ഉഡുപ്പി: ഉഡുപ്പി ബ്രഹ്മാവറിനു സമീപം നഞ്ചൂരിൽ ബൈക്കിനു കുറുകേ ചാടിയ പുള്ളിപ്പുലി ചത്തു. ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റു. നഞ്ചൂർ സ്വദേശി ഭാസ്കർ ഷെട്ടിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉഡുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ പെട്ടെന്ന് ബൈക്കിനു മുന്നിലേക്കു പുള്ളിപ്പുലി ഓടിക്കയറുകയായിരുന്നു. ഭാസ്കറിന് വാഹനം നിയന്ത്രിക്കാൻ കഴിയുന്നതിനുമുമ്പ് വാഹനം പുലിയെ ഇടിച്ച് മറിഞ്ഞു.
കഴുത്തിനും തലയ്ക്കും പരിക്കേറ്റ പുലി അപ്പോൾത്തന്നെ ചത്തു. ഓടിക്കൂടിയ നാട്ടുകാരാണ് ഭാസ്കറിനെ ആശുപത്രിയിലെത്തിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനു ശേഷം മറവുചെയ്തു.