തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുടെ (എസ്ഐആർ) ഭാഗമായി സംസ്ഥാനത്ത് അതിവേഗ നടപടികളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്നു സംസ്ഥാന തലത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിക്കുന്ന അതേസമയത്ത് ജില്ലാ തലങ്ങളിൽ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം വിളിച്ച് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
ഇന്നലെ ചേർന്ന കളക്ടർമാരുടെ യോഗത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇതുസംബന്ധിച്ചു നിർദേശം നൽകിയത്. ഇന്നു ഉച്ചയ്ക്ക് 12നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രാഷ്്ട്രീയ പാർട്ടി നേതാക്കളെ കാണുന്നത്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് എസ്ഐആറുമായി മുന്നോട്ടു പോകുന്നത് ഉദ്യോഗസ്ഥ തലത്തിൽ ഏറെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. രണ്ടു തെരഞ്ഞെടുപ്പുകളുടെയും ജോലികൾ ചെയ്യേണ്ടത് ഒരു വിഭാഗം ഉദ്യോഗസ്ഥരാണ്.
ഏതാണ്ട് ഒരു ലക്ഷത്തോളം ജീവനക്കാർ ഈ വിഭാഗത്തിൽ വരും. രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് തല ഏജന്റുമാരും തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളോ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരകരോ ആയിരിക്കും. ഈ സമയം വോട്ടർ പട്ടിക പരിഷ്കരണവുമായി മുന്നോട്ടു പോകുന്നത് ഏറെ പ്രതിസന്ധികൾക്ക് ഇടയാക്കുമെന്ന അഭിപ്രായമാണ് രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കിടുന്നത്.
പരിശീലനം ഇന്നു തുടങ്ങും
ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) പരിശീലനം ഇന്നുതന്നെ തുടങ്ങാനും കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ബൂത്ത് തല ഏജന്റുമാരെക്കൂടി രാഷ്ട്രീയ പാർട്ടികൾ നിർദേശിച്ച് അറിയിക്കണം. എന്യുമറേഷൻ ഫോമായി ബിഎൽഒമാർ എല്ലാ വീടുകളിലും എത്തും.
രണ്ടാമത് ബിഎൽഒമാർ എത്തുന്പോൾ ഫോം വോട്ടർമാർ പൂരിപ്പിച്ചു മടക്കി നൽകണം. 2002ലും 2025 ലും വോട്ടർ പട്ടികയിൽ ഉള്ളവർ ഫോം പൂരിപ്പിച്ചു നൽകിയാൽ മതി. മാതാപിതാക്കൾ വോട്ടർപട്ടികയിലുള്ള കുട്ടികൾക്ക് കൂടുതൽ നടപടിക്രമങ്ങൾ നേരിടേണ്ടിവരില്ല.
തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചിട്ടുള്ള 12 തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കിയാൽ മതിയാകും. നടപടിക്രമങ്ങളിലെ സങ്കീർണതകൾ ഒഴിവാക്കിയുള്ളതുമായ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളാണ് സംസ്ഥാനത്തു സ്വീകരിക്കുന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു.