ഈശോയുടെ മുൾമുടി നോത്ര്ദാമിൽ പുനഃപ്രതിഷ്ഠിച്ചു
Sunday, December 15, 2024 12:30 AM IST
ജെറി ജോർജ്, ബോൺ
പാരീസ്: കുരിശാരോഹണവേളയിൽ പടയാളികൾ ഈശോയെ ധരിപ്പിച്ച മുൾമുടി നോത്ര്ദാം കത്തീഡ്രൽ പള്ളിയിൽ പുനഃപ്രതിഷ്ഠിച്ചു.
2019 ഏപ്രിൽ 15നുണ്ടായ തീപിടിത്തത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ മറ്റു തിരുശേഷിപ്പുകളോടൊപ്പം മുൾമുടിയും രക്ഷപ്പെടുത്തിയിരുന്നു. നവീകരിച്ച പള്ളിയുടെ കിഴക്കേ അറ്റത്തുള്ള മുൾക്കിരീടത്തിന്റെ കപ്പേളയിലാണു തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
തിരുക്കർമത്തിൽ പാരീസ് ആർച്ച്ബിഷ് ലോറെന്റ് ഉൾറിക്ക് മുഖ്യകാർമികത്വം വഹിച്ചു. നോത്ര്ദാമിന്റെ നവീകരണ വേളയിൽ കത്തീഡ്രൽ പള്ളിയായി ഉപയോഗിച്ചിരുന്ന വിശുദ്ധ ജർമാനൂസിന്റെ പള്ളിയിൽനിന്ന് ആഘോഷപൂർവമായ പ്രദക്ഷിണമായാണ് തിരുശേഷിപ്പ് നോത്ര്ദാമിൽ എത്തിച്ചത്.
ലൂവ്റ് മ്യൂസിയത്തിന്റെ സമീപത്തുനിന്ന് നോത്ര്ദാമിലേക്കുള്ള പ്രദക്ഷിണത്തിൽ അനേകായിരങ്ങൾ പങ്കെടുത്തു. ജറുസലേമിലെ പരിശുദ്ധ കബറിടപ്പള്ളിയുടെ അശ്വാരൂഢരായ യോദ്ധാക്കൾ എന്ന സംഘടനയുടെ അംഗങ്ങൾ അകന്പടി സേവിച്ചു.
വൃത്താകാരത്തിലുള്ളതും എട്ടേകാലിഞ്ച് വ്യാസമുള്ളതുമായ ഒരു സുവർണ ചില്ലുപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന മുൾമുടി ജനുവരി പത്തു മുതൽ ഏപ്രിൽ 18ന് പീഡാനുഭവ വെള്ളി വരെ ഭക്തജനങ്ങൾക്കു വെള്ളിയാഴ്ചകളിൽ വണങ്ങാൻ സൗകര്യമുണ്ട്. പിന്നീട് ആദ്യവെള്ളിയാഴ്ചകളിൽ മാത്രവും. ഫ്രഞ്ച് ശില്പിയായ സിൽവേൻ ദ്യുബ്വിസോയാണ് കപ്പേള രൂപകല്പന ചെയ്തത്.
പൗരസ്ത്യ ദേവാലയങ്ങളിലെ തിരശീലയ്ക്കു സമാനമായ ചിത്രഫലകത്തിന്റെ (ഐക്കണോസ്തസിസ്) മാതൃകയിൽ ദേവതാരുവിൽ തീർത്തതും ഒന്പതടി ഉയരമുള്ളതുമായ അൾത്താര ഭിത്തിയിലാണ് തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്നത്.
കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ വിശുദ്ധ ഹെലേന രാജ്ഞിയാണ് ഈശോയുടെ കുരിശിനോടൊപ്പം മുൾമുടി കണ്ടെടുത്തത്. ഏഴാം നൂറ്റാണ്ട് മുതൽ കോൺസ്റ്റാന്റിനോപ്പിളിൽ സൂക്ഷിച്ചിരുന്ന മുൾമുടി 1238ൽ ഫ്രാൻസിലെ വിശുദ്ധ ലൂയീസ് ഒന്പതാമൻ രാജാവ് വെനീസിലും പിറ്റേ വർഷം പാരീസിലും എത്തിച്ചു.
ഇതു സൂക്ഷിക്കുവാൻ വേണ്ടി മാത്രമാണ് പരിശുദ്ധ കപ്പേള എന്നറിയപ്പെടുന്ന കൊച്ചുപള്ളി 1248 ൽ പണിതീർത്തത്. 1806 മുതൽ മുൾമുടിയും ഈശോയുടെ കുരിശിന്റെ ഒരു ഭാഗം, ക്രൂശിക്കാൻ ഉപയോഗിച്ച ഒരു മുള്ളാണി എന്നിവയും നോത്ര്ദാമിലേക്കു മാറ്റി.