മിഖെയിൽ കവെലാഷ്വിലി ജോർജിയൻ പ്രസിഡന്റ്
Sunday, December 15, 2024 12:30 AM IST
ടിബ്ലിസി: ജോർജിയയിൽ കടുത്ത പാശ്ചാത്യവിരുദ്ധനും മുൻ ഫുട്ബോളറുമായ മിഖെയിൽ കവെലാഷ്വിലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
പാർലമെന്റ് അംഗങ്ങളും പ്രാദേശിക ഭരണകൂട പ്രതിനിധികളും ഉൾപ്പെടുന്ന ഇലക്ടറൽ കോളജിൽ സന്നിഹിതരായ 225ൽ 224 പേരുടെ വോട്ടും അദ്ദേഹത്തിനു ലഭിച്ചു. പ്രതിപക്ഷ പാർട്ടികൾ ഒക്ടോബർ മുതൽ പാർലമെന്റ് ബഹിഷ്കരിച്ചിരിക്കുകയാണ്.
യൂറോപ്യൻ അനുകൂലിയായ പ്രസിഡന്റ് സലോം സുരബിഷ്വിലിയുടെ കാലാവധി തീരുന്ന പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
മിഖെയിൽ കവെലാഷ്വിലി ഡിസംബർ 29ന് അധികാരമേൽക്കും. ജോർജിയയിലെ റഷ്യാ അനുകൂല ഭരണകൂടം യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള തീരുമാനം മരവിപ്പിച്ചതിനെതിരേ ജനകീയ പ്രക്ഷോഭം ശക്തമായിരിക്കുന്ന വേളയിലാണ് കവെലാഷ്വിലിയുടെ തെരഞ്ഞെടുപ്പ്.
ജോർജിയയും റഷ്യയും തമ്മിൽ യുദ്ധം ചെയ്യാൻ പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികൾ ചരടുവലിക്കുന്നതായി കവെലാഷ്വിലി മുന്പ് ആരോപിച്ചിട്ടുണ്ട്.
അതേസമയം, സ്ഥാനമൊഴിയുന്ന സലോം സുരബിഷ്വിലിയെ ആയിരിക്കും തുടർന്നങ്ങോട്ടും പ്രസിഡന്റായി പരിഗണിക്കുക എന്നാണ് പ്രതിപക്ഷ നേതാക്കൾ പറഞ്ഞിട്ടുള്ളത്.