ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം എട്ടു ജവാന്മാർക്കു വീരമൃത്യു
Tuesday, January 7, 2025 2:19 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ എട്ടു ജവാന്മാർക്കു വീരമൃത്യു. ജവാന്മാർ സഞ്ചരിച്ച വാഹനത്തിന്റെ നാട്ടുകാരനായ ഡ്രൈവറും കൊല്ലപ്പെട്ടു. ബിജാപുർ ജില്ലയിൽ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി) ജവാന്മാർ സഞ്ചരിച്ച വാഹനം മാവോയിസ്റ്റുകൾ ശക്തിയേറിയ ഐഇഡി സ്ഫോടനത്തിൽ തകർക്കുകയായിരുന്നു.
70 കിലോയോളം ഭാരമുള്ള സ്ഫോടകവസ്തുവാണ് ഉപയോഗിച്ചത്. ഛത്തീസ്ഗഡിൽ രണ്ടു വർഷത്തിനിടെ സുരക്ഷാസേനയ്ക്കു നേർക്കുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ഇന്നലെ ഉച്ചയ്ക്ക് 2.15ന് കുത്രു പോലീസ് സ്റ്റേഷൻ പരിധിയിലെ അംബേലി ഗ്രാമത്തിലായിരുന്നു ആക്രമണം. മാവോയിസ്റ്റ് വേട്ട കഴിഞ്ഞ് സ്കോർപിയോ വാഹനത്തിൽ മടങ്ങുകയായിരുന്ന ദന്തേവാഡ ജില്ലയിൽനിന്നുള്ള ഡിആർജി ജവാന്മാരാണ് ആക്രമണത്തിനിരയായത്.
വാഹനത്തിലുണ്ടായിരുന്ന എട്ടു ജവാന്മാരും ഡ്രൈവറും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഉടൻ കൂടുതൽ സുരക്ഷാസൈനികർ സ്ഥലത്തെത്തി മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ആരംഭിച്ചു.
നാരായൺപുർ, ദന്തേവാഡ, ബിജാപുർ ജില്ലകളുടെ അതിർത്തിയിൽ മൂന്നു ദിവസമായി മാവോയിസ്റ്റുകളെ നേരിടുകയായിരുന്ന ഡിആർജി ജവാന്മാരാണ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ചത്. സ്ഫോടനത്തെത്തുടർന്ന് പത്ത് അടി താഴ്ചയുള്ള കുഴി രൂപപ്പെട്ടു.
കോൺക്രീറ്റ് റോഡ് തകർന്നു. ജവാന്മാരുടെ വാഹനം പൂർണമായും തകർന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. ഞായറാഴ്ച ദന്തേവാഡയിൽ അഞ്ചു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
ഒരു ഡിആർജി ഹെഡ് കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു. 2023 ഏപ്രിൽ 26നു ദന്തേവാഡ ജില്ലയിൽ പോലീസ് വാഹനം മാവോയിസ്റ്റുകൾ സ്ഫോടനത്തിൽ തകർത്തിരുന്നു. അന്ന് പത്തു പോലീസുകാരും വാഹന ഡ്രൈവറും കൊല്ലപ്പെട്ടു.
സംസ്ഥാന പോലീസിന്റെ ഒരു യൂണിറ്റാണ് ഡിആർജി. പ്രധാനമായും ആദിവാസി വിഭാഗക്കാരെയാണ് ഡിആർജിയിലേക്കു റിക്രൂട്ട് ചെയ്യുന്നത്.