Business
ഓഹരി അവലോകനം
സോണിയ ഭാനു
ചെറിയൊരു തളർച്ചയ്ക്കു ശേഷം ഓഹരി വിപണി വീണ്ടും ചിറകു വിരിച്ചു. ഏപ്രിൽ മധ്യം ഉടലെടുത്ത ബുൾ റാലിയുടെ ആക്കം വർധിക്കുന്നത് കണ്ട് വിദേശ നിഷേപകർ വിൽപ്പന കുറച്ച് പുതിയ വാങ്ങലുകൾക്ക് ഉത്സാഹം കാണിച്ചു. പിന്നിട്ടവാരം അവർ 21,000 കോടി രൂപയുടെ ഓഹരികൾ വാരികൂട്ടി. നിഫ്റ്റി മുൻവാരം സൂചിപ്പിച്ച പ്രതിരോധത്തിന് ഒരു പോയിന്റ് മുകളിൽ ഇടം കണ്ടത്തിയത് വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാം. നിഫ്റ്റി 393 പോയിന്റും സെൻസെക്സ് 1289 പോയിന്റും കഴിഞ്ഞവാരം വർധിച്ചു.
24,718 പോയിന്റിൽ ഇടപാടുകൾ തുടങ്ങിയ നിഫ്റ്റി വാരത്തിന്റെ ആദ്യ പകുതിയിൽ നേരിയ റേഞ്ചിൽ ചാഞ്ചാടിയ ശേഷം വാരാവസാനം നിർണായകമായ 25,000 പോയിന്റ് മറികടന്നു. ഇതോടെ മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 25,135 തടസം ഭേദിച്ച് 25,136ലേക്ക് കയറി വിപണി കരുത്ത് വ്യക്തമാക്കി. മുന്നേറ്റം കേവലം ഒറ്റ പോയിന്റിലെങ്കിലും വിപണിയുടെ അടിയൊഴുക്കിന്റെ കരുത്തിനെ അത് വ്യക്തമാക്കുന്നു. വാരാന്ത്യ ദിനത്തിലെ ഈ പ്രകടനത്തിന് ശേഷം നിഫ്റ്റി 25,112 പോയിന്റിൽ ക്ലോസിംഗ് നടന്നു.
ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ നിഫ്റ്റി ബുള്ളിഷാണ്. അതായത് ദീപാവലി വേളയിൽ 27,500ന് മുകളിൽ ഇടം കണ്ടെത്തുകയെന്ന യജ്ഞത്തിലാണ് നിഫ്റ്റി. സാന്പത്തിക, രാഷ്ട്രീയ മേഖലയിലെ ചലനങ്ങളും മികച്ച മൺസൂണും കുതിപ്പിനുള്ള, അല്ല റിക്കാർഡ് കുതിപ്പിനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുന്നു. ഈവാരം എൻഎസ്ഇ സൂചിക 25,262ലെ ആദ്യ പ്രതിരോധം തകർത്താൽ വാരാന്ത്യതോടെ 25,412 -25,836 നെ ലക്ഷ്യമാക്കി ചുവടുവയ്ക്കും.
ഇതിനിടയിൽ യുഎസ് ബങ്കർ ബസ്റ്റർ ബോംബുകൾ ഇറാനിൽ വർഷിച്ചതിനോടുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഓഹരി വിപണികൾ ഇന്ന് രാവിലെ പ്രതികരിച്ചാൽ സ്വാഭാവികമായും നിഫ്റ്റി സൂചിക 24,836-24,560 ലെ സപ്പോർട്ടിൽ പരീക്ഷണങ്ങൾ നടത്തും. എന്നാൽ, ഇതേ വിഷയം ആഘോഷമാക്കാൻ യുഎസ്, യൂറോപ്യൻ വിപണികൾ മുതിർന്നാൽ അതിന്റെ പ്രതിഫലനം വരുംദിനങ്ങളിൽ ഇന്ത്യ അടക്കമുള്ള ഓഹരി ഇൻഡക്സുകൾ ഉത്സവമാക്കാം. നിഫ്റ്റിയുടെ സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ എംഎസിഡിയും സൂപ്പർ ട്രെൻഡും ബുള്ളിഷാണ്.
നിഫ്റ്റി ജൂൺ ഫ്യൂച്ചർ 1.6 ശതമാനം നേട്ടത്തിൽ 24,727ൽനിന്നും 25,112ലേക്ക് കയറി. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 118 ലക്ഷം കരാറുകളിൽനിന്നും എട്ട് ശതമാനം കുറഞ്ഞ് 108 ലക്ഷം കരാറുകളായി. അതേസമയം ജൂലൈ -ഓഗസ്റ്റ് കരാറുകൾ നാല് ശതമാനം വർധന രേഖപ്പെടുത്തി 190 ലക്ഷത്തിലേക്ക് എത്തിയത് വിരൽ ചൂണ്ടുന്നത് വിപണിയിൽ ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യത്തെയാണ്.
മുൻവാരം സൂചിപ്പിച്ചത് ശരിവച്ച് സെൻസെക്സ് ബുള്ളിഷ് ട്രെൻഡ് നിലനിർത്തി. സൂചിക 81,118 പോയിന്റിൽനിന്നും കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 82,456ലെ ആദ്യ പ്രതിരോധം കടന്ന് 82,495ലേക്ക് കയറി. ഇതു ഫണ്ടുകൾ ലാഭമെടുപ്പിനുള്ള അവസരമാക്കിയത് അൽപ്പം തളർത്തി; വാരാന്ത്യം 82,495 പോയിന്റിലാണ്. ഈവാരം സെൻസെക്സിന് 82,899ലെ പ്രതിരോധം ഭേദിക്കാനായാൽ 83,390 പോയിന്റിനെ ലക്ഷ്യമാക്കും. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന് നീക്കം നടന്നാൽ വിപണിക്ക് 81,512-80,616ൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ വിൽപ്പന തോത് കുറച്ചു. 2539 കോടി രൂപയുടെ ഓഹരികൾ വിറ്റത് ഒഴിച്ചാൽ മറ്റ് പ്രവൃത്തിദിനങ്ങളിലായി അവർ നിക്ഷേപച്ചത് 21,249.02 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ നിക്ഷേപകന്റെ മേലങ്കിയിൽ രംഗത്ത് സജീവമാണ്. അവർ 3049.88 കോടി രൂപയുടെ വിൽപ്പന നടത്തിയെങ്കിലും പിന്നീട് 15,685.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപയുടെ മൂല്യത്തകർച്ച
ഡോളറിന് മുന്നിൽ രൂപയ്ക്ക് മൂല്യത്തകർച്ച. രൂപ 86.06ൽനിന്നും 86.89ലേക്ക് ദുർബലമായ ശേഷം 86.58ലാണ്. രൂപ 86.30ലേക്കും തുടർന്ന് 86.00ലേക്ക് മികവിന് ശ്രമിക്കാം. 85.90ലേക്ക് കരുത്ത് നേടാനായില്ലെങ്കിൽ വൈകാതെ 87-88 റേഞ്ചിലേക്ക് ദുർബലമാവും.
ക്രൂഡ് ഓയിൽ വില ഉയർന്നേക്കും
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേയുള്ള അമേരിക്കൻ ആക്രമണം പശ്ചിമേഷ്യൻ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കും. ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറിൽ നിന്നും 79 ഡോളർ വരെ ഉയർന്ന ശേഷം 77.20 ഡോളറിലാണ്. മേഖലയിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എണ്ണവിലയിൽ പ്രതിഫലിക്കുമെന്നത് ആഗോള മാർക്കറ്റ് ചൂടുപിടിക്കാൻ ഇടയാക്കി സാമ്പത്തിക മേഖലയിലും സമ്മർദം സൃഷ്ടിക്കാം.
ഹോർമുസ് കടലിടുക്ക് വഴിയുളള കപ്പൽ നീക്കങ്ങൾക്ക് തടസം നേരിട്ടാൽ ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളറിലേക്ക് നീങ്ങുമോയെന്ന ആശങ്ക തലയുയർത്തുന്നു. ആഗോള കയറ്റുമതിയുടെ ഏതാണ്ട് ഇരുപത് ശതമാനം നീക്കുന്ന കപ്പൽപ്പാതയാണ് ഏറെ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക്, ഇതിന്റെ നിയന്ത്രണം ഇറാൻ കൈപിടിയിൽ ഒതുക്കാം. 2023ൽ രേഖപ്പെടുത്തിയ 97 ഡോളറാണ് അടുത്ത കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.
സ്വർണം മുന്നേറാൻ ശ്രമിച്ചെങ്കിലും ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പ് തിരിച്ചടിയായി. ട്രോയ് ഔൺസിന് 3430 ഡോളറിൽനിന്നും 3453 ലക്ഷ്യമാക്കിയെങ്കിലും 3449 ഡോളർ വരെയേ ഉയരാനായുള്ളൂ. ലാഭമെടുപ്പിൽ 3340ലേക്ക് ഇടിഞ്ഞ ശേഷം 3369 ഡോളറിലാണ്. താത്ക്കാലികമായി 3204-3450 ഡോളർ റേഞ്ചിന് പുറത്ത് കടന്നാൽ മാത്രമേ വൃക്തമായ ഒരു ദിശ കണ്ടെത്താനാവൂ.
Business
മുംബൈ: ദലാൽ സ്ട്രീറ്റിൽ കാളക്കൂറ്റൻമാർ തിരിച്ചെത്തി. വ്യാപാരദിനത്തിന്റെ അവസാന മണിക്കൂറുകളിൽ വിശാല സൂചികകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് ഓഹരി സൂചികകളായ നിഫ്റ്റി 50, സെൻസെക്സ് എന്നിവയെ ഒരു ശതമാനം കടത്തിയത്. തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിനുശേഷമാണ് ഓഹരി സൂചികകൾ മുന്നേറ്റം നടത്തിയത്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെയും ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടാകുകയും വിദേശ സ്ഥാപന നിക്ഷേപകർ വീണ്ടും വാങ്ങലുകൾ ആരംഭിക്കുകയും ചെയ്തതോടെ, നിഫ്റ്റി 25,000 പോയിന്റ് കടന്നു. അതേസമയം 30 ഓഹരികളുള്ള സെൻസെക്സ് 1000ത്തിലേറെ പോയിന്റുകൾ ഉയർന്നു.
81354.85 പോയിന്റ് എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തലേന്ന് 81,361.87ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇന്നലെ വ്യാപാരത്തിനിടെ 1133 പോയിന്റ് ഉയർന്ന് 82494.49ലെത്തി. മറുവശത്ത് നിഫ്റ്റി 24,787.65ലാണ് വ്യാപാരം തുടങ്ങിയത്. തലേന്ന് 24,793.25ൽ വ്യാപാരംം അവസാനിപ്പിച്ച നിഫ്റ്റി വ്യാപാരത്തിനിടെ 1.4 ശതമാനം ഉയർന്ന് 25,136.20ലെത്തി.
ഇന്നലെ സെൻസെക്സ് 1046.30 പോയിന്റ് (1.29%) മുന്നേറി 82,408.17ലും നിഫ്റ്റി 319.15 പോയിന്റ് (1.29%) നേട്ടത്തിൽ 25,112.40ലും ക്ലോസ് ചെയ്തു. 2366 ഓഹരികൾ മുന്നേറിയപ്പോൾ 1427 ഓഹരികൾ താഴ്ന്നു 149 എണ്ണത്തിൽ മാറ്റമുണ്ടായില്ല.
നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.46%, 1.01% നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് 1.20 ശതമാനവും സ്മോൾകാപ് 0.55 ശതമാനവും മുന്നേറി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം ഒരു സെഷനിൽ മാത്രം അഞ്ചു ലക്ഷം കോടി രൂപ ഉയർന്ന് 443 ലക്ഷം കോടി രൂപയിൽനിന്ന് 448 ലക്ഷം കോടി രൂപയിലെത്തി.
എല്ലാ മേഖലകളും മികച്ച നേട്ടത്തോടെ വ്യാപാരം നടത്തി. നിഫ്റ്റി റിയാലിറ്റി, ഓട്ടോ, മെറ്റൽ രണ്ടു മുതൽ ഒരു ശതമാനം വരെയാണ് ഉയർന്നത്. ബാങ്കിംഗ്, ഫിനാൻഷൽ സർവീസ്, ഇൻഷ്വറൻസ് ഓഹരികളും നേട്ടത്തിലെത്തി.
ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ ഭാവി ശോഭനമായി തുടരുന്നതിനാൽ നിക്ഷേപകർ കുറഞ്ഞ മൂല്യത്തിൽ ഓഹരികൾ വാങ്ങിക്കൂട്ടിയത് ഇന്നലെ നേട്ടമായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞത് ആഭ്യന്തര വിപണിയിൽ വാങ്ങൽ വികാരം വർധിപ്പിച്ചു. ഡോളർ സൂചികയുടെ ഇടിവ് കണക്കിലെടുത്ത് കഴിഞ്ഞ മൂന്നു സെഷനുകളിലായി എഫ്പിഐകൾ ഇന്ത്യൻ ഓഹരികൾ വാങ്ങുന്നുണ്ട്.
Business
ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചിരിക്കേ ഇസ്രയേലിന്റെ ടെൽ അവീവ് സ്റ്റോക് എക്സ്ചേഞ്ച് (ടിഎഎസ്ഇ) സൂചിക നാലു ശതമാനത്തോളം ഉയർന്നു. 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിലെ പുതിയ സ്റ്റോക് എക്സ്ചേഞ്ച് കെട്ടിടത്തിന് നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 10 മണിക്ക് തുറന്ന വിപണികൾ, സെഷനിലുടനീളം സ്ഥിരമായി ഉയർന്നു. ബെഞ്ച്മാർക്ക് സൂചിക വ്യാപാരത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ 4.7 ശതമാനം വരെ ഉയർന്നു. ജൂണ് 12 ന് 4 ശതമാനം ഇടിവിനുശേഷം സൂചികയുടെ തുടർച്ചയായ അഞ്ചാമത്തെ ഉയർച്ചയാണിത്. ടിഎ125 സൂചിക ഈ വർഷം ഇതുവരെ 16 ശതമാനം ഉയർന്നു, എസ് & പി 500 ന്റെ 2 ശതമാനം നേട്ടത്തെ മറികടന്നു.
ടിഎഎസ്ഇയുടെ ഓൾ ഷെയർ ഇൻഡക്സ് 0.5 ശതമാനം ഉയർന്ന് 52 ആഴ്ചത്തെ ഉയർന്ന നിരക്കായ 2574.89ലെത്തി. ടിഎ-35, ടിഎ-125 സൂചികകൾ 52 ആഴ്ചത്തെ ഉയരത്തിൽ യഥാക്രമം 2810.08, 2850.08ലെത്തി.
ഇറാൻ-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രേലി സ്റ്റോക് എക്സ്ചേഞ്ചിന്റെ മുൻനിര സൂചികയായ ടിഎ 125 ഉയർച്ചയിലാണ്. ഈ കാലയളവിൽ 5 ശതമാനം നേട്ടമുണ്ടായി. മേയ് മാസത്തിൽ 6.55 ശതമാനവും ഏപ്രിലിൽ 4.53 ശതമാനവും ഉയർച്ച രേഖപ്പെടുത്തിയതിനെ തുടർന്ന് ജൂണിൽ ഇതുവരെ ഏകദേശം അഞ്ചു ശതമാനം ഉയർന്നിട്ടുണ്ട്.