ഓരോ കഥാപാത്രങ്ങളുടെയും ഉള്ളിലുള്ള വികാരങ്ങളെ പുറത്തേക്ക് എടുത്തിട്ടുകൊണ്ടുള്ള ഒരു ഇമോഷണൽ ഫൈറ്റാണ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുക. പെടുക, പെട്ടുപോകുക എന്നീ രണ്ട് അവസ്ഥകളെ അതിജീവനത്തിന്റെ പാതയിലേക്ക് കൊണ്ടെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
ദാമോദറായി എത്തി റഹ്മാൻ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം കൈയടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. സീരിയസ് മൂഡിലുള്ള ചിത്രത്തിൽ ഇടയ്ക്കിടെ ചിരി വിടർത്താൻ ചില കുഞ്ഞുകുഞ്ഞ് സംഭാഷണങ്ങൾക്ക് കഴിയുന്നുണ്ട്. അത്തരം രംഗങ്ങൾ പ്രേക്ഷകർക്ക് നൽകിയ ആശ്വാസം ചെറുതല്ല. മനസിൽ പതിഞ്ഞും പതിയാതെയും പോകുന്ന നിരവധി കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്.
ഇഷ തൽവാർ സീമയായി എത്തി ചിത്രത്തെ കുടുംബ പ്രേക്ഷകരിലേക്ക് അടുപ്പിക്കുകയായിരുന്നു. നന്ദുവാകട്ടെ പൃഥ്വിയുമൊത്തുള്ള രംഗങ്ങൾ ആസ്വദിച്ച് ചെയ്തതിന്റെ ഫലം സക്രീനിൽ കാണാനും കഴിയും. ആക്ഷൻ രംഗങ്ങൾ എന്നും പൃഥ്വി മിന്നിച്ചിട്ടല്ലേ ഉള്ളൂ.
ആ പതിവ് രണത്തിലും തെറ്റിച്ചിട്ടില്ല. മനുഷ്യമനസുകളിലെ വിള്ളലുകളും കപടതകളും കാട്ടി പോകുന്ന ആദ്യ പകുതിയിൽ ഓർത്തിരിക്കാൻ പാകത്തിനുള്ള നിരവധി ഫ്രെയിമുകൾ ഛായാഗ്രാഹകൻ സമ്മാനിച്ചിട്ടുണ്ട്.
അകപ്പെടലിന്റെയും രക്ഷപ്പെടലിന്റെയും കഥയാണ് രണം പറയുന്നത്. അതുകൊണ്ടുതന്നെ രണ്ടാം പകുതി രക്ഷപെടലുകൾക്ക് ഉൗന്നൽ നൽകിയാണ് മുന്നോട്ടുപോകുന്നത്.
ഗ്യാംഗ്സ്റ്റർ സിനിമകളിൽ സാധാരണ കണ്ടുവരാറുള്ള മുട്ടിനുമുട്ടിനുള്ള ആക്ഷൻ രംഗങ്ങൾ രണത്തിൽ കാണാനാവില്ല. പകരം റിയലിസ്റ്റിക്കായ അവതരണമാണ് സംവിധായകൻ രണത്തിൽ പരീക്ഷിച്ചിരിക്കുന്നത്.
ജെയ്ക്സ് ബിജോയി ഒരുക്കിയ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ആവോളം തൃപ്തിപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും പശ്ചാത്തല സംഗീതത്തിന്റെ മറപറ്റിയാണ് കഥയുടെ നല്ലൊഴുക്ക് ചിത്രം വീണ്ടെടുത്തതും. പതിവ് രീതികളിൽ നിന്നും മാറി സഞ്ചരിക്കാനുള്ള ശ്രമമെല്ലാം സംവിധായകന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.
രണം മാറ്റത്തിനൊപ്പം നിൽക്കുന്ന നല്ല ചിത്രമാണ്. ആ മാറ്റങ്ങൾ എന്തൊക്കെയെന്നറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചിത്രം ആസ്വാദ്യകരമായിരിക്കും.
വി. ശ്രീകാന്ത്