Kerala
തൃശൂർ: പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കത്തിനശിച്ചു. പുത്തൻചിറ മങ്കിടി ജംഗ്ഷനിലുള്ള പെട്രോൾ പമ്പിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീ സമീപത്തുണ്ടായിരുന്ന മറ്റ് ബസുകളിലേക്കും പെട്രോൾ പമ്പിലേക്കും പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
മങ്കിടിയിലെ പിസികെ പെട്രോളിയം എന്ന പേരിലുള്ള പമ്പിനോട് ചേർന്നാണ് ആറ് സ്വകാര്യ ബസുകൾ പാർക്ക് ചെയ്തിരുന്നത്. ചാലക്കുടി-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സുഹൈൽ എന്ന സ്വകാര്യ ബസിലാണ് തീപടർന്നതും പൂർണമായി കത്തിനശിക്കുകയും ചെയ്തത്. സമീപത്തുണ്ടായിരുന്ന രണ്ടുബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തീപിടിച്ച ബസ് പൂർണമായും കത്തി നശിച്ചു. ഓഫീസിനോട് ചേർന്നുള്ള മുറിക്കും തീപിടിച്ച് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
സംഭവസമയത്ത് ഇതുവഴി കടന്നുപോയ ഇരുചക്ര വാഹന യാത്രക്കാരനാണ് സംഭവം കണ്ടത്. ഇയാൾ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മാളയിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മാള പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.
Kerala
തൃശൂർ: സ്കൂളിൽ ഹാളിന്റെ സീലിംഗ് തകർന്നു വീണു. കോടാലി ഗവ. യുപി സ്കൂളിലാണ് സംഭവം. സ്കൂൾ അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി.
കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിംഗ് ആണ് തകർന്നത്. 2023ലാണ് ഇത് സീലിംഗ് ചെയ്തത്.
Kerala
തൃശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു. പ്രതി അനീഷ കാണിച്ചുകൊടുത്ത കുഴികൾ തുറന്നുള്ള പരിശോധനയിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിച്ചു. അസ്ഥികൾ ശാസ്ത്രീയ പരിശോധനകൾക്കായി കൊണ്ടുപോകും.
ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. കൊലപാതകം നടന്ന് എട്ടു മാസങ്ങൾക്ക് ശേഷമാണ് കുഴികൾ തുറന്നത്. 2021 നവംബർ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്.
കുഞ്ഞിന്റെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് മറവ് ചെയ്യാന്‍ കുഴിയെടുത്തിരുന്നുവെന്നും എന്നാല്‍ അയല്‍വാസി ഇത് കണ്ടതോടെ വീടിന്റെ ഇടതുഭാഗത്തെ മാവിന് ചുവട്ടില്‍ കുഴിച്ചിട്ടെന്നുമാണ് പ്രതിയായ അനീഷ നല്കിയ മൊഴി.
2021ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് മൊഴി മാറ്റി.
യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്നും ഗര്‍ഭം മറച്ചുവെക്കാന്‍ വയറ്റില്‍ തുണികെട്ടിയെന്നും അനീഷ പോലീസിനോട് പറഞ്ഞു. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.
കാമുകനും കൂട്ടുപ്രതിയുമായ ഭവിന്റെ ഫോൺ വഴക്കിനിടെ അനീഷ തല്ലിത്തകര്‍ത്തെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഉണ്ടെന്നാണ് ഭവിന്റെ മൊഴി. ഈ ഫോണ്‍ കണ്ടെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയക്കും. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
ജൂണ്‍ 28ന് രാത്രിയായിരുന്നു ഭവിൻ നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
തൃശൂർ: പുതുക്കാട് കമിതാക്കൾ ചേർന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്.
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മം ചെയ്യാന്‍ അസ്ഥികൾ പെറുക്കി സൂക്ഷിച്ചെന്നുമാണ് വിവരം. സംഭവത്തില്‍ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നുവർഷം മുമ്പാണ് അവിവാഹിതരായ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. കുട്ടി മരിച്ചതിന് ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. അതിനുശേഷം യുവതി കുഞ്ഞിന്റെ അസ്ഥികൾ യുവാവിനെ ഏൽപിച്ചു. അതിന് ശേഷം യുവതി വീണ്ടും കുഞ്ഞിന് ജന്മം നൽകി. കുട്ടി മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് അസ്ഥികള്‍ പുതുക്കാട് പോലീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രാഥമിക വിവരം.
അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയാണോ എന്നതുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിൽ വ്യക്തതയില്ല. അതേസമയം, യുവതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണോ യുവാവ് അസ്ഥിയുമായി സ്റ്റേഷനിൽ എത്തിയതെന്നും പരിശോധിക്കുന്നുണ്ട്.
Kerala
തൃശൂർ: നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. മുദ്രാവാക്യം മുഴക്കി റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനു വഴിയൊരുക്കി.
പിന്നാലെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തൃശൂർ എംജി റോഡിൽ ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു ദാരുണമായ അപകടമുണ്ടായത്. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച യാത്രക്കാരന്റെ മേൽ പിന്നാലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ ഉദയ്നഗർ സ്വദേശി വിഷ്ണുദത്തൻ (22) ആണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റ അമ്മ പത്മിനിയുടെ (60) നില ഗുരുതരമാണ്.
വടക്കുന്നാഥ ക്ഷേത്രദർശനത്തിനായി അമ്മയോടൊപ്പം സ്കൂട്ടറിൽ വരുന്പോഴായിരുന്നു സംഭവം. എംജി റോഡിൽ കോട്ടപ്പുറം പാലത്തിനും പിഎസ്സി ഓഫീസിനും ഇടയിലാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴി കണ്ട് കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ പിറകിലൂടെയെത്തിയ തൃശൂർ - തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന വഴിനടയ്ക്കൽ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് റോഡിലേക്കു വീഴുകയും അതേ ബസ് തന്നെ യുവാവിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. റോഡിൽ തലയിടിച്ചുവീണ അമ്മയെ ഗുരുതരാവസ്ഥയിൽ ഓടിയെത്തിയ നാട്ടുകാരും വെസ്റ്റ് പോലീസും ചേർന്ന് മെഡിക്കൽകോളജിലേക്ക് മാറ്റുകയായിരുന്നു.