വിലങ്ങാടിനും തുല്യപരിഗണന: മന്ത്രി
Thursday, December 5, 2024 2:20 AM IST
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുണ്ടായ ഉരുൾപൊട്ടലിനിരയായ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.
വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂരൽമലയിലെ ദുരന്തബാധിതർക്കു നൽകുന്ന അതേ പരിഗണന വിലങ്ങാട്ടും നൽകുമെന്ന് മന്ത്രി അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിൽ ഡ്രോൺ ഇമാജിനേഷൻ എന്ന സ്ഥാപനം മുഖേന ലിഡാർ സർവേ നടത്തിയ റിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളിൽ കോഴിക്കോട് എൻഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി പ്രദേശങ്ങൾ വാസയോഗ്യമാണോ എന്ന കാര്യത്തിൽ റിപ്പോർട്ട് തയാറാക്കി ജനുവരിയിൽ കൈമാറുന്നതിന് നിർദ്ദേശം നൽകി.
ദുരന്തപ്രദേശങ്ങളിൽ കൃഷി ചെയ്യാൻ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേരള കാർഷിക സർവകലാശാലയിലെ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് യോഗം തീരുമാനിച്ചു.
ദുരന്തത്തിൽ തകർന്നവ പുനർനിർമിക്കുന്നതിനുള്ള എഴ് പ്രവൃത്തികൾക്കായി 49,60,000 രൂപ മൈനർ ഇറിഗേഷൻ എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എൻജിനിയർ മുഖേന ജലവിഭവ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കണ്ട് റവന്യൂ ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറുന്ന മുറയ്ക്ക് സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്നും അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. പുഴയുടെ തകർന്ന പാർശ്വ ഭിത്തികൾ പുനർ നിർമിക്കുന്നതിന് 3,13,47,165 രൂപയാണ് എസ്റ്റിമേറ്റ് സമർപ്പിച്ചിരിക്കുന്നത്.
ധനസഹായം കൃത്യമാക്കും
ദുരന്തബാധിതരായി താത്കാലികമായി വാടക വീടുകളിൽ താമസിക്കുന്ന 92 കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ചിട്ടുള്ള 6000 രൂപ വീതം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുമെന്നും റവന്യു മന്ത്രി പറഞ്ഞു.
ജീവനോപാധി നഷ്ടപ്പെട്ടവർക്കായുള്ള ധനസഹായത്തിന്റെ ഭാഗമായി ഓരോ കുടുംബത്തിലെയും മുതിർന്ന രണ്ടു പേർക്ക് നൽകാൻ തീരുമാനിച്ച 300 രൂപ ദിവസ വേതനം 90 ദിവസത്തേക്ക് പൂർണമായും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക സർക്കാർ തീരുമാനിക്കുന്നതിന് അനുസരിച്ച് അതിവേഗം ലഭ്യമാക്കാനും അതുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾ കളക്ടർ, എംഎൽഎ, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾ എന്നിവർ ചേർന്ന് തയാറാക്കുന്നതിനും യോഗം നിർദേശം നൽകി.