പുകയും പ്രണയവും നിറച്ച് ഒരു തീവണ്ടിയാത്ര!
ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ടിപി. ഫെനി സംവിധാനം ചെയ്ത തീവണ്ടി സംസാരിക്കുന്നത് പുകവലിയും പ്രണയവുമാണ്. സംയുക്ത മേനോന്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സുരാജ്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.തീവണ്ടി, റിവ്യൂ

പാട്ടുകളിലൂടെ ഇഷ്ടപ്പെട്ട്, മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന തീവണ്ടി തിയറ്ററുകളിലെത്തിയിരിക്കുകയാണ്. നിരവധി തവണ റിലീസ് മാറ്റിവച്ച ശേഷമാണ് തീവണ്ടി തിയറ്ററുകളിലെത്തിയതെങ്കിലും അതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ലെന്ന് തിയറ്റിലെ തിരക്കു കണ്ടാല്‍ അറിയാം.

ഓഗസ്റ്റ് സിനിമാസിന്‌റെ ബാനറില്‍ ടി പി ഫെലിനിയാണ് തീവണ്ടി സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യം തന്നെ പറയട്ടെ പുകവലിക്കുന്നവര്‍ക്കും, വലിച്ചിരുന്നവര്‍ക്കും ഈ തീവണ്ടി യാത്ര ഒരല്പം നൊസ്റ്റാള്‍ജിക് ആയിരിക്കും.

കൂട്ടുകാര്‍ക്കൊപ്പം ഇരുന്നുള്ള ആദ്യത്തെ സിഗരറ്റുവലിയും അതു വീട്ടില്‍ പൊക്കുന്നതും ഒന്നും ആരും മറന്നിട്ടുണ്ടാവില്ല. പുള്ളിനാട് എന്ന ഗ്രാമത്തിലേക്കാണ് ഈ തീവണ്ടി നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

ബിനീഷ് ദാമോഗരന്‍ എന്ന ബിഡിയെ ചുറ്റിപ്പറ്റിയാണ് ഈ തീവണ്ടി മുന്നോട്ടു പോകുന്നത്. സ്‌കൂള്‍ തലം മുതല്‍ പുകവലി ആരംഭിക്കുന്ന ബിനീഷ് പിന്നീട് ഒരു ചെയ്ന്‍ സ്‌മോക്കര്‍ ആയി മാറുന്നു. ഈ ശീലം അവന് നാട്ടില്‍ തീവണ്ടി എന്ന ഇരട്ടപ്പേരും നേടിക്കൊടുക്കുന്നു.


ബിഎഡ് പഠനം പൂര്‍ത്തിയാക്കി പിഎസ്‌സി കോച്ചിംഗ് പകുതി വഴിയില്‍ ഉപേക്ഷിച്ചു നടക്കുന്ന ബിനീഷ് ബാല്യകാല സുഹൃത്ത്കൂടിയായ ദേവിയുമായി പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തില്‍ പുകവലിയുണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

ബിനീഷായി ടൊവിനോ തോമസും ദേവിയായി സംയുക്താ മേനോനും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഇതുവരെ കണ്ടിട്ടുള്ളതില്‍ നിന്നു വ്യത്യസ്തമായ വേഷത്തിലാണ് സുധീഷും സുരാജ് വെഞ്ഞാരമ്മൂടും എത്തുന്നത്. ഇവര്‍ക്കു പുറമേ സൈജു കുറുപ്പ്, ഷമ്മി തിലകന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും വളരെ നല്ല രീതിയില്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്.

കൈലാസ് മേനോന്‍ ഒരുക്കിയ ഗാനങ്ങള്‍ റിലീസ് മുന്‍പു തന്നെ തരംഗമായതാണ്. വളരെ ഇന്ററസ്റ്റിംഗ് ആയുള്ള കുറേയേറെ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.

നാട്ടിന്‍ പുറത്തിന്റെ മനോഹാരിതയും നിഷ്‌കളങ്കതയും ഓപ്പിയെടുക്കാന്‍ ഗൗതം ശങ്കറിന്റെ കാമറയ്ക്കു സാധിച്ചിട്ടുണ്ട്. ചിത്രം വളരെ പ്രഡിക്ടബിള്‍ ആണെങ്കിലും ഒരു സീന്‍ പോലും പ്രേക്ഷകനെ ബോറഡിപ്പിക്കുന്നില്ല.

പുകവലി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു ഹാനികരമായ വസ്തുക്കള്‍ ഒന്നും തന്നെ ഈ സിനിമയില്‍ ഇല്ല. അതുകൊണ്ടു തന്നെ ഏതു പ്രായക്കാര്‍ക്കും കുടുംബസമേതം തീവണ്ടിക്കു ടിക്കറ്റ് എടുക്കാം, ഈ ചിത്രത്തിനു ഞങ്ങള്‍ നല്‍കുന്ന റേറ്റിംഗ് 3.8 ആണ്.

അഞ്ജലി അനില്‍കുമാര്‍