മുജീബ് മജീദ് സംഗീതം നൽകിയ പാട്ടുകളാണ് മന്ദാരത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. വർഷ ബൊല്ലമ്മയും അനാർക്കലി മരിക്കാറുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. നിറഞ്ഞ പുഞ്ചിരിയുമായി വർഷ ചിത്രത്തിന്റെ സിംഹഭാഗവും അപഹരിക്കുന്നുണ്ട്.
ചാരുവിന്റെയും (വർഷ) രാജേഷിന്റെയും ഇടയിലെ പ്രണയമാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ചിത്രത്തിനു പുത്തനുണർവ് നൽകുന്നത്. പിന്നീട് അങ്ങോട്ട് സംഭവിക്കുന്ന കാര്യങ്ങൾ ചിത്രത്തിന്റെ പോക്ക് ആകെമൊത്തമൊന്ന് മാറ്റും. പ്രണയത്തിന്റെ കടന്നുവരവും ഇറങ്ങിപ്പോക്കുമെല്ലാം മനോഹരമായി തന്നെ സംവിധായകൻ ആവിഷ്കരിച്ചിട്ടുണ്ട്.
ഛായാഗ്രാഹകൻ ബാഹുൽ രമേഷ് കിടിലൻ ഫ്രെയിമുകളാൽ ചിത്രത്തെ സന്പന്നമാക്കിയിട്ടുണ്ട്. ചേക്ലേറ്റ് പയ്യനായി, കുറ്റിത്താടി വച്ച്, പിന്നെ കട്ടത്താടി വച്ച് മൂന്നു ഗെറ്റപ്പുകളിലാണ് ആസിഫ് ചിത്രത്തിലെത്തുന്നത്.
പ്രണയം നൽകിയ പാഠങ്ങളുമായി കട്ടത്താടിവച്ച് മുടി നീട്ടിയ നായകൻ അവസാന അരമണിക്കൂറിൽ കാട്ടുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ രണ്ടാം നായിക അനാർക്കലി പ്രവേശിക്കുന്നതും ഈ ഭാഗത്തു തന്നെ.
പ്രണയത്തിന്റെ ട്രാക്ക് മാറ്റി യാത്രയുടെ ട്രാക്കിലേക്ക് സിനിമ തിരിയുന്നതോടെ പതിവ് ക്ലീഷേകളിൽ നിന്നും മന്ദാരം രക്ഷപ്പെടുന്നുണ്ട്. പ്രണയവും നൈരാശ്യവും തേടിയെത്തിയിട്ടുള്ള ഏതൊരാൾക്കും ഈ മന്ദാരത്തെ ഏറെ ഇഷ്ടമാകും.
വി.ശ്രീകാന്ത്