു. ഇന്ന് ഉറാകാമി പള്ളിയിൽ സംസ്കാരം നടക്കും. നാഗസാക്കി പീസ് പാർക്കിനു സമീപമുള്ള ഉറാകാമി പള്ളി അണുബോംബ് സ്ഫോടനത്തെ അതിജീവിച്ചു. ഗ്രൗണ്ട് സീറോയിൽനിന്ന് കേവലം അഞ്ഞൂറു മീറ്റർ മാത്രം അകലെയുള്ള പള്ളിയുടെ മണിമാളികയും തിരുരൂപങ്ങളും ബോംബാക്രമണത്തെ അതിജീവിച്ചു.
1945 ഓഗസ്റ്റ് ഒന്പതിന് നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിക്കവേ ഫുകഹോരിക്ക് 14 വയസായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കം ആയിരക്കണക്കിനു പേർക്കാണ് അന്ന് ജീവഹാനിയുണ്ടായത്. സമാധാനത്തിന്റെ സന്ദേശവാഹകനായി മാറിയ ഫുകഹോരി ആണവായുധങ്ങൾക്കെതിരേ ലോകം മുഴുവൻ പ്രചാരണം നടത്തി.
അമേരിക്ക ബോംബ് വർഷിച്ച സമയം, മൂന്നു കിലോമീറ്റർ അകലെയുള്ള ഷിപ്യാർഡിൽ ജോലി ചെയ്യുകയായിരുന്നു ഫുകഹോരി. മഹാദുരന്തത്തെക്കുറിച്ച് വർഷങ്ങളോളം സംസാരിക്കാൻപോലും ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.
2019ൽ ഫ്രാൻസിസ് മാർപാപ്പ നാഗസാക്കിയിൽ സന്ദർശനം നടത്തിയപ്പോൾ പൂച്ചെണ്ടുമായി സ്വീകരിക്കാൻ ഫുകഹോരി എത്തിയിരുന്നു.