കോമഡി ട്രാക്കിൽ ജോണി അപ്പാ
ജോണി ജോണി യെസ് അപ്പാ എന്ന ചിത്രത്തിൽ കഥകൾ നിരവധിയാണ്. അതിനാൽ രണ്ടര മണിക്കൂർ ദൈർഘ്യം കുതിച്ചുപായുന്ന പോലെ അവസാനിക്കും. ഇടയ്ക്കിടെ ചിരിയും അല്പം മടുപ്പും സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത്.

കാര്യമാത്ര പ്രസക്തമല്ലാത്ത കഥയിൽ തന്‍റെ കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ മനോഹരമാക്കി. ജോണിയുടെ സ്വഭാവത്തെ കുറിച്ചൊരു ധാരണ സംവിധായകൻ ജി. മാർത്താണ്ഡൻ ആദ്യം തന്നെ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് എല്ലാവർക്കും ബോധ്യമാകും. ക്ലീഷേ കഥയിൽ ചിരിനിറച്ചു പ്രേക്ഷകരെ പിടിച്ചിരുത്താനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.ജോണി (കുഞ്ചാക്കോ ബോബൻ) നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടപ്പെട്ടവനാണ്. അവന്‍റെ പ്രവർത്തികളെ വാനോളം പുകഴ്ത്തിയാണ് ചിത്രം തുടങ്ങുന്നത് തന്നെ. അധ്യാപകനായ (വിജയരാഘവന്‍റെ) മൂന്നു മക്കളിൽ ഒരുവനാണ് ജോണി. ചേട്ടനോടും (ടിനി ടോം) അനിയനോടും (ഷറഫുദീൻ) ഉള്ളതിനേക്കാൾ സ്നേഹം അച്ഛന് എപ്പോഴും ജോണിയോടാണ്. അതിനുള്ള കാരണങ്ങൾ സംവിധായകൻ അക്കമിട്ട് ചിത്രത്തിൽ നിരത്തുന്നുണ്ട്. എന്നാൽ ജോണിയുടെ ഉള്ളിലിരുപ്പും തൊഴിലും എന്താണെന്ന് പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ വെളിപ്പെടുത്തുന്നതോടെ ചിത്രത്തിന്‍റെ പോക്ക് വേഗത്തിലാകും.

അനുസിത്താരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തന്‍റേടിയും തന്‍റെ ഇഷ്ടങ്ങൾ തുറന്നു പറയാൻ മടിയുമില്ലാത്ത നായിക ചിത്രത്തിൽ ഉടനീളം ചുറുചുറുക്കുള്ള പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. കോമഡിയുടെ ട്രാക്ക് ഷറഫുദിന് സംവിധായകൻ മുഴുവനായി തീറെഴുതി കൊടുത്തിരിക്കുകയാണ്. ചില നന്പറുകളൊക്കെ പാളിപ്പോകുന്നുണ്ടെങ്കിലും ഷറഫ് കോമഡി ട്രാക്ക് കൈകാര്യം ചെയ്യാൻ മിടുക്കനാണെന്ന് വീണ്ടും തെളിയിച്ചു. ടിനി ടോം കിട്ടിയ വേഷം ഗംഭീരമാക്കി മത്സരിച്ച് അഭിനയിക്കുന്നുണ്ട്.
കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ചിത്രത്തിലെ വില്ലൻ. ക്ലീഷേ രംഗങ്ങൾ ആവോളം ചിത്രത്തിൽ കുത്തിനിറച്ചിട്ടുണ്ട്. എഴുതി തീർത്ത രംഗങ്ങൾ അത്രയും അഭിനേതാക്കൾ അഭിനയിച്ച് തീർക്കുന്നതിനിടയിലും ചിത്രം മുന്നോട്ടുപായാൻ പാടുപ്പെടുന്നുണ്ട്. ഉൗഹിക്കാവുന്ന കഥാഗതിയിൽ നിന്നും ഒരു ട്വിസ്റ്റ് സമ്മാനിച്ചാണ് ആദ്യ പകുതിയുടെ കർട്ടൻ വീഴുന്നത്.

രണ്ടാം പകുതിയിൽ കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താൻ ആവശ്യത്തിന് സെന്‍റിമെൻസും സംവിധായകൻ തിരുകി കയറ്റിയിട്ടുണ്ട്. പുതുമയില്ലാത്ത ഇത്തരം രംഗങ്ങൾ പ്രേക്ഷകന് മടുപ്പ് മാത്രമാണ് സമ്മാനിച്ചത്. രണ്ടാം പകുതിയുടെ കടിഞ്ഞാണ്‍ സംവിധായകൻ ആദി(സനൂപ് സന്തോഷ്)യുടെയും നായകന്‍റെയും കരങ്ങളിലാണ് ഏൽപ്പിച്ചിരിക്കുന്നത്.

കഥ ആദിയുടെ വഴിയെ യാത്ര ചെയ്തു തുടങ്ങുന്നതോടെയാണ് കല്ലുകടികൾ വന്നു തുടങ്ങുന്നത്. പിന്നാലെ ജയിൽ സൂപ്രണ്ടിന്‍റെ വേഷത്തിൽ ലെന കൂടി എത്തുന്നതോടെ ആകെ പിടിവിട്ടുപോയി. ഈ രംഗങ്ങൾ അത്രയും പ്രേക്ഷകന് മുഷിപ്പ് മാത്രമാണ് സമ്മാനിച്ചത്.

ഷാൻ റഹ്മാന്‍റെ സംഗീതം ചിത്രത്തിന് മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. വിനോദ് ഇല്ലന്പള്ളിയുടെ ദൃശ്യങ്ങൾ ചിത്രത്തെ കളർഫുള്ളാക്കി മാറ്റി. നിരവധി ഘടകങ്ങൾ ചേരുംപടി ചേരാതെ ചിത്രത്തെ പിന്നോട്ട് അടിച്ചുവെങ്കിലും കുഞ്ചാക്കോ ബോബൻ തന്‍റെ പ്രകടനംകൊണ്ട് അതല്ലൊം മറികടക്കുകയായിരുന്നു. നായകൻ തോളിൽ താങ്ങിയാണ് ജോണി ജോണി യെസ് അപ്പായെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നതും.

വി.ശ്രീകാന്ത്