ഒടിയന്‍ മാണിക്യന്റെ ഒടിവിദ്യ എങ്ങനെ? റിവ്യൂ
ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ് ഒടിയന്‍മാരുടെ ജീവിതം. കാളയായും പോത്തായും മാനായും വേഷംമാറാന്‍ കഴിവുള്ളവരാണ് ഒടിയന്‍മാര്‍. ഇരുട്ടിന്‌റെ മറവില്‍ ഇത്തരം ഒടിവിദ്യയിലൂടെ പേടിപ്പിക്കാനെത്തുന്ന ഒടിയന്‍മാര്‍ നാട്ടുകാര്‍ക്കെന്നും പേടി സ്വപ്‌നമാണ്.



പാലക്കാടും പരിസരങ്ങളിലും ഏറെ പേരുകേട്ട ഒടിയന്‍മാരുടെ കഥ പറയുന്ന ചിത്രം ഇവരില്‍ അവസാന ആളായ മാണിക്യന്റെ കഥയാണ് പറയുന്നത്.

ഉപദ്രവകാരിയൊന്നുമല്ലെങ്കിലും മാണിക്യനെ നാട്ടുകാര്‍ക്കു ഭയവും വെറുപ്പുമാണ്. അതിനു നാട്ടുകാര്‍ക്കു ചില വ്യക്തമായ കാരണങ്ങളുണ്ട്. ഈ കാരണങ്ങളിലൂടെ ഫ്‌ളാഷ്ബാക്കും കഥയും ഇടകലര്‍ന്നാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്.



ആദ്യ പകുതിയില്‍ ചില സസ്‌പെന്‍സുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കഥ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ വിജയിച്ചിരിക്കുന്നു.

കഥാപാത്രങ്ങള്‍

മോഹന്‍ലാല്‍ എന്ന നടന്‌റെ ചിത്രം തന്നെയാണ് ഒടിയന്‍. കൈവിരലുകള്‍ക്കോ കണ്ണിനോ മാത്രമല്ല, കാല്‍വിരലുകള്‍ക്കും അഭിനയിക്കാനാകുമെന്ന് ഈ അതുല്യ നടന്‍ വീണ്ടും തെളിയിച്ചു.

മോഹന്‍ലാലിനെ പോലൊരാള്‍ നായകനാകുമ്പോള്‍ കട്ടയ്ക്കു നില്‍ക്കുന്നതാവണം വില്ലന്‍. വില്ലന്‍ വേഷത്തില്‍ പ്രകാശ് രാജും തകര്‍ത്തഭിനയിച്ചു. മനസും മുഖവും കറുത്ത രാവുണ്ണിയായെത്തിയ പ്രകാശ് രാജ് തന്‌റെ പതിവു ശൈലിയില്‍ തന്നെ തിളങ്ങി.

ഏറെക്കാലത്തിനു ശേഷം മഞ്ജു വാരിയര്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നു എന്നതായിരുന്നു മറ്റൊരു പ്രധാന സവിശേഷത. പ്രഭ തമ്പുരാട്ടിയുടെ വേഷം മഞ്ജു മികച്ചതാക്കിയപ്പോള്‍ നരെയ്ന്‍, സന അല്‍ത്താഫ്, ഇന്നസെന്റ്, സിദ്ധിഖ്, കൈലേഷ്, നന്ദു എന്നിവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. ഗുജറാത്തില്‍ നിന്നുള്ള മറാത്തി താരം മനോജ് ജോഷി മുത്തപ്പന്‍ എന്ന വേഷം ചെയ്തിരിക്കുന്നു.


റിലീസിനു മുന്‍പുതന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. എം. ജയചന്ദ്രന്റെ സംഗീതവും സാമിന്റെ പശ്ചാത്തല സംഗീതവും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ആദ്യ ചിത്രത്തിനു തന്നെ ദേശീയ അവാര്‍ഡു വാങ്ങിയ ഹരികൃഷ്ണന്‍ ആണ് തിരക്കഥ.

ഷാജി കുമാര്‍ ആണ് ചായാഗ്രഹണം. ഇരുട്ടിന്‌റെ പശ്ചാത്തലത്തിലും വിഷ്വലുകള്‍ക്കു കൃത്യത നല്‍കുന്നതിനൊടൊപ്പം തന്നെ ഭയം എന്ന വികാരം നശിപ്പിക്കാതെ തന്നെയാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മികച്ചു നില്‍ക്കുന്നു. പ്രത്യേകിച്ചും ക്ലൈമാക്‌സ് രംഗവും ഗംഭീരമായിത്തന്നെ ചെയ്തിട്ടുണ്ട്. പേടിയാണ് പ്രധാന വിഷയം. എന്നാല്‍ പ്രണയത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഘട്ടത്തിലും പ്രണയ രംഗങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കാതെ ശ്രദ്ധിച്ചിട്ടുമുണ്ട്.



വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്‌റണി പെരുമ്പാവൂരാണ്. 31 രാജ്യങ്ങളിലെ 3500 തിയറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ഒടിയന്‍ ഇന്നു വരെ മലയാള സിനിമ കണ്ടതില്‍ വച്ചേറ്റവും വലിയ റിലീസുകളിലൊന്നാണ്.

റിലീസിനു മുന്‍പുതന്നെ 100 കോടി നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും ഒടിയന്‍ നേടി. പിന്നീട് ചിത്രത്തിനായി തടി കുറച്ചു മോഹന്‍ലാല്‍ കൂടുതല്‍ യുവാവായതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

എല്ലാ പ്രേക്ഷകരെയും ഒരു പോലെ പിടിച്ചിരുത്തുന്ന ചിത്രം എന്നു പറയാനാവില്ല. പ്രത്യേകിച്ച് ഒടിയന്‍ ഒരു മാസ് ചിത്രമാണെന്നു കരുതി ടിക്കറ്റെടുക്കുന്നവര്‍ക്ക്. ഇതൊരു മാസ് ചിത്രമല്ലെന്നു മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുടുംബ പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന മികച്ചൊരു ചിത്രം തന്നെയാണ് ഒടിയന്‍.