നോണ്സെൻസ്'; പേരിൽ എല്ലാമുണ്ട്.!
അല്ല ഡയറക്ടറേ, ഈ രക്തം കിട്ടാൻ ഇത്രയ്ക്കൊക്കെ ഓടേണ്ടതുണ്ടോ..? അതും ഈ കാലത്ത്...! അതുപോട്ടെ, ഒരു ക്ലാസ്റൂമിനകത്ത് ഒരു കുട്ടിക്ക് പേന കിട്ടാൻ ഇത്ര വിഷമമോ...?
"നോണ്സെൻസ്' കണ്ടിറങ്ങുന്പോൾ ഇതുപോലുള്ള ഒരുപിടി ചോദ്യങ്ങളാവും മനസിലൂടെ പാഞ്ഞുപോകുക. തിരക്കഥയിൽ നിരത്തി എഴുതിയ രംഗങ്ങൾ ഓരോന്നും പകർത്തിവയ്ക്കും മുന്പ് ഇത്തിരിയൊക്കെ ചിന്തിക്കണ്ടേ...? ആ ഒരു ചിന്താക്കുഴപ്പം നോണ്സെൻസെന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ ശരിക്കും പേരുപോലെയാക്കി തീർത്തിട്ടുണ്ട്.
ഈ സൈക്കിൾ സ്റ്റണ്ടൊക്കെയിട്ട് പെരുപ്പിച്ച് ഒന്നാന്തരമൊരു കൊമേർഷ്യൽ ചിത്രമാക്കാനുള്ള സംഗതിയെല്ലാം നോണ്സെൻസിൽ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വേണ്ടവിധത്തിൽ ഉപയോഗിക്കാതെ കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങൾ കുത്തിനിറച്ച് ശരിക്കും ഈ ചിത്രത്തെ വഴിയാധാരമാക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്.
ബിഎംഎക്സ് റൈഡറാകാൻ സ്വപ്നം കാണുന്ന അരുണിന്റെ കഥയാണ് നവാഗത സംവിധായകൻ എം.സി.ജിതിൻ നോണ്സെൻസിൽ പറയുന്നത്. ഒന്നോ രണ്ടോ ദിവസം നടക്കുന്ന കാര്യങ്ങളെ കോർത്തിണക്കിയാണ് ചിത്രത്തിന്റെ പോക്ക്. തുടക്കത്തിൽ കാട്ടുന്ന ബൈക്ക് സ്റ്റണ്ട്സ് രംഗങ്ങൾ കൗതുകം ഉണർത്തുമെങ്കിലും കഥ ശരിക്കും കാണിച്ചു തുടങ്ങുന്നതോടെ ചിത്രത്തിലേക്ക് ക്ലീഷേകൾ വരിവരിയായി പ്രവേശിച്ച് തുടങ്ങും.
പ്ലസ് വണ് വിദ്യാർഥിയായ അരുണ് (റിനോഷ് ജോർജ്) ക്ലാസിൽ അധ്യാപകർക്ക് നോണ്സെൻസ് ആകുന്നത് എങ്ങനെയെന്ന് കാണിക്കാൻ സംവിധായകൻ പലരും പ്രയോഗിച്ച നന്പറുകളൊക്കെ തന്നെയാണ് പ്രയോഗിക്കുന്നത്.
എന്നാൽ ശരിക്കും നായകൻ സെൻസുള്ളവനാണെന്ന് കാണിക്കുന്ന നന്പറുകളാകട്ടെ പുതുമയുള്ളതുമാണ്. ഇവിടുത്തെ ഒരു പ്രധാന അധ്യാപികയുണ്ട്. നായകനെ കണ്ടാൽ പുള്ളിക്കാരി ചൂടാകും. അധ്യാപികയായി എത്തിയ ശ്രുതി രാമചന്ദ്രൻ ചൂടായി ചൂടായി ഭേഷായി വെറുപ്പിച്ചിട്ടുണ്ട്.
പക്ഷേ, സംഗതി കൈവിട്ട് പോകുന്നത് ചിത്രത്തിൽ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടാകുന്നതോടെയാണ്. ചിത്രത്തിന്റെ വേഗം കൂട്ടാനും പിന്നെ സമൂഹത്തിലെ ചില നൂലാമാലകൾ കാട്ടാനുമായി സംവിധായകൻ കാട്ടിക്കൂട്ടിയ വേലകളെല്ലാം ചിത്രത്തെ പിന്നോട്ടടിക്കാൻ മാത്രമേ ഉപകരിച്ചുള്ളു.
വിനയ് ഫോർട്ട് ഓട്ടോക്കാരനായി എത്തി ഒരുപിടി അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പുള്ളി വാതുറന്ന് പറഞ്ഞ ചില സംഭാഷണങ്ങളും മറ്റും ഏച്ചുകെട്ടലുകൾ പോലെ മുഴച്ചുനിന്നപ്പോൾ ബോറടി മാത്രമാണ് സമ്മാനിച്ചത്.
നായകൻ പെടാപ്പാടുപെട്ട് അഭിനയിച്ച് പ്രതിഫലിപ്പിക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, തിരക്കഥ വില്ലനായി വരികയും കഥാപാത്രങ്ങൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത സാഹചര്യവും സംജാതമാകുന്നതോടെ കാര്യങ്ങൾ മൊത്തത്തിൽ കൈവിട്ടുപോയി. രക്തം തേടിയുള്ള ഓട്ടോ യാത്ര ചിത്രത്തെ കുറച്ചുകൂടി വലിച്ചുനീട്ടാനല്ലാതെ മറ്റൊന്നിനും ഉപകരിച്ചില്ല.
നോണ്സെൻസെന്ന് വിളിപ്പേരുള്ള നായകൻ സെൻസിബിളായി ചെയ്യുന്ന പല കാര്യങ്ങളാണ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുക. പക്ഷേ, അത് വേണ്ടവിധം സംയോജിപ്പിച്ചെടുക്കാൻ സംവിധായകന് കഴിയാതെ പോയതാണ് ചിത്രം നൂലു പൊട്ടിയ പട്ടം പോലെ പറക്കാൻ കാരണം.
ഹർത്താലും അതിനോട് അനുബന്ധിച്ച് വന്ന രംഗങ്ങളും ചിത്രത്തിന്റെ ദൈർഘ്യം കൂട്ടാൻ സംവിധായകനെ നല്ലപോലെ സഹായിച്ചിട്ടുണ്ട്. ക്ലൈമാക്സിനോട് അടുക്കുന്പോൾ ചിത്രം എങ്ങോട്ടെന്നില്ലാതെ ഒഴുകുകയാണ്. കഥയെ കരയ്ക്കടിപ്പിക്കാൻ സംവിധായകൻ നന്നേ പാടുപെടുന്ന കാഴ്ച ദയനീയം എന്നേ പറയാൻ കഴിയൂ.
പേരിനൊരു നായിക നോണ്സെൻസിലുണ്ട്. പറഞ്ഞില്ലേ, പേരിനെയുള്ളു.. പ്രത്യേകിച്ചൊന്നും ആ കുട്ടിക്ക് ചെയ്യാനില്ലായിരുന്നു. ആശ്വാസം പോലെ ഒരു പാട്ട് ചിത്രത്തിൽ സംവിധായകൻ തുന്നിച്ചേർത്തിട്ടുണ്ട്.
പരീക്ഷയിൽ ജയിക്കുന്നതോ ഒന്നാമനാകുന്നതോ അല്ല നല്ലൊരു മനുഷ്യനാകുന്നതാണ് വലിയ കാര്യമെന്ന് കാണിക്കാൻ സംവിധായകൻ നിരത്തിവച്ച രംഗങ്ങളെല്ലാം എന്തോ, അങ്ങോട്ടങ്ങ് എറിച്ചില്ല.
വി.ശ്രീകാന്ത്