വാഷിംഗ്ടൺ ഡിസി: തന്റെ വ്യാപാര നയങ്ങളെ വിമർശിക്കാൻ മുൻ യുഎസ് പ്രസിഡന്റ് റോണൾഡ് റീഗന്റെ വാക്കുകൾ കടമെടുത്ത കാനഡയുമായി വ്യാപാര ചർച്ചകൾ നിർത്തിവച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
കാനഡയിലെ ഒന്റാരിയോ പ്രവിശ്യാ സർക്കാർ ഒരാഴ്ച മുന്പ് പുറത്തിറക്കിയ പരസ്യമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പരസ്യത്തിൽ, റീഗൻ 1987ൽ വിദേശവ്യാപാരത്തെക്കുറിച്ച് റേഡിയോയിലൂടെ നടത്തിയ പ്രസംഗത്തിലെ ചില വാക്കുകൾ ഉൾക്കൊള്ളിച്ചു.
വിദേശരാജ്യങ്ങൾക്കു ചുങ്കം ചുമത്തുന്നത് അമേരിക്കയിലെ സാധാരണക്കാരെ ബാധിക്കുമെന്നും വ്യാപാരയുദ്ധങ്ങൾക്കും വിപണി തകർച്ചയ്ക്കും വഴിവയ്ക്കുമെന്നും റീഗൻ പറയുന്നുണ്ട്.
ചില വാക്കുകൾ മാത്രം തെരഞ്ഞെടുത്ത് ഉൾപ്പെടുത്തിയ പരസ്യം തെറ്റിദ്ധാരണാജനകമാണെന്നും നിയമ നടപടികൾ ആലോചിക്കുമെന്നും റീഗൻ ഫൗണ്ടേഷൻ അറിയിച്ചു.
ട്രംപ് കാനഡയ്ക്കെതിരേ ചുമത്തിയ ചുങ്കത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്നത് ഒന്റാരിയോ പ്രവിശ്യയാണ്.