സേനാപതിയായി പ്രകാശ് രാജ് മിതത്വമാർന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ഗാംഗ്സ്റ്റർ ചിത്രങ്ങളിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യം ഇല്ലെന്നൊന്നും കരുതണ്ട. ജ്യോതികയ്ക്കും അദിതി റാവുവിനും ജയസുധയ്ക്കും ഐശ്വര്യ രാജേഷിനും കഥയിൽ തുല്യപ്രാധാന്യം സംവിധായകൻ നൽകിയിട്ടുണ്ട്.
ആദ്യപകുതി തീരുന്പോൾ ഇതൊരു കുടുംബകഥയായി ഒതുങ്ങുമോ എന്നുള്ള സംശയം പ്രേക്ഷകന് തോന്നാം. എന്നാൽ രണ്ടാം പകുതിയിൽ സംഗതിയുടെ കിടപ്പ് ആകെ മാറുകയാണ്. സന്തോഷ് ശിവൻ മനസ് നിറയ്ക്കുന്ന ഫ്രെയിമുകൾ കൊണ്ട് സിനിമയെ സന്പന്നമാക്കിയിട്ടുണ്ട്. ആ ഫ്രെയിമുകളുടെ ഗുട്ടൻസ് കൃത്യമായി മനസിലാക്കണമെങ്കിൽ സിനിമയുടെ അവസാനം വരെ കണ്ണുംനട്ടിരിക്കണം.
കഥയുടെ ഗതിയെ മാറ്റിമറിക്കുന്ന ഒരു മരണം വന്നുകയറുന്നതോടെ ചിത്രത്തിന്റെ വേഗം ക്രമേണ കൂടിത്തുടങ്ങും. പിന്നെ തലങ്ങും വിലങ്ങും അടിയും ഇടിയും വെടിവയ്പ്പുമാണ്. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളാണ് കൂടുതൽ. അതുകൊണ്ടുതന്നെ ആത്മാർഥതയെന്നു പറയുന്ന സംഗതിക്ക് സംവിധായകൻ സിനിമയിൽ സ്ഥാനം നൽകിയിട്ടില്ല.
തലവനാകാനുള്ള വ്യഗ്രത ഒരാളെ എവിടെ വരെ കൊണ്ടെത്തിക്കുമെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. കുശാഗ്രബുദ്ധിയുള്ള കഥാപാത്രങ്ങളും ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗാംഗ്സ്റ്റർ സിനിമകളിലെ പതിവ് കാഴ്ചകൾക്ക് ഇടയിൽ ട്വിസ്റ്റുകൾ തുടക്കം മുതൽ ഒളിപ്പിച്ചുവയ്ക്കാൻ കഴിഞ്ഞിടത്താണ് സംവിധായകന്റെ വിജയം. ആ ട്വിസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ നെടുംതൂണും.
മണിരത്നം സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയ ഓരോരുത്തരും അവരുടെ കഴിവിന്റെ പരമാവധി തങ്ങളുടെ കഥാപാത്രങ്ങളെ പകർന്നാടാൻ ശ്രമിച്ചിട്ടുണ്ട്. ആ പകർന്നാട്ടങ്ങൾ പ്രേക്ഷകർക്ക് തൃപ്തി നൽകി സ്ക്രീനിൽ നിന്ന് മറയുന്പോഴും അവസാനത്തെ ഫ്രെയിം ഒരിക്കലും മറക്കാൻ പറ്റില്ല. ചെക്ക ചിവന്ത വാനം ഏതുതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നൊരു ചിത്രമാണ്. മണിരത്നത്തിന്റെ ഗംഭീര തിരിച്ചുവരവിനെ ഇരുകൈയും നീട്ടി സ്വീകരിക്കാം.
വി.ശ്രീകാന്ത്