ഹൊറർ ത്രില്ലറിന് പറ്റിയ പശ്ചാത്തല സംഗീതംസുഷിൻ ശ്യാം മനസറിഞ്ഞ് നൽകിയ പശ്ചാത്തല സംഗീതത്തിന് ലില്ലിയുടെ അണിയറ പ്രവർത്തകർ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ലില്ലി എന്ന ഹൊറർ ത്രില്ലറിന്റെ നെടുതൂണാണ് പശ്ചാത്തല സംഗീതം. അതില്ലെങ്കിൽ ലില്ലിയില്ല എന്നതാണ് വസ്തുത. ലില്ലിയുടെ ഓരോ അതിജീവന നീക്കവും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും.
കൈവിട്ടുപോയി എന്നുള്ള തോന്നൽ ഇടയ്ക്കിടെ വരുന്ന നിമിഷങ്ങളിലെല്ലാം ലില്ലി തന്റെ പ്രകടനംകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുകയായിരുന്നു. രണ്ടാം പകുതിയിൽ വയലൻസിന്റെ കടന്നുകയറ്റം പ്രേക്ഷകരെ ഒരു പ്രത്യേക അവസ്ഥയിൽ എത്തിക്കുമെന്ന കാര്യം ഉറപ്പാണ്. ശ്രീരാജ് രവീന്ദ്രന്റെ കാമറക്കണ്ണുകൾ ചിത്രത്തെ കൂടുതൽ ഉദ്വേഗഭരിതമാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. കണ്ടിറങ്ങിയാൽ ഓർമയിൽ നിൽക്കുന്ന നിരവധി ഫ്രെയിമുകൾ ഛായാഗ്രാഹകൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.
ട്വിസ്റ്റ് പൊളിച്ചു ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി എത്തിയാണ് സംവിധായകൻ ചിത്രത്തെ താങ്ങിനിർത്തുന്നത്. ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ലില്ലിയുടെ ബാലൻസ് തെറ്റിപ്പോയേനെ. കഥയുടെ വഴി ഫ്ലാഷ് ബാക്കിലേക്കും പിന്നെ ട്വിസ്റ്റിലേക്കും തിരിയുന്നതിനിടെ ലില്ലി ആകെ ക്ഷീണിതയായിരുന്നു. എന്നിട്ടും അവൾക്ക് അതിജീവിക്കാനുള്ള വെന്പൽ കൂടിക്കൂടി വന്നുകൊണ്ടേയിരുന്നു.
കണ്ണൻ നായരും സംഘവും വേറിട്ട പ്രകടനമാണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ ആണ് സാന്നിധ്യങ്ങൾ ചുമ്മാ പേരിനുവേണ്ടി ആയിരുന്നില്ലായെന്ന് ലില്ലി സാക്ഷ്യം പറയുന്നു. കഥ ഇനിയുമുണ്ടെന്നുള്ള തോന്നൽ നിലനിൽക്കേ കാര്യങ്ങളെല്ലാം സംവിധായകൻ മാറ്റിമറിക്കുകയാണ്. ലില്ലിയുടെ വിശേഷങ്ങൾ തുടരുമെന്ന് ഉറപ്പു നൽകിയാണ് ഒന്നരമണിക്കൂർ നീണ്ട കാഴ്ചകൾക്ക് സംവിധായകൻ കട്ട് പറയുന്നത്.
വി.ശ്രീകാന്ത്