തനഹ: പ്രിയ വാര്യരുടെ ആദ്യ ചിത്രം?
റോയ്, വിഷ്ണു എന്നീ രണ്ടു പോലീസുകാരുടെ കഥ പറയുന്ന ചിത്രമാണ് തനഹ. പ്രകാശ് കുഞ്ഞന്‍ മൂരയില്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് അംബിക നന്ദകുമാറാണ്. സംഗീതം റിജോഷ് ആലുവ. തിരക്കഥ സെല്‍വരാജ് കുളകണ്ടത്തില്‍.
അഭിലാഷ് നന്ദകുമാര്‍, റിറ്റോ വില്‍സന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങള്‍ ആയെത്തുമ്പോള്‍ ശ്രീജിത്ത് രവി, അഞ്ജലി നായര്‍, ഹരീഷ് കണാരന്‍, ഇര്‍ഷാദ്, നന്ദു, സാജു കൊടിയന്‍ എന്നിവരും മികച്ച വേഷങ്ങള്‍ ചെയ്യുന്നു.
റോയ്, വിഷ്ണു എന്നീ രണ്ടു പോലീസ് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഇരുവരും വളരെ ചെറുപ്പത്തില്‍ അധികം അധ്വാനിക്കാതെ തന്നെ പോലീസിലെത്തിയവരാണ്. ഇത് ഇവരുടെ ജോലിയേയും കാര്യമായി ബാധിച്ചിരിക്കുന്നു. ഉത്തരവാദിത്വം തെല്ലുമില്ലാത്തവരാണ് ഇവരെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
പെണ്ണുകാണല്‍ ചടങ്ങിനു പോകാനിരിക്കുന്ന ഇവരെ കാത്തിരുന്നത് പെരുങ്കള്ളനായ ജെയിംസിനെ തൃശ്ശൂര്‍ ജയിലില്‍ നിന്നും കോടതിയിലെത്തിക്കുകയെന്നതാണ്. എന്നാല്‍ കോടതിയിലേക്കുള്ള വഴിയില്‍വെച്ച് കള്ളന്‍ ജെയിംസ് ഇവരെ വെട്ടിച്ചു കടക്കുന്നതു മൂലം ഇരുവര്‍ക്കും ജോലി നഷ്ടപ്പെടുന്നു. പിന്നീട് ഈ കള്ളനെ അന്വേഷിച്ചുള്ള ഇവരുടെ നടത്തുന്ന ശ്രമവും, ഇതിനിടെയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച രണ്ടു വൃദ്ധദമ്പതികളുടെ കൊലപാതകക്കേസില്‍ ഇവര്‍ പെടുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഇതിവൃത്തം.
ജെയിംസ് എന്ന പെരുങ്കള്ളനായി മികച്ച പ്രകടനമാണ് ശ്രീജിത്ത് രവി കാഴ്ചവയ്ക്കുന്നത്. സ്ത്രീ ലമ്പടനായ എസ്‌ഐയുടെ വേഷത്തിലെത്തിയ ശിവജി ഗുരുവായൂരും മികച്ചു നില്‍ക്കുന്നു. മറ്റുള്ളവരുടെ പ്രകടനമെല്ലാം ശരാശരി നിലവാരം മാത്രമാണു പുലര്‍ത്തുന്നത്.
എസ്പിയുടെ വേഷത്തിലെത്തുന്ന അഞ്ജലി നായര്‍ തുടക്കത്തില്‍ അല്‍പം പ്രതീക്ഷ നല്‍കുന്നെങ്കിലും പിന്നീട് പ്രതീക്ഷിച്ചത്ര ശക്തമാകുന്നില്ല. രണ്ടാം പകുതിയില്‍ പതിവു തമാശകളുമായി ഹരീഷ് കണാരന്‍ കസറുന്നു.
പ്രിയ പ്രകാശ് വാരിയറുടെ ആദ്യ ചിത്രം എന്ന നിലയിലും തനഹ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും ഒന്നു കണ്ണടച്ചു തുറക്കന്നത്ര സമയം മാത്രമാണ് പ്രിയ സ്‌ക്രീനിലുള്ളത്. സൂക്ഷ്മമായി ചിത്രം നിരീക്ഷിക്കാത്തവര്‍ക്ക് ഒരു പക്ഷേ പ്രിയ വാരിയര്‍ ചിത്രത്തിലുണ്ടോ എന്നു ചോദിച്ചാലും കുറ്റം പറയാനാവില്ല.
മികച്ചൊരു തിരക്കഥയുടെ മേന്മയോ വമ്പന്‍ താരങ്ങളുടെ സാന്നിധ്യമോ അവകാശപ്പെടാനില്ലാത്ത ഈ കൊച്ചുചിത്രം പ്രേക്ഷകരെ അത്യാവശ്യം ചിരിപ്പിക്കുന്നുണ്ട്. ഒരു ചെറുകഥാതന്തുവിനെ ചിരിയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഈ ഉദ്യമത്തില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ അല്‍പം ചിരിക്കാന്‍ വക നല്‍കുന്ന ചിത്രമാണ് തനഹ.