തിരുവനന്തപുരം: ലോകത്തിലെ ഉയർന്ന അൾട്രാമാരത്തൺ എന്നറിയപ്പെടുന്ന ഖാർദുംഗ് ലാ ചാലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയായ സോജ സിയയെ അഭിനന്ദിച്ച് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ.
കെഎസ്എഫ്ഇ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റായ കോട്ടയം സ്വദേശിനി സോജ സിയ തന്റെ 47-ാം വയസിലാണ് 5,370 മീറ്റർ ഉയരത്തിലുള്ള ഖാർദുംഗ് ലാ ചലഞ്ച് പൂർത്തിയാക്കി ചരിത്രത്തിൽ ഇടം നേടിയത്. സോജയുടെ ഖാർദുംഗ് ലാ ചലഞ്ച് സ്പോൺസർ ചെയ്തത് കെഎസ്എഫ്ഇ ആണ്.
സോജയ്ക്കും ശ്രമങ്ങൾക്ക് പരിപൂർണ പിന്തുണ നൽകി ഒപ്പം നിന്ന കെഎസ്എഫ്ഇക്കും അഭിനന്ദനങ്ങൾ നേരുന്നതായി മന്ത്രി പറഞ്ഞു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സോജയെ പുരസ്കാരം നൽകി ആദരിച്ചു. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദാരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ തുടങ്ങിയവർ പങ്കെടുത്തു.
കായിക ലോകത്തേക്കുള്ള സോജയുടെ ആദ്യ ചുവടുവയ്പ് അത്ലറ്റിക്സിന് പേരുകേട്ട കോരുത്തോട് സികെഎം സ്കൂളിൽ നിന്നായിരുന്നു. ദ്രോണാചാര്യ അവാർഡ് ജേതാവും പ്രശസ്ത അത്ലറ്റിക്സ് പരിശീലകനുമായ കെ.പി. തോമസ് മാഷിന്റെ ആദ്യകാല ശിഷ്യരിൽ ഒരാളാണ് സോജ.
നിലവിൽ കെഎസ്എഫ്ഇ പൂജപ്പുര ബ്രാഞ്ചിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റും ഐ ടെൻ റണ്ണേഴ്സ് ക്ലബിലെ സജീവ അംഗവുമാണ് സോജ.
സിയാവുദ്ദീൻ - പരേതയായ ഹസീന ദമ്പതികളുടെ മകളാണ്. ഭർത്താവ് ഷാംനാദും മകൻ അസീം ഷായും സോജയുടെ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.