NRI
വാഷിംഗ്ടൺ ഡിസി: യുഎസിൽ ഇന്ത്യൻ പൗരൻ പോലീസിന്റെ വെടിയേറ്റ് മരിച്ചു. തെലുങ്കാന സ്വദേശി മുഹമ്മദ് നിസാമുദ്ദീനാണ് മരിച്ചത്. ഈ മാസം മൂന്നിനാണ് സംഭവം നടന്നത്.
സാന്താ ക്ലാരയിലെ വീട്ടിൽ കത്തിയുമായി കണ്ടെത്തിയതിനെ തുടർന്നാണ് നിസാമുദ്ദീനെ വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്. ഒപ്പം താമസിച്ചിരുന്നയാളെ നിസാമുദ്ദീൻ ആക്രമിച്ചതായും ഇയാളെ കെട്ടിയിട്ട നിലയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
അതേസമയം, നിസാമുദ്ദീൻ നിരപരാധിയാണെന്നും വംശീയ പീഡനം നേരിട്ടിരുന്നുവെന്നും നിസാമുദ്ദീന്റെ കുടുംബം പറഞ്ഞു. പോലീസിനെ സഹായത്തിനായി വിളിച്ചത് നിസാമുദ്ദീനാണെന്നും കുടുംബം കൂട്ടിച്ചേർത്തു.
ഫ്ലോറിഡയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അധികാരം നൽകിയതോടെ ജൂലൈ വരെ 4,734 എണ്ണത്തിനെ വെടിവച്ചു കൊന്നെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലക്കാട്ടാണ് കൂടുതൽ പന്നികളെ കൊന്നത് -1457. മലപ്പുറത്ത് -826, തിരുവനന്തപുരം -796 പന്നികളെയും കൊന്നു.
നാടൻ കുരങ്ങുകളെ 1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഒന്നാം പട്ടികയിലുൾപ്പെടുന്നതിനാൽ എണ്ണം നിയന്ത്രിക്കാൻ പരിമിതിയുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രാനുമതി തേടി. കർമ്മപദ്ധതിയും തയാറാക്കി വരുന്നു.
വന്യമൃഗങ്ങളാൽ ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബത്തിന് നിലവിൽ നൽകുന്ന പത്തുലക്ഷം രൂപ നഷ്ടപരിഹാരം ഇരട്ടിയാക്കുന്നത് സർക്കാർ പരിശോധിച്ചുവരികയാണ്. വനത്തിന് പുറത്ത്നിന്നുള്ള പാമ്പുകടി, തേനീച്ച, കടന്നൽ കുത്ത് മൂലമുള്ള ജീവഹാനിക്ക് നഷ്ടപരിഹാരം നാല് ലക്ഷം രൂപയായി വർധിപ്പിച്ചുവെന്നും മന്ത്രി സഭയെ അറിയിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് മരിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്.
31 കാരനായ അദ്ദേഹം ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്. മരണവാര്‍ത്ത ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ചാർളി കിർക്ക്. ഏറെ പ്രചാരമുള്ള പോഡ്കാസ്റ്റുകളുടെ അവതാരകനാണ് അദ്ദേഹം.
തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. വെടിവെച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ ഇയാളല്ല പ്രതിയെന്ന് പോലീസ് അറിയിച്ചു. യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ സംസാരിക്കുന്ന ചാര്‍ലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.