വിവാദങ്ങൾ വിനയായെന്ന് സിപിഎം വിലയിരുത്തൽ
Monday, November 25, 2024 4:08 AM IST
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്നു സിപിഎമ്മിനുള്ളിൽ വിലയിരുത്തൽ.
പാർട്ടിയിൽ ദൂരവ്യാപക ചർച്ചകൾക്ക് വഴിമരുന്നിടുന്നതാണ് പാലക്കാട്ടെ തോൽവി. സ്ഥാനാർഥിത്വം മാത്രമല്ല, തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നയസമീപനങ്ങൾവരെ വരുംദിവസങ്ങളിൽ ഇഴകീറിയുള്ള പരിശോധനയ്ക്കു വിധേയമാകും.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. പ്രചാരണം നയിച്ച എം.ബി. രാജേഷ് ഉൾപ്പെടെയുള്ളവർക്കു പക്വത കുറവാണെന്ന വിമര്ശനവും ഒരുവിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നേരിയ വോട്ട് കൂടിയെന്നതാണു നേതാക്കളുടെ ഏക പിടിവള്ളി. എന്നാൽ, ഇതിനായിരുന്നോ പി. സരിനെ ഇറക്കിയതെന്ന മറുചോദ്യവും ഉയരുന്നുണ്ട്.
പെട്ടി വിവാദം മുതൽ "പരസ്യ'വിവാദം വരെ തൊട്ടതിലെല്ലാം പാലക്കാട്ട് കൈപൊള്ളിയെന്ന ചർച്ച താഴെത്തട്ടിലെ ഘടകങ്ങളിലും ഉയരുന്നു. പെട്ടി വിവാദത്തിൽ കോൺഗ്രസിനെ നേരിടാൻ ബിജെപിക്കൊപ്പം സിപിഎമ്മും ഒരുമിച്ചിറങ്ങിയതിലെ നാണക്കേട് ഇനിയും പാർട്ടിയെ വേട്ടയാടും.
ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇടത്തോട്ട് വരുമെന്ന് ഉറപ്പിച്ചിട്ടും കോൺഗ്രസ് റാഞ്ചിയതാണ് മറ്റൊരു വീഴ്ച.
ക്ലീൻ സർട്ടിഫിക്കറ്റ് ആദ്യം നൽകിയ സിപിഎം നേതാക്കൾ പിന്നീട് സന്ദീപിനെ വർഗീയവാദിയാക്കി ചിത്രീകരിച്ചു നടത്തിയ പ്രചാരണവും കോൺഗ്രസ് നന്നായി ഉപയോഗിച്ചു. സന്ദീപിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ വൈകിപ്പോയെന്നാണ് വിമർശനം.
വോട്ടെടുപ്പിനു തൊട്ടുമുന്പുണ്ടായ പത്രപരസ്യ വിവാദവും തിരിഞ്ഞുകൊത്തിയെന്നാണ് നേതാക്കൾക്കിടയിലെ വിലയിരുത്തൽ.