ആറുച്ചാമിയല്ല, അറുബോറൻ സാമി!
പ്രേക്ഷകരെ പരമാവധി വെറുപ്പിച്ച് ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗം എങ്ങനെ പുറത്തിറക്കാൻ കഴിയുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഹരി സംവിധാനം ചെയ്ത സാമി 2. സിനിമ കാണാൻ തീയറ്ററിൽ കയറിയ പ്രേക്ഷകരെ ഇത്രമാത്രം ദ്രോഹിച്ച ഒരു ചിത്രം സമീപഭാവിയിൽ ഉണ്ടായിട്ടുണ്ടാവില്ല.



ആദ്യഭാഗം പ്രേക്ഷകർ വിജയിപ്പിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗം ഇറക്കുന്നത് ഇങ്ങനാണേൽ നിയമം മൂലം നിരോധിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടേണ്ടി വരുമെന്ന് സിനിമാക്കാരെ ഓർമിപ്പിക്കുകയാണ്.

ഇനി സാമി-2 എന്ന ദുരന്തത്തിന്‍റെ വിവരണം തുടങ്ങാം. 2003-ൽ ​റി​ലീ​സ് ചെ​യ്ത സാ​മി​യി​ലെ നായകൻ ആ​റു​ച്ചാമി (വിക്രം) തി​രു​നെ​ൽ​വേ​ലി ന​ഗ​ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ആ​യി​രുന്നല്ലോ (എല്ലാവർക്കും ഓർമയുണ്ടാകുമെന്ന് കരുതുന്നു). ഇ​ത്ത​വ​ണ ആ​റു​ച്ചാമി അല്ല, മ​ക​ൻ രാ​മ​സാ​മിയാണ് നാ​യ​ക​ സ്ഥാ​ന​ത്ത്. അങ്ങനെയൊരു തലമുറ മാറ്റം ഇവിടെ സംഭവിച്ചിട്ടുണ്ട്.



തി​രു​നെ​ൽ​വേ​ലി ന​ഗ​ര​ത്തി​ലെ ഡോ​ണ്‍ ആ​യി​രു​ന്ന പെ​രു​മാ​ൾ പി​ച്ച​യെ ഇ​ഷ്ടി​ക​ച്ചൂ​ള​യി​ൽ അ​വ​സാ​നി​പ്പി​ക്കുന്നതായിരുന്നല്ലോ ആദ്യ സാമിയുടെ അവസാനം. ആറുച്ചാമി പിന്നീട് സേവനമനുഷ്ഠിക്കാൻ പോയത് ദി​ണ്ടി​ഗ​ൽ മാ​വ​ട്ട​ത്തി​ലെ പ​ഴ​നി ന​ഗ​ര​ത്തി​ലാണ്. ഇ​വി​ടെ നി​ന്നാ​ണ് സാ​മി 2 എന്ന "ദുരന്തം' ആരംഭിക്കുന്നത്.

സാമി കൊന്ന പെ​രു​മാ​ൾ പി​ച്ച​യുടെ കൊ​ളം​ബോ​യി​ലു​ള്ള ഭാ​ര്യ​യു​ടെ അ​ടു​ത്തേ​ക്കാ​ണ് സംവിധായകൻ ആദ്യം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. പെരുമാൾ പിച്ചയ്ക്ക് ഘടാഘടിയൻമാരായ മൂന്നു മക്കളുണ്ട്. മ​ഹേ​ന്ദ്ര പി​ച്ച, ദേ​വേ​ന്ദ്ര പി​ച്ച, രാ​വ​ണ​പി​ച്ച. പേരുപോലെ പിച്ചക്കാരൊന്നുമല്ല ഇവർ. ഇതിലൊരുത്തനാണെങ്കിൽ കൊടും ക്രിമിനലാണ്. (രാവണപിച്ച-ബോബി സിംഹ)




അപ്പൻ പിച്ചയെ കൊന്ന സാമിയെ ഇല്ലാതാക്കൻ ഘടാഘടിയന്മാർ രംഗത്തിറങ്ങുന്നതാണ് പിന്നീടുള്ള ദുരന്തം. ആദ്യ സാമിയിൽ നായികയായിരുന്ന തൃഷ രണ്ടാം ഭാഗത്തിൽ എന്തുകൊണ്ട് അഭിനയിച്ചില്ലെന്നുള്ള ഉത്തരം സിനിമ കാണുന്ന എല്ലാ ഹതഭാഗ്യർക്കും മനസിലാകും. തൃഷ ഉപേക്ഷിച്ചതിനാൽ ഐശ്വര്യ രാജേഷിനെ ആറുച്ചാമിക്ക് സംവിധായകൻ കെട്ടിച്ചുകൊടുക്കുകയായിരുന്നു. ദോഷം പറയരുതല്ലോ, ഈ രണ്ടു കഥാപാത്രങ്ങളും മാത്രമാണ് പ്രേക്ഷകരെ വെറുപ്പിക്കാതിരുന്നത്. കാരണം സിനിമ തുടങ്ങി കുറച്ചു കഴിയുന്പോൾ തന്നെ രണ്ടുപേരും കൊല്ലപ്പെടും (ഉപദ്രവമുണ്ടായില്ല).

ആറുച്ചാമിയെയും ഭാര്യയെയും (ഐശ്വര്യ രാജേഷ്) പിച്ചെയുടെ മക്കൾ കൊല്ലുന്നതാണ് സിനിമയിലെ ഏറ്റവും ചിരിനിറച്ച സീനുകളിൽ ഒന്ന്. (പ്രത്യേകം ശ്രദ്ധിക്കണം... ഐശ്വര്യ ലക്ഷ്മി അപ്പോൾ ഗർഭിണിയാണ്.) പിച്ചെകളുടെ ആക്രമണത്തെ തുടർന്ന് മരണം ഉറപ്പാകുന്നതോടെ ആറുച്ചാമി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് പെരുമഴയത്ത് ഭാര്യയുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയാണ്. അദ്ഭുതം തോന്നുവല്ലേ‍? അതെ, അതാണ് സത്യം. അങ്ങനെയാണ് രാമസാമി എന്ന പുതിയ നായകൻ ജനിച്ചത്.



രാമസാമിയും വെറുതെയിരുന്നില്ല. സിവിൽ സർവീസിന് പഠിക്കാൻ നേരെ ഡൽഹിക്ക് വണ്ടിപിടിച്ചു. അതിനിടയിൽ പുള്ളി കേന്ദ്ര മന്ത്രിയുടെ മകളെ (കീർത്തി സുരേഷ്) പ്രേമിച്ചു. (ഇതിന്‍റെ പേരിൽ കളർഫുൾ പാട്ടൊക്കെ ഇടയ്ക്ക് വന്നുപോകുന്നുണ്ട്. വലിയ കാര്യമൊന്നുമില്ല.) പ്രേമത്തിനിടയിലും പഠിച്ചു മിടുക്കനായി രാമസാമി പഴയ അതേ തിരുനെൽവേലിയിൽ ഐപിഎസുകാരനായി എത്തി അപ്പനെയും അമ്മയെയും കൊന്നവരോട് പ്രതികാരം ചെയ്യുന്നതോടെ സാമി 2 എന്ന ദുരന്തം പര്യവസാനിക്കും.

ഇത്രയൊക്കെ പറഞ്ഞിട്ടും സാമി 2 കാണണമെന്നു ആർക്കെങ്കിലും തോന്നുണ്ടോ. എങ്കിൽ നിങ്ങൾ രോഗിയാണ്, വലിയ രോഗി. വലിയൊരു അപകട മുന്നറിയിപ്പും സിനിമയുടെ അവസാനം സംവിധായകൻ നൽകുന്നുണ്ട്. സാമി 3 എന്നതാണ് ആ അപകടം.

സോനു തോമസ്