ആഗോള മിഷൻ ഞായറായ ഇന്ന് സാർവത്രികസഭയിൽ ഏഴുപേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിക്കും. ആർച്ച്ബിഷപ് ഉൾപ്പെടെ രണ്ടു രക്തസാക്ഷികൾ, മൂന്ന് അല്മായർ, രണ്ട് സന്യാസിനീസമൂഹങ്ങളുടെ സ്ഥാപകർ എന്നിവരാണ് വിശുദ്ധിയുടെ മകുടം ചൂടിയിരിക്കുന്നത്. പ്രാദേശികസമയം ഇന്നു രാവിലെ 10.30ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിലാണ് തിരുക്കർമങ്ങൾ.
തുർക്കിയിൽനിന്നുള്ള അർമേനിയൻ കത്തോലിക്കാ ബിഷപ് ഇഗ്നേഷ്യസ് മലോയൻ, ഇറ്റലിയിൽനിന്നുള്ള സിസ്റ്റർ മരിയ ട്രോങ്കാറ്റി, സിസ്റ്റർ വിസെന്റ മരിയ പൊളോണി, അല്മായനായ ബർത്തോലോ ലോംഗോ, വെനസ്വേലയിൽനിന്നുള്ള സിസ്റ്റർ മരിയ ദെൽ മോന്തെ കാർമെലോ റെൻഡിൽസ് മാർട്ടിനെസ്, അല്മായനായ ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്, പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായൻ പെദ്രോ ടു റോട്ട് എന്നിവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നത്. രാജ്യത്തുനിന്ന് ഇതാദ്യമായി ഒരാൾ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ ആഘോഷത്തിമിർപ്പിലാണ് ഓഷ്യാനിയൻ രാജ്യമായ പാപ്പുവ ന്യൂഗിനിയയെങ്കിൽ രണ്ട് വിശുദ്ധരെ ലഭിച്ചതിന്റെ നിർവൃതിയിലാണ് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേല. ഏഴുപേരുടെയും വിശുദ്ധപദവിക്ക് അംഗീകാരം നൽകിയത് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയാണ്.
ആർച്ച്ബിഷപ് ഇഗ്നേഷ്യസ് മലോയൻ

വിശ്വാസത്തിനുവേണ്ടി രക്ഷസാക്ഷിത്വം വഹിച്ച പുണ്യാത്മാവാണ് തുർക്കിയിലെ കൽദായ രൂപതയായ അമിദയിലെ ആർച്ച്ബിഷപ്പായിരുന്ന ഇഗ്നേഷ്യസ് മലോയൻ. 1869ൽ ഇന്നത്തെ തുർക്കിയിൽപ്പെട്ട മാർദിനിലാണ് ജനനം. 1896ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1910 വരെ അലക്സാൺഡ്രിയയിലും കയ്റോയിലും വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്തു. 1911 ഒക്ടോബർ 22ന് മാർദിൻ അതിരൂപതയുടെ ആർച്ച്ബിഷപ്പായി.
1914 മുതൽ ഒന്നാം ലോകമഹായുദ്ധസമയത്ത്, ഓട്ടോമൻ തുർക്കി സാമ്രാജ്യം അർമേനിയൻ ജനതയെ നിർബന്ധിതമായി നാടുകടത്തുകയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും കത്തോലിക്കരായിരുന്നു. ഇതു ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായി. 1915 ജൂൺ മൂന്നിന് ബിഷപ് ഇഗ്നേഷ്യസ് മലോയനെ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ അദ്ദേഹത്തെ വധിച്ചു. 2001 ഒക്ടോബർ ഏഴിന് ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശ്വാസത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വത്തിന്റെ കാര്യത്തിൽ അനുവദനീയമായതുപോലെ, ഒരു അത്ഭുതത്തിന്റെയും ആവശ്യമില്ലാതെ കഴിഞ്ഞ മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ വിശുദ്ധപദവി അംഗീകരിച്ചു.
പീറ്റർ റ്റു റോട്ട്

പാപ്പുവ ന്യൂഗിനിയയിലെ മതപ്രബോധകനായിരുന്നു പീറ്റർ റ്റു റോട്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് 1940ൽ ജപ്പാൻ സൈന്യം രാജ്യം പിടിച്ചടക്കിയതോടെ അവർ ബഹുഭാര്യാത്വം നിയമം മൂലം നടപ്പിലാക്കാൻ തീരുമാനിച്ചു. ഇതിനെതിരേ പീറ്റർ റ്റു റോട്ട് പ്രതിഷേധിച്ചു. കാരണം വിവാഹവും ദാമ്പത്യജീവിതവും ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു, അതിനായി വാദിച്ചു. അതിന് അദ്ദേഹത്തിന് തന്റെ ജീവൻ പോലും ത്യജിക്കേണ്ടിവന്നു. മതപരമായ എല്ലാ പ്രവർത്തനങ്ങളും സൈന്യം നിരോധിച്ചെങ്കിലും തന്റെ പ്രബോധനം തുടർന്ന പീറ്ററിനെ പിടികൂടിയ സൈന്യം വുനയറയിലെ ഒരു കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലാക്കി. പിന്നീട് 1945 ജൂലൈ ഏഴിന് വിഷം കുത്തിവച്ച് കൊലപ്പെടുത്തി. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് 33 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 1995 ജനുവരി 17ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ബർത്തോലോ ലോംഗോ

‘ജപമാലയുടെ അപ്പസ്തോലൻ’ എന്നാണ് വാഴ്ത്തപ്പെട്ട ബർത്തോലോ ലോംഗോ അറിയപ്പെടുന്നത്. സാത്താൻ ആരാധകനിൽനിന്ന് ജപമാലയുടെ അപ്പസ്തോലനായി ഉയർത്തപ്പെട്ട വ്യക്തിയാണ് അദ്ദേഹം. കത്തോലിക്കാ കുടുംബത്തിൽ ജനിച്ച ലോംഗോ 1860കളിൽ നേപ്പിൾസിൽ നിയമപഠനത്തിനിടെ വിശ്വാസത്തിൽനിന്ന് അകന്നു. പിന്നീട് സാത്താൻ സേവയിൽ ആകൃഷ്ടനായി. കുടുംബാംഗങ്ങളുടെ പ്രാർഥനയും സുഹൃത്തുക്കളായ പ്രഫ. വിൻചെൻസോ പെപ്പെയുടെയും ഡൊമിനിക്കൻ വൈദികനായ ഫാ. ആൽബെർത്തോ റാഡെന്റെയുടെയും സ്വാധീനവും വഴി അദ്ദേഹം തന്റെ പഴയ ജീവിതം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്കു മടങ്ങി. പിന്നാലെ ജപമാലയുടെ അപ്പസ്തോലനായി മാറി.
പ്രസിദ്ധമായ മരിയൻ തീർഥാടനകേന്ദ്രമായ ഇറ്റലിയിലെ പോംപൈയിലെ ചർച്ച് ഓഫ് ദ റോസറിയുടെ സ്ഥാപകനാണ് വാഴ്ത്തപ്പെട്ട ബർത്തോലോ. ആത്മീയപ്രവർത്തനങ്ങൾക്കു പുറമെ സാമൂഹ്യനീതിക്കുവേണ്ടി പോരാടിയ വ്യക്തിയുമായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി തടവുകാരുടെ മക്കൾക്കുവേണ്ടി സ്കൂളുകൾ, അഗതിമന്ദിരങ്ങൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവ അദ്ദേഹം ആരംഭിച്ചു. 1926 ഒക്ടോബർ അഞ്ചിന് അന്തരിച്ചു. 1980ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്

വെനസ്വേലയിലെ ‘പാവങ്ങളുടെ ഡോക്ടർ’ എന്നാണ് ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് അറിയപ്പെടുന്നത്. തലസ്ഥാനമായ കാരക്കാസിലെ യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠിച്ച അദ്ദേഹം 1889ൽ പാരീസിൽ ഉപരിപഠനവും നടത്തി. പിന്നീട് മാതൃരാജ്യത്തു തിരിച്ചെത്തിയ അദ്ദേഹം കാരക്കാസിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രഫസറായി. ക്ലാസെടുക്കുന്നതിനുമുന്പ് നടത്തിവന്ന പ്രാർഥന അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മരുന്ന് വാങ്ങാൻ പണമില്ലാതിരുന്ന പാവങ്ങൾക്ക് സൗജന്യമായി ചികിത്സയും മരുന്നും നൽകിയിരുന്നു. ആശുപത്രിയിൽ പോകാൻ കഴിയാത്തവരെ വീട്ടിൽ പോയി സൗജന്യമായി ശുശ്രൂഷിക്കുകയും ചെയ്തു. ഇതോടെ പാവങ്ങൾക്കിടയിൽ അദ്ദേഹം ഏറെ പ്രിയപ്പെട്ട ഡോക്ടറായി മാറി.
വൈദികനാകാൻ അതിയായി ആഗ്രഹിക്കുകയും 1909ലും 1913ലും സെമിനാരിയിൽ ചേരുകയും ചെയ്തെങ്കിലും അനാരോഗ്യം മൂലം രണ്ടു തവണയും തിരികെപ്പോരേണ്ടിവന്നു. 1918ലെ സ്പാനിഷ് ഇൻഫ്ലുവൻസയിൽ വലഞ്ഞ സാധാരണക്കാർക്ക് ചികിത്സയും മറ്റും നൽകുന്നതിൽ കൈമെയ് മറന്നു പരിശ്രമിച്ചു.
ഗ്രാമത്തിലെ പാവപ്പെട്ട ഒരു സ്ത്രീയെ ശുശ്രൂഷിക്കാൻ പോകവേ 1919 ജൂൺ 29ന് അദ്ദേഹം ഒരു വാഹനാപകടത്തിൽ മരിച്ചു. മരണശേഷം ധാരാളമാളുകൾ രോഗസൗഖ്യത്തിനായി അദ്ദേഹത്തിന്റെ കല്ലറയിൽ വന്നു പ്രാർഥിക്കാൻ തുടങ്ങി. 1975ൽ കാരക്കാസ് അതിരൂപത അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ സെമിത്തേരിയിൽനിന്നു മാറ്റി നഗരമധ്യത്തിലുള്ള ഒരു പള്ളിയിൽ സൂക്ഷിക്കുകയും ചെയ്തു. 2021 ഏപ്രിൽ 30ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
സിസ്റ്റർ മരിയ ട്രോങ്കാറ്റി

ഇറ്റാലിയൻ പ്രവിശ്യയായ ബ്രെഷ്യയിലെ കോർത്തെനോ ഗോൾഗിയിൽ ജനിച്ച സിസ്റ്റർ മരിയ ട്രോങ്കാറ്റി സലേഷ്യൻ സിസ്റ്റേഴ്സ് ഓഫ് ഡോൺബോസ്കോ സന്യാസിനീ സമൂഹാംഗമാണ്. ഒന്നാം ലോകയുദ്ധകാലത്ത് സൈനിക ആശുപത്രിയിൽ റെഡ്ക്രോസ് നഴ്സായി ശുശ്രൂഷ ചെയ്തു. പിന്നീട് മെഡിസിൻ പഠനം പൂർത്തിയാക്കി. 1925ൽ ഇക്വഡോറിൽ മിഷൻ പ്രവർത്തനത്തിനായി പോയി. 44 വർഷത്തോളം അവിടെ മിഷണറിയായിരുന്ന സിസ്റ്റർ തദ്ദേശീയർക്കിടയിൽ മാഡ്രെസിറ്റ അഥവാ ലിറ്റിൽ മദർ എന്നാണ് അറിയപ്പെട്ടിരുന്നത്.
ആതുരശുശ്രൂഷയ്ക്കൊപ്പം പാവങ്ങൾക്കിടയിൽ വചനം പങ്കുവയ്ക്കാനും സിസ്റ്റർ മരിയ ട്രോങ്കാറ്റി സമയം കണ്ടെത്തി. 1969 ഓഗസ്റ്റ് 25-ാം വയസിൽ വിമാനാപകടത്തിലാണു മരിച്ചത്. ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്നത് ഇക്വഡോറിലെ സുക്കുവയിലാണ്. 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
സിസ്റ്റർ വിൻചെൻസ മരിയ പൊളോണി

സിസ്റ്റർ വിൻചെൻസ മരിയ പൊളോണി 1802ൽ ഇറ്റലിയിലെ വെറോണയിൽ ജനിച്ചു. പാവങ്ങളെയും രോഗികളെയും വൃദ്ധരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സേവിക്കുന്നതിനായി 1848 സെപ്റ്റംബർ പത്തിന് കോൺഗ്രിഗേഷൻ ഓഫ് മേഴ്സി ഓഫ് വെറോണ സന്യാസിനീ സമൂഹം സ്ഥാപിച്ചു.
1836ൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ എമർജൻസി വാർഡുകളിൽ ഉറക്കംപോലും ഉപേക്ഷിച്ച് ശുശ്രൂഷ ചെയ്തു. 1855 നവംബർ 11ന് ട്യൂമർ ബാധിച്ചു മരിച്ചു. 2025 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ അവരുടെ മധ്യസ്ഥതയാൽ നടന്ന അത്ഭുതത്തിന് അംഗീകാരം നൽകി. 2008ലാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത്.
മരിയ ദെൽ മോന്തെ കാർമെലോ റെൻഡൈൽസ് മാർട്ടിനെസ്

‘മദർ കാർമെൻ റെൻഡൈൽസ്’ എന്നറിയപ്പെടുന്ന മരിയ ദെൽ മോന്തെ കാർമെലോ റെൻഡൈൽസ് മാർട്ടിനെസ് 1903ൽ വെനസ്വേലയിലെ കാരക്കാസിൽ ജനിച്ചു. ഇടതുകൈ ഇല്ലാതെ ജനിച്ച സിസ്റ്റർ പിന്നീട് കൃത്രിമ കൈയുടെ സഹായത്തോടെയാണു ജീവിച്ചത്. 1965ൽ സെർവെന്റ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം സ്ഥാപിച്ചു. 1977ൽ മരിച്ചു. കഴിഞ്ഞ മാർച്ചിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് അംഗീകാരം ലഭിച്ചു. വെനസ്വേലയിൽനിന്നുള്ള ആദ്യവിശുദ്ധയാണ്.