പെട്ടെന്ന് കഥ പറഞ്ഞ് അവസാനിപ്പിക്കാൻ സംവിധായകൻ അനാവശ്യ വ്യഗ്രത കാട്ടുന്നതായാണ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ തോന്നുക. രണ്ടാം പകുതി തുടങ്ങുമ്പോൾ തന്നെ കഥയുടെ അന്ത്യം ഏകദേശം ഊഹിക്കാനാകും. പക്ഷേ, സുന്ദറിന്‍റെ ഇന്ത്യയിലെ യഥാർഥ ദൗത്യം എന്താണെന്ന് തിരക്കഥയിൽ മറച്ചുവയ്ക്കാൻ സംവിധായകൻ കാട്ടിയ മിടുക്ക് പരാമർശിക്കാതെ വയ്യ.
രണ്ടു നായികമാരാണ് ചിത്രത്തിൽ. വരലക്ഷ്മി ശരത്കുമാർ നായികയ്ക്കൊത്ത തന്‍റെ വേഷം അതിഗംഭീരമാക്കിയപ്പോൾ കീർത്തി സുരേഷിന് നായകന്‍റെയൊപ്പം നടക്കാനല്ലാതെ പ്രത്യേകിച്ച് പണിയൊന്നു ഇല്ലായിരുന്നു. ഏത് സ്വഭാവത്തിലുള്ള വിജയ് ചിത്രത്തിലും പ്രണയം തിരുകി കയറ്റുന്നത് സംവിധായകരുടെ പതിവ് ശീലമാണല്ലോ.
എന്നാൽ സർക്കാരിൽ രാഷ്ട്രീയ പോരാട്ടങ്ങൾക്കിടെ പ്രണയം കാണിച്ച് ബോറടിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നത് ആശ്വാസകരം തന്നെയാണ്. അല്ലെങ്കിലും, ഈ കഥയിൽ പ്രണയത്തിനു വലിയ സ്കോപ്പൊന്നുമില്ല.
വിജയ് ചിത്രമാകുമ്പോൾ നൃത്തരംഗങ്ങൾ കുറയ്ക്കാനാകില്ലല്ലോ. സർക്കാരിലെ എല്ലാ ഗാനങ്ങളും അത്തരത്തിൽ മാത്രം പിറവികൊണ്ടതാണ്. എ.ആർ. റഹ്‌മാൻ ഒരുക്കിയ പാട്ടുകൾ ചിത്രത്തിന്‍റെ കഥാഗതിയെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല. അനവസരത്തിലാണ് പാട്ടുകൾ എല്ലാം കടന്നുവരുന്നതെങ്കിലും വിജയ്‌യുടെ അതിമനോഹരമായ നൃത്തച്ചുവടുകൾ ആ ചിന്തയെ മൂടിക്കളയും.
ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രാഹകനാണ് ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം. അങ്കമാലി ഡയറീസിൽ ഓടിനടന്നു കാമറചലിപ്പിച്ച ഗിരീഷ് സർക്കാരിലും ഒട്ടും മോശമാക്കിയില്ല. വേഗം കൂടിയും കുറഞ്ഞുമുള്ള ചിത്രത്തിന്‍റെ നല്ലൊഴുക്കിന് ഗിരീഷിന്‍റെ കാമറക്കണ്ണുകൾ ഏറെ സഹായകമായി.
നെറികേടിന്‍റെ രാഷ്‌ട്രീയത്തിനെതിരേ ജനകീയ മുന്നേറ്റമുണ്ടാക്കിയ ശേഷം സുന്ദർ പറയുന്നു- "ഇതാണ് നമ്മുടെ സർക്കാർ. ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാവ്, അവരുടെ ഓരോ വോട്ടും വിലയേറിയതാണ്'. തെരഞ്ഞെടുക്കപ്പെട്ടവർ കടമകൾ മറക്കുമ്പോൾ ജനങ്ങൾ തങ്ങളുടെ അധികാരം തിരിച്ചറിയണമെന്ന സന്ദേശവും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്.
മെർസലിനു പിന്നാലെ സർക്കാർ കൂടി രാഷ്‌ട്രീയം പറയുമ്പോൾ തമിഴകത്തിന്‍റെ മനസിൽ വരുന്ന പ്രധാന ചോദ്യം വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനം തന്നെയാകും. കമൽഹാസനും രജനീകാന്തിനും പിന്നാലെ വിജയ്‌യും സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്ക് കരുത്തുപകരും സർക്കാർ.
ഡെന്നിസ് ജേക്കബ്