കാഞ്ഞങ്ങാട്: രാത്രിയിൽ പാതയോരത്തുനിന്ന് ഫോണിൽ സംസാരിച്ചുനിൽക്കേ യുവാവിന്റെ കാലിൽ ചുറ്റിപ്പിടിച്ച് പെരുമ്പാമ്പ്. മനസ്സാന്നിധ്യം വിടാതെ യുവാവ് പാമ്പിനെ കുടഞ്ഞുമാറ്റി പിടികൂടി ചാക്കിൽ കെട്ടി. ഒരു തവണ പാമ്പ് ചാക്കിൽനിന്നു രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ സുരക്ഷിതമായി എത്തിച്ച് മാവുങ്കാൽ പുതിയകണ്ടത്തെ മണികണ്ഠൻ താരമായി.
സ്വന്തം നിലയിൽ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി ഓട്ടോറിക്ഷയിൽ ഫോറസ്റ്റ് ഓഫീസിലെത്തിച്ചിട്ടും വണ്ടിക്കൂലി പോലും കിട്ടാതിരുന്നതിൽ മണികണ്ഠന് ചില്ലറ പരിഭവമുണ്ട്. എങ്കിലും പെരുമ്പാമ്പിനെ ഉപദ്രവിച്ചുവെന്നു പറഞ്ഞ് കേസൊന്നും എടുത്തില്ലല്ലോ എന്ന കാര്യത്തിൽ ആശ്വാസം.
ഞായറാഴ്ച രാത്രി 10 ഓടെ മാവുങ്കാൽ കുശവൻകുന്നിൽ സംസ്ഥാനപാതയോരത്തായിരുന്നു സംഭവം. ഒരാളിനേക്കാൾ നീളവും 20 കിലോയോളം തൂക്കവുമുള്ളതായിരുന്നു പെരുമ്പാമ്പ്. കുടഞ്ഞുകളഞ്ഞിട്ടും പാമ്പ് അധികമൊന്നും അനങ്ങാതെ പാതയോരത്തു കിടക്കുകയായിരുന്നു.
വയർ വീർത്ത നിലയിലുമായിരുന്നു. അവിടെത്തന്നെ ഉപേക്ഷിച്ചുപോയാൽ സംസ്ഥാനപാതയിൽ വണ്ടിയിടിച്ചു ചാകാനിടയുണ്ടെന്നു തോന്നിയതോടെയാണ് മണികണ്ഠൻ പാമ്പിനെ ചാക്കിലാക്കിയത്. നേരം പുലർന്ന ശേഷം വനംവകുപ്പിന് കൈമാറാമെന്നു കരുതി ചാക്കുകെട്ട് സ്വന്തം വീട്ടിലെത്തിച്ച് സൂക്ഷിച്ചു.
വായു കടക്കാനായി ചാക്കിൽ നേരിയ വിടവും ഉണ്ടാക്കിയിരുന്നു. പുലർച്ചെ മൂന്നോടെ എഴുന്നേറ്റു നോക്കിയപ്പോൾ ചാക്കിനുള്ളിൽ പാമ്പിനെ കണ്ടില്ല. ഇതോടെ പരിഭ്രാന്തിയായി. പാമ്പിനെ എടുത്ത് വീട്ടിലെത്തിച്ചത് അബദ്ധമായോ എന്ന ചിന്തയായി.
സമീപത്തുള്ള സുഹൃത്തുക്കളെ വിളിച്ച് വീണ്ടും തെരഞ്ഞപ്പോൾ മുറിയുടെ ചുവരിലെ എയർ ഹോളിൽ പതുങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടെത്തി. മുറിക്കുള്ളിലെ കേബിൾ വഴിയാകാം എയർ ഹോളിലേക്ക് കയറിയതെന്ന് കരുതുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ വീണ്ടും ചാക്കിലാക്കിയാണ് രാവിലെ വനംവകുപ്പ് ഓഫീസിലെത്തിച്ചത്.