തലയോലപ്പറമ്പ്: ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഓടുകളും പട്ടികകളുമടക്കം തകർന്നുവീഴുമ്പോൾ ശബ്ദം കേട്ട് കുട്ടികളടക്കം പുറത്തേക്ക് ഓടിമാറിയതിനാൽ ആളപായം ഒഴിവായി. തലയോലപ്പറമ്പ് പഞ്ചായത്ത് 13 -ാം വാർഡിലെ തേവലക്കാട്ട് പന്നിക്കോട്ടുതറ രാജമ്മയുടെ വീടാണ് ഇന്നലെ രാവിലെ കാറ്റിൽ തകർന്നത്. രാജമ്മയും മകനും ഭാര്യയും കുട്ടികളുമാണ് വീട്ടിൽ താമസിക്കുന്നത്. വീട് തകർന്നതോടെ നിർധനകുടുംബം കടുത്ത പ്രതിസന്ധിയിലായി. വാർഡ് മെംബർ അനി ചെള്ളാങ്കൽ, വില്ലേജ് ഓഫീസ് അധികൃതർ എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി താലൂക്ക് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചു.