ചാലക്കുടി: കാട്ടാന കബാലിയെ വാഹനം ഇടിപ്പിച്ച് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ നടപടിയെടുക്കാൻ വനം വകുപ്പ്.
റോഡിന് കുറുകെ നിന്ന ആനയെ പ്രകോപിപ്പിച്ചവർ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമാണ് കബാലിയുടെ അടുത്തെത്തിച്ച് പ്രകോപനം സൃഷ്ട്ടിക്കാൻ ശ്രമിച്ചത്.
ഹോൺ മുഴക്കിയും വാഹനം മുന്നോട്ടെടുത്തുമായിരുന്നു മദപ്പാടുള്ള കാട്ടാന കബാലിയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുള്ളപ്പോൾ ആയിരുന്നു തമിഴ്നാട് സ്വദേശികളുടെ ഈ പ്രവർത്തി. ഇക്കാര്യങ്ങളും അന്വേഷിക്കാൻ നിർദേശം നൽകി.
തിങ്കളാഴ്ചയാണ് മദപ്പാടിലുള്ള ഒറ്റയാൻ കബാലി അന്തർ സംസ്ഥാന പാതയിൽ ആനക്കയത്ത് 15 മണിക്കൂറിലധികം നിലയുറപ്പിച്ചത്. ഇതേതുടർന്ന് വാഴച്ചാൽ മലക്കപ്പാറ റോഡിൽ പൂർണമായും ഗതാഗതം നിലച്ചിരുന്നു.
ഇടയ്ക്ക് അല്പനേരം മാറിയെങ്കിലും വീണ്ടും ആന റോഡിന് നടുവിലേക്ക് വന്നതോടെ ഒരു രാത്രി മുഴുവൻ നിരവധി വാഹനങ്ങൾ ഉൾക്കാട്ടിൽ കുടുങ്ങി. നേരം പുലർന്ന ഏഴരയോടെ ആന റോഡിനോട് ചേർന്ന് ഇല്ലിക്കാട്ടിലേക്ക് കയറിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.