മലപ്പുറം: കേരളത്തിൽ നിന്നുള്ള താരങ്ങളെ ഒളിന്പിക്സിൽ പങ്കെടുപ്പിച്ച് സ്വർണം നേടുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പദ്ധതികളാണ് വിഷൻ 2031 ന്റെ ഭാഗമായി കായികവകുപ്പ് ആവിഷ്കരിച്ചുവരുന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. കൂടുതൽ അന്തർദേശീയ മത്സരങ്ങളിൽ മലയാളികളായ കായികതാരങ്ങളെ പങ്കെടുപ്പിക്കും. "കേരളം വിഷൻ 2031' ന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ഒരു കായിക സന്പദ് വ്യവസ്ഥ രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കായികവകുപ്പിൽ ആസൂത്രണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചു കഴിഞ്ഞു. ഓരോ പഞ്ചായത്തിലും കളിക്കളങ്ങളുണ്ടാക്കി വിദഗ്ധരായ പരിശീലകരെ നിയമിക്കും. പ്രൈമറി സ്കൂൾ തലത്തിൽ തന്നെ കായികതാരങ്ങളെ കണ്ടെത്തി കൃത്യമായ പരിശീലനം നൽകും. രാജ്യത്ത് ആദ്യമായി ഒരു കായിക നയം രൂപീകരിച്ചത് കേരളമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
ജില്ലാ കളക്ടർ വി.ആർ. വിനോദ്, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലി, എഡിഎം എൻ.എം. മെഹറലി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് പി. ഹൃഷികേശ് കുമാർ, വൈസ് പ്രസിഡന്റ് എം. നാരായണൻ, ജില്ലാ യൂത്ത് കോഓർഡിനേറ്റർ ശ്യാം പ്രസാദ്, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്റെ കായിക വികസനത്തിന് നിരവധി നിർദേശങ്ങൾ കായികതാരങ്ങളും അസോസിയേഷൻ പ്രതിനിധികളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. വിഷൻ 2031 ന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന കായിക സെമിനാർ നവംബർ മൂന്നിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും.