ചിത്രത്തിൽ ഏറ്റവും നാടകീയത കടന്നുവരുന്നത് രാജുവും റോസമ്മയും തമ്മിലുള്ള കോംബിനേഷൻ സീനുകളിലാണ്. അമ്മയോട് മക്കൾക്കില്ലാത്ത ആത്മബന്ധം രാജുവിന് എങ്ങനെയുണ്ടായി എന്ന് സിനിമ കണ്ടുതന്നെ അറിയുക.
അമ്മയുടെയും മക്കളുടെയും കഥയ്ക്കിടയിലൂടെ രാജുവിന്‍റെ കഥയും സംവിധായകൻ സൈഡ് ട്രാക്കിലൂടെ കൊണ്ടുപോകുന്നുണ്ട്. ഭാര്യ രേഖയുമായുള്ള (ആശ ശരത്ത്) പിണക്കങ്ങളും അത് പരിഹരിക്കാനുള്ള അയാളുടെ ശ്രമങ്ങളുമെല്ലാം ഏറെ രസകരമാണ്. കുസൃതി നിറഞ്ഞ പഴയ മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനുള്ള രഞ്ജിത്തിന്‍റെ ശ്രമങ്ങൾ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്.
മോഹൻലാലിന്‍റെ സ്വതസിദ്ധമായ മാനറിസങ്ങളും സൂക്ഷ്മാഭിനയവും ഡ്രാമയിലും മിന്നിമറയുന്നുണ്ട്. കള്ളത്തരങ്ങൾ ഒപ്പിക്കാനും പറഞ്ഞു ഫലിപ്പിക്കാനും ഇതുപോലെ മറ്റാർക്കും കഴിയില്ലെന്ന് തന്‍റെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം എത്രയോ വട്ടം തെളിയിച്ചതാണ്.
നാടകീയതയും വൈകാരികതയും മാറിമാറി മുന്നേറുമ്പോൾ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ദൗത്യം സംവിധായകൻ എല്ലാവർക്കുമായി വീതിച്ചു നല്കുകയായിരുന്നു. മോഹൻലാലിനൊപ്പം ബൈജുവും ജോണി ആന്‍റണിയും സുബിയും ആ ജോലി ഭംഗിയായി നിർവഹിച്ചു. ചിരിവിരുന്നൊരുക്കുന്ന കാര്യത്തിൽ താൻ വേറെ ലെവലാണെന്ന് ബൈജു വീണ്ടും തെളിയിച്ചു. സംവിധായകനായി മാത്രമല്ല നടനായി ചിരിപ്പിക്കാനും തനിക്കറിയാമെന്ന് ജോണി ആന്‍റണിയും കാണിച്ചുതന്നു.
ചെറിയ ഒരു കഥ രണ്ടരമണിക്കൂർ ദൈർഘ്യമുള്ള സിനിമയായി പരുവപ്പെടുത്തുന്നതിൽ ഒരു പരിധിവരെ രഞ്ജിത്ത് വിജയിച്ചിട്ടുണ്ട്. പക്ഷേ, രഞ്ജിത്ത്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷിക്കാവുന്ന അദ്ഭുതങ്ങൾ ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല.
ചിത്രത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മോഹൻലാൽ തന്‍റെ കഥാപാത്രത്തെ അസാമാന്യ പാടവത്തോടെ അവതരിപ്പിച്ചെങ്കിലും സൂപ്പർതാരത്തിന് ഒട്ടും വെല്ലുവിളിയുയർത്താൻ രാജുവിനായില്ല. അമിതപ്രതീക്ഷകളില്ലാതെ പോയാൽ നൈസായി കണ്ടിറങ്ങാം ഈ ഡ്രാമ.
ഡെന്നിസ് ജേക്കബ്