കാബൂള്‍: സംഘർഷത്തെത്തുടർന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തങ്ങളുടെ അതിര്‍ത്തി അടച്ചിട്ടതിനു പിന്നാലെ ഇരുരാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുത്തനേ ഉയര്‍ന്നു.
പാക്കിസ്ഥാനില്‍ പാചകത്തിനു വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില ആക്രമണം ആരംഭിച്ചതിനുശേഷം 400 ശതമാനത്തിലധികം വര്‍ധിച്ച് കിലോയ്ക്ക് 600 പാക്കിസ്ഥാനി രൂപയായി (2.13 ഡോളര്‍). അഫ്ഗാനിസ്ഥാനില്‍നിന്നു വരുന്ന ആപ്പിളിനും വില വര്‍ധിച്ചു.
2,600 കിലോമീറ്ററാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി. സംഘര്ഷങ്ങള്ക്കുപിന്നാലെ ഈമാസം 11 മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള എല്ലാ വ്യാപാരവും ഗതാഗതവും വിലക്കി.
ഇതുമൂലം ഏകദേശം 5,000 കണ്ടെയ്നറുകള്‍ ചരക്കുകളുമായി അതിര്‍ത്തിയുടെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുന്നുണ്ട്. ഓരോ ദിവസവും കഴിയുന്തോറും ഇരുരാജ്യങ്ങള്‍ക്കും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടമാണു സംഭവിക്കുന്നത്.
പഴങ്ങള്‍, പച്ചക്കറികള്‍, ധാതുക്കള്‍, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാല് ഉത്പന്നങ്ങള്‍ എന്നിവയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ പ്രധാനം.