സിറിയക്കാർ മടങ്ങാൻ പാരിതോഷികവുമായി ഓസ്ട്രിയ
Sunday, December 15, 2024 12:30 AM IST
വിയന്ന: അസാദ് ഭരണകൂടം നിലംപൊത്തിയ സാഹചര്യത്തിൽ രാജ്യത്തേക്കു മടങ്ങാനാഗ്രഹിക്കുന്ന സിറിയൻ അഭയാർഥികൾക്ക് ആയിരം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രിയ.
രാഷ്ട്ര പുനർനിർമാണത്തിന് സിറിയക്കാർ മടങ്ങിപ്പോകണമെന്ന് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ ആവശ്യപ്പെട്ടു. എന്നാൽ ആരെയും നിർബന്ധിച്ച് തിരിച്ചയയ്ക്കില്ലെന്ന് ഭരണകക്ഷിയായ ഓസ്ട്രിയൻ പീപിൾസ് പാർട്ടി വ്യക്തമാക്കി.
സിറിയൻ അഭയാർഥികളുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കണമെന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ ആലോചന നടത്തുന്നതിനിടെയാണ് ഓസ്ട്രിയയുടെ പ്രഖ്യാപനം.
ബെൽജിയം, ഡെന്മാർക്ക്, ജർമനി, ചെക് റിപ്പബ്ലിക് മുതലായ രാജ്യങ്ങൾ സിറിയൻ അഭയാർഥികളുടെ അപേക്ഷ പരിഗണിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം, സുരക്ഷ കണക്കിലെടുത്ത് സിറിയക്കാരെ ഉടൻ മടക്കി അയയ്ക്കേണ്ടെന്നാണ് ഈ രാജ്യങ്ങളുടെ തീരുമാനം. സിറിയ നിലവിൽ സുരക്ഷിതമല്ലെന്ന് യൂറോപ്യൻ കമ്മീഷനും വ്യക്തമാക്കി.