അപകീർത്തിക്കേസ്: എബിസി ചാനൽ ട്രംപിന് ഒന്നരക്കോടി ഡോളർ നല്കും
Monday, December 16, 2024 1:26 AM IST
വാഷിംഗ്ടൺ ഡിസി: അപകീർത്തിക്കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ എബിസി ന്യൂസ് ചാനൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഒന്നര കോടി ഡോളർ നല്കാമെന്നു സമ്മതിച്ചു. ട്രംപിന്റെ വക്കീൽ ഫീസിലേക്കു പത്തു ലക്ഷം ഡോളർ വേറെ നല്കും. ചാനൽ ഖേദപ്രസ്താവനയും പ്രസിദ്ധീകരിക്കും.
ചാനൽ അവതാരകനായ ജോർജ് സ്റ്റെഫാനോപൗലോസ് ഈ വർഷം മാർച്ചിൽ ഒരഭിമുഖത്തിനിടെ “ബലാത്സംഗക്കേസിൽ കോടതി ട്രംപിനെ കുറ്റക്കാരനെന്നു കണ്ടെത്തി” എന്നു പറഞ്ഞതാണു കേസിനാധാരം.
മാധ്യമപ്രവർത്തകയായ ഇ. ജീൻ കരോൾ നല്കിയ മാനഭംഗക്കേസിൽ ന്യൂയോർക്ക് കോടതി 2023ൽ ഡോണൾഡ് ട്രംപ് ലൈംഗികാതിക്രമം കാട്ടിയെന്നു കണ്ടെത്തിയിരുന്നു. അതേസമയം, നിയമത്തിന്റെ സാങ്കേതികവശങ്ങൾ കണക്കിലെടുത്ത് ട്രംപ് ബലാത്സംഗം ചെയ്തു എന്നു തെളിയിക്കാനായില്ലെന്നും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോർജ് സ്റ്റെഫാനോപൗലോസ് ട്രംപിനെതിരേ ബലാത്സംഗക്കുറ്റം തെളിഞ്ഞു എന്നാരോപിച്ചത്.
ട്രംപിനെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ വനിതാനേതാവിനെ അഭിമുഖം ചെയ്യുന്നതിനിടെ പത്തു വട്ടം ഇക്കാര്യം സ്റ്റെഫാനോപൗലോസ് ആവർത്തിക്കുകയുണ്ടായി. ജീൻ കരോൾ കേസിൽ കോടതി ട്രംപിന് 8.83 കോടി ഡോളർ പിഴ വിധിച്ചു. ഇതിൽ അപ്പീൽ നടക്കുകയാണ്.