ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പിൻഗാമിയാകാൻ യോഗ്യൻ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണെന്ന സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയുടെ പ്രസ്താവനയിൽ കർണാടക കോൺഗ്രസിൽ മുറുമുറുപ്പ്.
തന്റെ പിതാവ് രാഷ്ട്രീയജീവിതത്തിന്റെ അവസാനഘട്ടത്തിലാണെന്നും സിദ്ധരാമയ്യയുടെ അതേ പുരോഗമന ആശയങ്ങളുള്ള ആളാണ് സതീഷ് ജാർക്കിഹോളിയെന്നുമായിരുന്നു യതീന്ദ്ര പ്രസ്താവിച്ചത്.
പരാമർശത്തോടു പ്രതികരിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തയാറായില്ല. സ്വന്തം അഭിപ്രായമാണ് യതീന്ദ്ര പറഞ്ഞതെന്നു സതീഷ് ജാർക്കിഹോളി പ്രതികരിച്ചു.
“2028ൽ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശമുന്നയിക്കുമെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാൽ, പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കുക. എല്ലാം ഇപ്പോൾ തീരുമാനിക്കാനാവില്ല. തെരഞ്ഞെടുപ്പിന് ഇനിയും 30 മാസമുണ്ട്.’’-സതീഷ് ജാർക്കിഹോളി പറഞ്ഞു.