ചിരിപ്പിച്ചു കൊല്ലുന്ന ഗുണ്ടായിസവുമായി ബിജു മേനോന്‍! പടയോട്ടം റിവ്യൂ
നവാഗതനായ റഫീക്ക് ഇബ്രാഹിം തിരക്കഥയെഴുതി, സംവിധാനം ചെയ്ത ചിത്രമാണ് പടയോട്ടം. ഓണച്ചിത്രമായി റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയാണെങ്കിലും കേരളത്തിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു.



സുഹൃത്തും നാട്ടിലെ വളര്‍ന്നു വരുന്ന ഗുണ്ടയുമായ പിങ്കിയെ പഞ്ഞിക്കിട്ടവനോടു പകരം വീട്ടാനുള്ള മൂന്നു കൂട്ടുകാരുടെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പടയോട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒറ്റയ്ക്കു കാസര്‍ഗോഡുവരെ പോയി കൃത്യം ചെയ്തു വരാന്‍ സാധിക്കില്ല എന്ന നല്ല ബോധ്യം ഇവര്‍ക്കുണ്ട്. അതുകൊണ്ട് അവര്‍ കന്യാകുമാരി മുതല്‍ കാസര്‍ഗോഡു വരെ നെറ്റ്‌വര്‍ക്കുള്ള, പേരുകേട്ട ഗുണ്ടയായ ചെങ്കല്‍ രഘുവിന്റെ സഹായം തേടുന്നു.

ചെങ്കല്‍ രഘു ഇവര്‍ക്കൊപ്പം ചേരുന്നതോടെ ഈ പടയോട്ടത്തിനു മൈലേജ് കൂടുന്നു. പേരു കേട്ട് പേടിക്കണ്ട രഘു മാസ് ഗുണ്ടയല്ല മറിച്ച് ക്ലാസ് ഗുണ്ടയാണ്. നല്ലവനായ ഉണ്ണി എന്നൊക്കെ ട്രോളന്മാര്‍ പറയുന്നതു പോലെ വളരെ നല്ലവനായ ഗുണ്ടയാണ് ചെങ്കല്‍ രഘു.

നല്ലവന്‍ എന്നു പറഞ്ഞാല്‍ മാത്രം പോരാ കഥാപാത്രം ഇപ്പോഴും ഒരു അമ്മക്കുട്ടി കൂടെയാണ് എന്നത് പല രംഗങ്ങളിലും വ്യക്തമാണ്.

നിരവധി ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്കു പ്രിയങ്കരനായി മാറിയ ബിജു മേനോന്‍ ആണ് ചെങ്കല്‍ രഘുവായി എത്തുന്നത്. ബിജു മേനോന്റെ മാസ് ലുക്കിലുള്ള താടിയും ഗെറ്റപ്പും ഇതിനകം തന്നെ വൈറല്‍ ആയതാണ്.

തിരുവനന്തപുരം സ്ലാങ്ങ് പറഞ്ഞ്, ഒരു പക്കാ തിരുവനന്തപുരത്തുകാരനായി മാറാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. അനു സിത്താരയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ലൗ സ്‌റ്റോറിയുടെ കൊച്ചുമണം അടിക്കുമെങ്കിലും വളരെ ചെറിയ ഒരു പോര്‍ഷനില്‍ മാത്രമേ നായികയുള്ളൂ.


കണ്ടും കേട്ടും ശീലമായ പ്രതികാരമാണ് കഥയുടെ പശ്ചാത്തലമെങ്കിലും കോമഡിയുടെ ടച്ച് വന്നതോടെ പ്രതികാരത്തിന്റെ കളര്‍ തന്നെ മാറുകയായിരുന്നു. തുടക്കത്തില്‍ ഒരല്പം ലാഗ് ചിലയിടങ്ങളിലായി തട്ടുമെങ്കിലും കഥ മുന്നോട്ടു പോകുന്തോറും ചിരിയുടെ ഗ്രാഫ് മുകളിലേക്ക് കയറി കയറി ഒടുവില്‍ ചിരി നിര്‍ത്താന്‍ സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് സിനിമ പ്രേക്ഷകനെ എത്തിക്കുന്നു.

സേനന്‍ ആയി ദിലീഷ് പോത്തനും ശ്രീക്കുട്ടനായി സൈജുക്കുറുപ്പും, രഞ്ജുവായി സുധികോപ്പയും ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. ഇവര്‍ക്കു പുറമേ സേതുലക്ഷ്മി, ഹരീഷ് കണാരന്‍, സുരേഷ് കൃഷ്ണ, ലിജോ ജോസ് പല്ലിശേരി, ഐമ റോസി, ഗണപതി, ബേസില്‍ ജോസഫ് തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വീക്ക് എന്‍ഡ് ബ്ലോക്ബസ്‌റ്റേഴസിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

രണ്ടേകാല്‍ മണിക്കൂര്‍ മറ്റൊന്നും ചിന്തിക്കാതെ ചിരിക്കാന്‍ തയാറായുള്ള ആര്‍ക്കും ധൈര്യമായ പടയോട്ടത്തിനു ടിക്കറ്റ് എടുക്കാവുന്നതാണ്. ഒരു ഫുള്‍ ഓണ്‍ മാസ് കോമഡി ത്രില്ലറായ പടയോട്ടത്തിനു ഞങ്ങള്‍ നല്‍കുന്ന റേറ്റിംഗ് അഞ്ചില്‍ 3.5.



വാല്‍ക്കഷണം

1982ല്‍ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത് പ്രേം നസീര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിച്ച പടയോട്ടം എന്ന ചിത്രം ഇറങ്ങിയിരുന്നു. എന്നാല്‍ ആ ചിത്രവുമായി റഫീക്ക് ഇബ്രാഹിമിന്റെ പടയോട്ടത്തിന് യാതൊരുവിധ ബന്ധവുമില്ല.

അഞ്ജലി അനില്‍കുമാര്‍