ചെറുതോണി: സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. ഇടുക്കി കോട്ടയിൽ സുരേന്ദ്രന്റെ വീടാണ് അപകടാവസ്ഥയിലായത്. പിന്നാക്ക വിഭാഗത്തിൽപെടുന്ന സുരേന്ദ്രൻ മരിയാപുരം പഞ്ചായത്ത് മുതൽ മന്ത്രിതലത്തിൽ വരെ പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ല. സുരേന്ദ്രനും വിദ്യാർഥികളായ രണ്ടു മക്കളുമാണ് ഇവിടെ ഭീതിയോടെയാണ് കഴിയുന്നത്.
2018ലാണ് സുരേന്ദ്രന്റെ വീടിന്റെ മുൻവശത്ത് സംരക്ഷണഭിത്തി ഇടിഞ്ഞുതുടങ്ങിയത്. കൂലിപ്പണിക്കാരനായ സുരേന്ദ്രൻ സ്വന്തം നിലയിൽ സംരക്ഷണഭിത്തി നിർമിക്കാൻ ശ്രമിച്ചെങ്കിലും രോഗിയായ ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തേണ്ടി വന്നതിനാൽ സാധിച്ചിരുന്നില്ല. അർബുദ രോഗിയായിരുന്ന ഭാര്യ മൂന്നുവർഷം മുൻപ് മരണപ്പെട്ടു. ഇതോടെ രണ്ട് മക്കളും സുരേന്ദ്രനും വീട്ടിൽ തനിച്ചായി.
ഈ കാലയിളവിൽ വീടിന്റെ മുൻവശം പൂർണമായും ഇടിഞ്ഞു.
സർക്കാരിൽനിന്നു ലഭിച്ച വീടാണ് സുരേന്ദ്രന്റെേത്. അടിത്തറയോട് ചേർന്നാണ് ഇപ്പോൾ സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നത്.
സംരക്ഷണഭിത്തി നിർമിക്കാൻ സഹായം നൽകാൻ കഴിയില്ലെന്നാണ് റവന്യു അധികൃതർ പറയുന്നത്. അതേസമയം വീട് ഇടിഞ്ഞാൽ സഹായിക്കാമെന്നാണ് ഇവരുടെ നിലപാട്.