തിരുവനന്തപുരം: ഭാവിയിലെ വ്യാവസായിക ആവശ്യങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്തെ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിൽ കേരള യൂണിവേഴ്സിറ്റി ഫോർ സ്കിൽ ഡവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് (നൈപുണ്യവികസനസംരംഭക സർവകലാശാല) സ്ഥാപിക്കും. വിദ്യാഭ്യാസം, ഇൻകുബേഷൻ, വിജ്ഞാന സന്പാദനം എന്നിവ സംയോജിപ്പിച്ചുകൊണ്ട് വ്യവസായഅധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യം.
വ്യവസായവകുപ്പ് സംഘടിപ്പിച്ച വിഷൻ 2031 സെമിനാറിൽ പദ്ധതി രേഖ അവതരിപ്പിച്ചു കൊണ്ട് വ്യവസായമന്ത്രി പി. രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വ്യവസായമേഖലയുടെ സമഗ്രവികസനം ലക്ഷ്യം വച്ചുള്ള പരിഷ്കാരങ്ങൾ, വ്യവസായ ഇടനാഴികൾ, ഇന്നോവേഷൻ ഹബ്ബുകൾ തുടങ്ങിയവ നടപ്പിൽ വരുത്തുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ ടൗണ്‍ഷിപ്പുകളും പ്രത്യേക നിക്ഷേപ മേഖലകളും സ്ഥാപിക്കുന്നതിന് ഉൗന്നൽ നൽകുന്ന പദ്ധതിക്കായി ഏകജാലക ക്ലിയറൻസ് ബോർഡ് നിയമം ഭേദഗതി ചെയ്യും. വിഴിഞ്ഞം തുറമുഖം ഉൾപ്പെടുന്ന മേഖലയെ ആഗോള സാന്പത്തിക കേന്ദ്രമായി വികസിപ്പിക്കുന്നതിനായി വിഴിഞ്ഞം ഒൗട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ യാഥാർഥ്യമാക്കും. തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന ഈ പദ്ധതിയിൽ എട്ട് ക്ലസ്റ്ററുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഉന്നത സാങ്കേതിക ശേഷിയുള്ള കേന്ദ്രങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനായി 200 ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (ജിസിസികൾ) സ്ഥാപിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ജിസിസികൾക്കും ഗ്ലോബൽ ടെക്നോളജി സെന്ററുകൾക്കുമായി പ്രത്യേക ഇന്നോവേഷൻ പാർക്കുകളും സ്ഥാപിക്കും.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ, ഐഎസ്ആർഒ തുടങ്ങിയ സ്ഥാപനങ്ങളോട് അടുത്ത് ഏറോഡിഫൻസ് ആൻഡ് ഡ്രോണ്‍ ഇൻഡസ്ട്രിയൽ ക്ലസ്റ്റർ സ്ഥാപിക്കുന്നതും പ്രതിരോധ മേഖലയിലെ കേരളത്തിന്റെ സാധ്യതകൾ വർധിപ്പിക്കും.
മലബാറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കോഴിക്കോട്-മലപ്പുറം വ്യാവസായിക ക്ലസ്റ്ററിന്റെ ഭാഗമായി ബയോടെക് ആൻഡ് ലൈഫ് സയൻസസ് കാന്പസും ഇഎസ്ഡിഎം (ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ്) ആൻഡ് പവർ ഇലക്ട്രോണിക്സ് കാന്പസും സ്ഥാപിക്കും.