എഡിജിപി അജിത്കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു
Thursday, December 5, 2024 2:01 AM IST
തിരുവനന്തപുരം: താൻ അനധികൃത സ്വത്ത് സന്പാദിച്ചിട്ടില്ലെന്നും തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്കു പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്നും വിജിലൻസ് അന്വേഷണ സംഘത്തിന് എഡിജിപി എം.ആർ. അജിത്കുമാറിന്റെ മൊഴി.
അനധികൃത സ്വത്തു സന്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ ബറ്റാലിയൻ എഡിജിപിയായ എം.ആർ. അജിത്കുമാറിനെ ചോദ്യംചെയ്തപ്പോഴായിരുന്നു മൊഴി.
പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്നു സംസ്ഥാന പോലീസ് മേധാവി നടത്തിയ പ്രാഥമികാന്വേഷണ ശിപാർശ അനുസരിച്ചാണ് സർക്കാർ എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണം അടക്കം മൂന്നു തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചത്.
പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് സ്പെഷൽ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലാണ് എം.ആർ. അജിത്കുമാറിൽനിന്ന് കഴിഞ്ഞ ദിവസം വിവരം ശേഖരിച്ചത്. ചില രേഖകളും അജിത്കുമാർ വിജിലൻസിനു കൈമാറി.
ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വായ്പാ വിവരങ്ങൾ, കവടിയാറിൽ നിർമാണത്തിലിരിക്കുന്ന വീടുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവയാണ് അദ്ദേഹം വിജിലൻസിന് കൈമാറിയത്. ഇവ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
അതേസമയം, ആരോപണവിധേയനായ സസ്പെൻഷനിലുള്ള മുൻ മലപ്പുറം എസ്പി സുജിത് ദാസിനെ വിജിലൻസ് സംഘം പിന്നീടാകും ചോദ്യം ചെയ്യുക. പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ എസ്പിക്കെതിരേ നേരിട്ടുള്ളതായതിനാൽ വിശദമായ പരിശോധനയ്ക്കും വിവര ശേഖരണത്തിനും ശേഷമേ ചോദ്യം ചെയ്യുകയുള്ളൂ.
പ്രാഥമികാന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഒരു മാസത്തിനുളളിൽ സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നുമാണ് വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. ആറുമാസമാണ് അന്വേഷണ കാലാവധി.