നിവിനും മോഹൻലാലും ഒന്നിച്ചുള്ള രംഗങ്ങൾക്ക് പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന പശ്ചാത്തല സംഗീതം കൂടി ഗോപി സുന്ദർ നൽകിയതോടെ ചിത്രം അതിവേഗം കുതിച്ചു തുടങ്ങി. കൊച്ചുണ്ണിയെ കായംകുളം കൊച്ചുണ്ണിയാക്കി മാറ്റി പക്കി പിൻവാങ്ങുന്നതോടെയാണ് നിവിൻ കൂടുതൽ ഊർജസ്വലനാകുന്നത്.
ഉയർന്ന ജാതിക്കാരുടെ പേടിസ്വപ്നമായി, പാവങ്ങളുടെ പടത്തലവനായി കൊച്ചുണ്ണി മാറുന്നതോടെ ചിത്രം ഗൗരവഭാവത്തിലേക്ക് എത്തും. ഇതിനിടയിലും ചിരി വഴിയൊരുക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ജൂഡ് ആന്റണി ബ്രാഹ്മണനായി എത്തി ഇത്തിരി നേരംകൊണ്ട് പ്രേക്ഷകരെ ആവോളം രസിപ്പിച്ചാണ് മിന്നിമറയുന്നത്. ആദ്യ പകുതിയിലെ പ്രണയഭാവം വിട്ട് നായിക പ്രിയ ആനന്ദ് രണ്ടാം പകുതിയിൽ മറ്റൊരു പരിവേഷത്തിലേക്ക് എത്തുന്നതും കാണേണ്ട കാഴ്ചയാണ്.
കൊച്ചുണ്ണിയുടെ ചുറ്റിലും ചതിക്കുഴികൾ രൂപപ്പെടുന്നതോടെ ഏതൊരു മനുഷ്യനിലും സ്വാർഥത ഉടലെടുക്കുമെന്ന് സംവിധായകൻ കാട്ടിത്തരുന്നുണ്ട്. സംഘട്ടന രംഗങ്ങളിലെല്ലാം തഴക്കം വന്ന അഭ്യാസിയെപ്പോലെ നിവിൻ നിറഞ്ഞു നിൽക്കുകയാണ്. സംഘട്ടന രംഗങ്ങൾ അണിയിച്ചാരുക്കിയവരെ എത്രതന്നെ അഭിനന്ദിച്ചാലും മതിയാവില്ല. പ്രത്യേകിച്ചും ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങൾ.
കഥപറച്ചിലിനിടയിലും പിന്നീട് ആവേശത്തിമിർപ്പിനിടയിലും മിഴിവുള്ള കാഴ്ചകൾകൊണ്ട് ബിഗ്സ്ക്രീനിനെ സന്പന്നമാക്കി ഛായാഗ്രാഹകരായ ബിനോദ് പ്രദനും നീരവ് ഷായും സുധീറും കായംകുളം കൊച്ചുണ്ണിയുടെ ഓർമ പുതുക്കലിന് മിഴിവേകി.
ക്ലൈമാക്സിൽ തങ്ങളായി എത്തിയ ബാബു ആന്റണിയുടെ പ്രകടനം പ്രേക്ഷകരെ ആവേശ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. കേശവനായി എത്തി സണ്ണി വെയ്ൻ തനിക്ക് കിട്ടിയ പ്രതിനായക വേഷം കൈയടക്കത്തോടെ കൈകാര്യം ചെയ്തു.
കൊച്ചുണ്ണിക്ക് ആരേയും ആവേശത്തിലേക്ക് ഉയർത്താനുള്ള എന്തോ ഒരു മാന്ത്രികതയുണ്ട്. ആര് കൊച്ചുണ്ണിയുടെ വേഷമിട്ടാലും ആ മാന്ത്രികതയുടെ ഒരു അംശം അയാളിലേക്കും പ്രവേശിക്കും. ഇവിടെ നിവിനും ആ മാന്ത്രികത കൈമാറിക്കിട്ടിയിട്ടുണ്ട്.
വി.ശ്രീകാന്ത്