കുവൈറ്റ് സിറ്റി: ദൈവികമായ ജ്ഞാനം മുഖാന്തിരം മനുഷ്യൻ നേടിയെടുത്ത കണ്ടുപിടുത്തങ്ങളിലൂടെ ലോകം ഇന്ന് ഒരു സാർവ്വലൗകിക കുടുംബമായി മാറിയിരിക്കുകയാണെന്നും ഉപനിഷത്തുകളിൽ പ്രതിപാദിക്കുന്ന “വസുധൈവ കുടുംബകം” എന്ന തത്വചിന്തയിലൂടെയാണ് മനുഷ്യൻ പരസ്പരം കരുതാനും പങ്കുവയ്ക്കാനും ശീലിക്കണമെന്നും പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാധ്യക്ഷനുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.
കുവൈറ്റ് മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സഹവികാരി റവ. ഫാ. മാത്യൂ തോമസ് സ്വാഗതവും ആദ്യഫലപ്പെരുന്നാൾ-2025 ജനറൽ കൺവീനർ മാത്യു വി. തോമസ് നന്ദിയും പ്രകാശിപ്പിച്ചു.
കുവൈറ്റിലെ ഇന്ത്യൻ എംബസിയിലെ ഹെഡ് ഓഫ് ചാൻസരി ജെയിംസ് ജേക്കബ്, ആഗോളതലത്തിലുള്ള ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽ ഉൾപ്പെടുന്ന എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ വികാരി ഫാ. കോമോസ് അബാ തദെവൂസ് വുബ്ലിൻ, നാഷണൽ ഇവഞ്ചലിക്കൽ ചർച്ച് സെക്രട്ടറി റോയ് യോഹന്നാൻ, ഒഎസ്എസ്എഇ ഡിജിറ്റലൈസേഷൻ ഡയറക്ടർ കുര്യൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.